Thursday, November 19, 2015

പ്രദക്ഷിണ വഴികള്‍ (ചെറു കഥ )

സ്റ്റോക്ക്‌ ലിസ്റ്റിലെ അവസാനത്തെ ഐറ്റവും കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്തു കഴിഞ്ഞു ഒരു നിശ്വാസം വിട്ടുകൊണ്ട് ഗായത്രി വാച്ചിലേക്ക് നോക്കി .. സമയം പന്ത്രണ്ടര .. വിശപ്പ്‌ കുറേശ്ശെ ആയി തുടങ്ങിയിരിക്കുന്നു .. ലഞ്ചു ബ്രേക്കിന് അരമണി ക്കൂര്‍  കൂടി ബാക്കി ഉണ്ട് ... അവള്‍ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്തു .. ഒരുപാട് ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നു കിടപ്പുണ്ട് . അതാരോക്കെ എന്ന് ഒന്ന് നോക്കി യപ്പോള്‍ ഒരു പേരില്‍ കണ്ണുകള്‍ ഉടക്കി ...

"മധു കരുവാത്ത്" ...

ആ പേര് വായിചപ്പോള്‍ തന്നെ അവള്‍ ഒന്ന് വിറച്ചു .. കയ്യ് വിയര്‍ത്തു ..കുറച്ചു നേരം ആ പേരിലേക്ക് തന്നെ നോക്കി ഇരുന്നു. പിന്നെ പ്രൊഫൈല്‍ നോക്കി ..

ഫോട്ടോ ഉണ്ട് .. കുറച്ചു കഷണ്ടി ആയ ഒരു ഫോട്ടോ .. പെട്ടന്ന് മനസ്സിലാകില്ല .. പക്ഷെ ആ കണ്ണുകള്‍ .. ഹൃദയത്തിനും  അപ്പുറത്തേക്ക് ചൂഴ്ന്നിറങ്ങുന്ന ആ കണ്ണുകള്‍ ..

അവള്‍ ഫ്രെണ്ട് റിക്വസ്റ്റു ആക്സെപ്റ്റ് ചെയ്തു..

കുറച്ചു സെക്കണ്ടുകള്‍ക്ക്‌ ശേഷം ഇന്‍ബോക്സില്‍ .. ഒരു മെസ്സേജ് ..

ഹായ് .. ഗായികുട്ടീ .....

ഈശ്വരാ.. അവള്‍ക്ക് കരച്ചില്‍ വന്നു ..

ഗായികുട്ടി എന്ന അതെ വിളി ... കാതില്‍ ഇമ്പമായി വന്നു ഹൃദയത്തില്‍ നിറഞ്ഞു നിന്നിരുന്ന വിളി ..

""എന്താടോ .. താന്‍ സ്വപനം കാണുവാണോ .. എന്താ മിണ്ടാത്തെ""... അടുത്ത മെസ്സേജ് ...

ഒന്നും മിണ്ടാന്‍ ആവുമായിരുന്നില്ല അവള്‍ക്ക് .. ടൈപ്പ് ചെയ്യാന്‍ കൈകള്‍ക്ക് ശക്തി ചോര്‍ന്നത്‌ പോലെ തോന്നി ...

ഇരുപത്തി രണ്ടു വര്ഷം  മുന്പ് കണ്ടതാ ...കണക്കുകള്‍കൂട്ടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല അവള്‍ക്ക്....

'ഞാന്‍ ഇനി നിങ്ങളുടെ മകളുമായി കാണുകയോ , സംസാരിക്കുകയോ ഇല്ല "എന്ന് അമ്പലത്തിലെ നടയില്‍ നിന്ന് സത്യം ചെയ്തു പോയ ആ ദിവസം മുതല്‍ ...

ഓര്‍മകള്‍ക്ക് ഒരിക്കലും മങ്ങല്‍ ഏറ്റിട്ടില്ല ....

സത്യം ചെയ്തതല്ല .. ചെയ്യിച്ചതാണ് ... അതും തല്ലി ചതച്ചു ജീവ ച്ചവം ആക്കി ...

ഒരു കൊടുംകാറ്റു പോലെ തന്‍റെ മുന്നിലേക്ക്‌ ഓടി വന്നു കിതച്ചുകൊണ്ട് അമ്മ ചോദിച്ചു ...

നീയും അവനും തമ്മില്‍ എന്താടീ ബന്ധം ? ആരെകുറിച്ചാണ് അമ്മയുടെ ചോദ്യം എന്ന് അറിയാം .. എന്നാലും ചോദിച്ചു ..

ആര് ?

നിനക്കറിയില്ലേ .. അവന്‍ .. ആ തെണ്ടി ...

കീഴ് ജാതിക്കാരന്‍ ആയ മധുവിനോടുള്ള പുച്ചവും വെറുപ്പും അമ്മയുടെ വാക്കുകളില്‍ .

ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്ന തലമുടിയില്‍ കുത്തിപിടിച്ച്‌ അമ്മ ചീറി..
കോളേജില്‍ പറഞ്ഞയച്ചത് പ്രേമിക്കനല്ല .. പഠിക്കാന്‍ ആണ് .. എന്നിട്ട് അവള്‍ പ്രേമിച്ചതോ ...

എന്താടീ മിണ്ടാത്തെ .. ? നിനക്ക് അവനെ ഇഷ്ടം ആണോ ? ..

ഉം ...

ആ മൂളല്‍ .. അത് കേട്ട ഉടനെ അമ്മക്ക് ഭ്രാന്ത് ആയതുപോലെ ..

എടീ.. .. മുടിക്ക് ചുറ്റിപിടിച്ചു തല ചുമരില്‍ ഇടിച്ചു .. വലിച്ചു കൊണ്ടുപോയി റൂമില്‍ കട്ടിലിലേക്ക് തള്ളി .. വാതില്‍ പുറത്തേക്കു കുറ്റിയിട്ടു അമ്മ പോയി ...

പിന്നെ വിശപ്പിന്‍റെ , പീഡന ത്തിന്‍റെ ദിനങ്ങള്‍ ... ഒരമ്മക്ക് ഇത്ര ക്രൂര ആവാന്‍ കഴിയുമോ എന്ന് തോന്നിയ നിമിഷങ്ങള്‍..

ഇവര്‍ തന്‍റെ അമ്മ അല്ലാ എന്ന് തോന്നിപോയ കാര്യങ്ങള്‍ ...

വല്ലാതെ വിശന്നു ചുരുണ്ട് കൂടി കിടന്നപ്പോള്‍ ഒരു കിണ്ണ ത്തില്‍ ചോറ് കൊണ്ടുവന്നു തന്നു .. വാരി വലിച്ചു തിന്നുമ്പോള്‍ വായില്‍ അരുചി തോന്നി.. സംശയത്തോടെ അമ്മയെ നോക്കിയപ്പോള്‍ ...

വിഷം ആണെടീ .. നീ ചാവ് എന്ന് പറഞ്ഞ അമ്മ. കുടിക്കാന്‍ ഉപ്പുവെള്ളം കലക്കി തന്നവര്‍ ..

തമിഴ് നാട്ടില്‍ ജോലിക്ക് പോയിരുന്ന അച്ഛന്‍ വന്നപ്പോള്‍ ആണ് ആ റൂമില്‍ നിന്നും മോചനം കിട്ടിയത് . അച്ഛന്‍ എല്ലാ വിവരവും ചോദിച്ചു മനസ്സിലാക്കി .. തന്നെ ചേര്‍ത്ത് നിറുത്തി പറഞ്ഞു ..

സാരല്ല്യാട്ടോ .. അച്ഛന്‍റെ നെഞ്ചില്‍ തല ചേര്‍ത്ത് കുറെ കരഞ്ഞു ..

അന്ന് വൈകീട്ട് അമ്മ പറഞ്ഞു .. അമ്പലത്തില്‍ പോണം എന്ന് ..
തനിക്കും തോന്നി.. ..മനസ്സിനു സമധാനം കിട്ടാന്‍ .... ഇത്രയും ദിവസം ഒരു റൂമില്‍ ആകെ അവശ നിലയില്‍..
..

വൈകീട്ട് അച്ഛനും അമ്മയ്ക്കും ഒപ്പം അമ്പലത്തില്‍ .. നടയില്‍ ചെന്ന് കണ്ണടച്ച് തൊഴുതു ... പ്രദക്ഷിണം വെക്കാന്‍ തുടങ്ങുമ്പോള്‍ >>

കുറച്ചു മാറി .. മധു .. കൂടെ രണ്ടു മൂന്നു പേര്‍ ..

അച്ഛന്‍ കൈകൊണ്ടു ആഗ്യം കാണിച്ചപ്പോള്‍ അവര്‍ മധുവിനെ നടയിലേക്കു കൊണ്ട് വന്നു ..

മധു തന്നെ നോക്കിയതെ ഇല്ല .. താന്‍ മധുവിനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി..

മുഖം എല്ലാം വീര്‍ത്തു ആകെ അവശ നിലയില്‍ ആണ് . നന്നായി അടി കിട്ടിയ നിലയില്‍..

തന്‍റെ ശരീരം ആകെ തളരു ന്നതു പോലെ തോന്നി ...

പൂജാരിയുടെ മുന്നില്‍ .. മധുവിനോട് പറയാന്‍ അച്ഛന്‍ കല്പിക്കുന്നത് കേട്ടു

"ഞാന്‍ ഇനി നിങ്ങളുടെ മകളുമായി കാണുകയോ , സംസാരിക്കുകയോ ഇല്ല
ഇത് സത്യം , സത്യം, സത്യം ..""

അത്രയും കേട്ടതെ ഓര്‍മയുള്ളൂ .. പിന്നെ ബോധം വരുമ്പോള്‍ വീട്ടില്‍ പഴയ റൂമില്‍ തന്നെ ആണ്...

കാലം എത്ര വേഗമാണ് കഴിഞ്ഞു പോയത് ...

വിവാഹം.. ഭര്‍ത്താവ്. പ്രസവം. മകള്‍..ജോലി ..


ഗായത്രി മോണിട്ടറിലെ ക്ക് നോക്കി .അതിന്‍റെ സ്ക്രീന്‍ ഡിസ്പ്ലേ ഓഫ്‌    ആണ് .. മൌസ് ഒന്ന് ഇളക്കിയപ്പോള്‍ മോണിട്ടര്‍ തെളിഞ്ഞു വന്നു ..

ഇന്‍ബോക്സില്‍ മധുവിന്‍റെ മെസ്സേജ് ..

"എന്താ .. എന്നെ അറിയില്ലേ.. മറന്നു പോയോ" ...

എന്താണ് പറയേണ്ടത് എന്നറിയാതെ കുഴങ്ങി...

അവള്‍ തളര്‍ച്ചയോടെ മെസ്സേജു ടൈപ് ചയ്തു...

"മധുവേട്ടാ... മറന്നിട്ടില്ല .. മറക്കുകയും ഇല്ല.."

"മാപ്പ് .. എല്ലാറ്റിനും മാപ്പ് "

മനസ്സില്‍ അപ്പോഴും അമ്പല നടയില്‍ വെച്ച് കണ്ട മധുവിന്‍റെ രൂപം ഒരു നീറ്റലായി അങ്ങിനെ നിന്നു ...കണ്ണില്‍ ഉരുണ്ടുകൂടിയ കണ്ണീര്‍ തുടച്ചു കൊണ്ട് കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു സീറ്റിലേക്ക് ചാരി കിടന്നു ...

അപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്തു .. ഭര്‍ത്താവാണ് ...
ഫോണ്‍ ഓണ്‍ ആക്കി .ചെവിയില്‍ ചേര്‍ത്തു ..

"അതേ .. ഓഫീസില്‍ നിന്നും ഇറങ്ങിക്കോ.. ബസ്സുകള്‍ പണി മുടക്കിലാ .. എന്തോ പെട്ടെന്ന് ഉണ്ടായ സംഘര്‍ഷം.. ഞാന്‍ അതിലെ വരാം ...നമുക്ക് ഒരുമിച്ചു വീട്ടിലേക്കു പോവാം "...

ബോസിനോട് പറഞ്ഞു .ബാഗും കുടയും എടുത്തു .... വിശപ്പ് ചത്തിരുന്നു ..ചോറുപാത്രം അതേപടി എടുത്തു നിരത്തിലേക്ക് ഇറങ്ങി.. ആളുകള്‍ തലങ്ങും വിലങ്ങും പായുന്നു..

ഭര്‍ത്താവിനെ കാത്തു നിരത്തുവക്കില്‍ നില്‍കുമ്പോള്‍ മുഷിഞ്ഞ വേഷം ധരിച്ച വൃദ്ധയായ ഒരു സ്ത്രീ മുന്നില്‍ വന്നു കൈ നീട്ടി..

ഒരു നിമിഷം ആലോചിച്ചു .. പിന്നെ ബേഗില്‍ നിന്നും  ചോറ്റ് പാത്രം എടുത്തു ചോറ് അവര്‍ക്ക് നീട്ടി..

അവര്‍ സന്തോഷത്തോടെ അത് വാങ്ങി..മുഷിഞ്ഞ ചേല തുമ്പിലേക്ക് കൊട്ടി  തിരിച്ചു പാത്രം മേടിച്ചു ബാഗില്‍ ഇട്ടപ്പോഴെക്കും ഭര്‍ത്താവ് വന്നു..

ഭര്‍ത്താവിന്‍റെ കൂടെ സ്കൂട്ടറില്‍ കയറി .. വണ്ടി മുന്നോട്ട് നീങ്ങി യപ്പോള്‍ ആ വൃദ്ധയായ സ്ത്രീയെ തിരിഞ്ഞു നോക്കി .. അവര്‍ അപ്പോഴും തൊഴു കയ്യോടെ നില്കുകയായിരുന്നു ...


Tuesday, November 17, 2015

കാനന വാസൻ

കാനന വാസൻ
------------------------------------
ഇനി ശബരിമല തീർത്ഥാടനക്കാലം. തമിൾനാട്, കർണാടകം, ആന്ധ്ര, വടക്കേ ഇന്ത്യ ഇവിടെ നിന്നും എല്ലാം നല്ലൊരു ശതമാനം ആൾക്കാരും ഞങ്ങളുടെ റോഡിൽ കൂടിയാണ് പോകുന്നത്. നല്ല തിരക്കാകും. ദൂരെ നിന്നും വരുന്നവർ പല സ്ഥലങ്ങളും സന്ദർശിച്ചുകൊണ്ടാണ്‌ യാത്ര.  ഇന്നത്തെപ്പോലെ എളുപ്പമായിരുന്നില്ല പണ്ടത്തെ ശബരിമല തീർത്ഥാടനം.

ഞാൻ ആദ്യം മലക്ക് പോകുന്നത് 1956 ൽ. എനിക്ക് പ്രായം 9 വയസ്സ്. അക്കാലത്ത് മകരം ഒന്നിന് മാത്രമേ അവിടെ പൂജയുള്ളൂ. ദൂര സ്ഥലങ്ങളിൽ നിന്നൊന്നും അന്ന് ആരും വരാറില്ല. രണ്ടു മാസത്തെ കഠിന വൃതം എടുത്താണ് മല ചവുട്ടുന്നത്. പടുക്ക, കെട്ടുമുറുക്ക് തുടങ്ങിയ ചടങ്ങുകൾ നടത്തും.. അന്ന്  സംഘങ്ങളായാണ് പോകുന്നത്. പെരിയസ്വാമി ആയിരിക്കും ലീഡർ. പെരിയസ്വാമി നിർദേശിക്കുന്നത് എല്ലാവരും അനുസരിച്ചേ മതിയാവൂ. കർശനമായ അച്ചടക്കം പാലിക്കണം. അനുസരണകേട്‌ കാട്ടിയാൽ ദക്ഷിണ വയ്ക്കണം. അതാണ്‌ ശിക്ഷ. കെട്ട് മുറുക്കുന്നതും തലയിലേറ്റി തരുന്നതും എല്ലാം പെരിയ സ്വാമിയാണ്. മുതിന്നവർക്കും  പെരിയ സ്വാമിക്കും എല്ലാം ദക്ഷിണ കൊടുത്താണ് ഇരുമുടി ഏറ്റുന്നത്. ഇരുമുടികെട്ടു എന്നാൽ ശരിക്കും ചുമട് തന്നെയാണ്. യാത്രക്ക് ആവശ്യമുള്ളതെല്ലാം. പായ, പാത്രങ്ങൾ,  മണ്ണെണ്ണ,  റാന്തൽ വിളക്ക്, പിച്ചാത്തി, കോടാലി, അരി, അച്ചാർ, ചമ്മന്തിപൊടി, പപ്പടം, ഉപ്പേരി, അവലേസു  പൊടി, തേങ്ങ, കൂടാതെ പമ്പ സദ്യക്കുള്ളതെല്ലാം കരുതിക്കൊണ്ടാണ് പോകുന്നത്. കൊണ്ട് പോകുന്നതിൽ കുറച്ചു തിരിച്ചു കൊണ്ട് വരികയും വേണം. വീട്ടിൽ  ഇരിക്കുന്നവർക്കുള്ള പ്രസാദം ആണത്.   കന്നി അയ്യപ്പന്മാർക്ക് ചുമടിന് അല്പം ഇളവുണ്ടാവും.  അന്ന് കടകളൊന്നും ഉണ്ടായിരിന്നില്ല.  ആഹാരമെല്ലാം പാചകം ചെയ്യുകയായിരുന്നു.. വിറകെല്ലാം കാട്ടിൽ നിന്നും ശേഖരിക്കും. വെള്ളം ഉള്ള സ്ഥലം നോക്കിയായിരിക്കും ക്യാമ്പ് ചെയ്യുക.

എരുമേലി വഴിയാണ് പോകുന്നത്. ധാരാളം പ്രൈവറ്റ് ബസ്സുകൾ എരുമേലിക്കു സർവീസ് നടത്തുമായിരുന്നു. എരുമേലിയിൽ പെട്ട തുള്ളൽ ഉണ്ട്. വാവരു സ്വാമിയുടെ പള്ളിയിൽ നിന്നുമാണ് പേട്ട തുള്ളൽ തുടങ്ങുന്നത്. ശരീരം മുഴുവൻ പല നിറത്തിലുള്ള ചായം തേച്ചു ശരണം വിളിച്ചു കൊണ്ട് ക്ഷേത്രം വരെ പോകും. പേ ട്ട തുള്ളൽ കഴിഞ്ഞ് അവിടുന്നു മല ചവുട്ടാൻ തുടങ്ങും.

എരുമേലിയിൽ നിന്നും പമ്പ വരെ ഏതാണ്ട്  31 മൈൽ( 50 Km) ദൂരമുണ്ട്. വളരെ ദുർഘടമായ വഴിയായിരുന്നു.  മൂന്നു നാലു  ദിവസം കൊണ്ടാണ് പമ്പയിൽ എത്തുന്നത്‌. ഇടയ്ക്കു പല സ്ഥലത്തും ക്യാമ്പ് ചെയ്യും. രാത്രിയിൽ മുതിർന്ന അയ്യപ്പന്മാർ ഷിഫ്റ്റ്‌ വച്ചു ഉറക്കമിളച്ചിരിക്കും. എന്തെങ്കിലും ശബ്ദം കേട്ടാൽ പാട്ട കൊട്ടി ശരണം വിളിക്കും. എരുമേലിയിൽ നിന്നും കാൽനടയായി ആദ്യ ദിവസം  പേരൂർ തോടു വഴി   കാളകെട്ടിയിലെത്തുന്നു. കാളകെട്ടിയിൽ ചെറിയ ഒരു ക്ഷേത്രമുണ്ട്. അവിടെ നിന്നും അഴുതാ നദിക്കരയിലെത്തി വിശ്രമം. അഴുതയിൽ വിരി വയ്കുമ്പോൾ മുതിർന്നവർ വിറകു വെട്ടാനും വെള്ളം കൊണ്ട് വരാനും പോയപ്പോൾ ഞങ്ങൾ കുട്ടികളും കൂടെ കൂടി. അവിടെ അരുവിയുടെ തീരത്തു ആനപ്പിണ്ടം കിടക്കുന്നത് കണ്ടു. ഞങ്ങൾ മാറി നിന്ന് വെള്ളത്തിൽ കല്ലെടുത് എറിഞ്ഞു കളിച്ചുകൊണ്ടിരുന്നു. മുതിർന്നവരെല്ലാം പോയതും അവർ ഞങ്ങളെ അന്വേഷിച്ചു നടന്നതും ഞങ്ങൾ അറിഞ്ഞില്ല. ഇരുട്ടിക്കഴിഞ്ഞപ്പോഴാണ് അവർ ഞങ്ങളെ കണ്ടെത്തിയത്. അതിന്റെ ടെൻഷൻ കാരണം ഞങ്ങൾക്കെല്ലാം ചെറിയ ശിക്ഷകൾ കിട്ടി. 
അടുത്തദിനം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ നടന്നു കല്ലിടാംകുന്നിലെത്തുന്നു.  അഴുതയിൽ നിന്നെടുത്ത കല്ല്‌ ഇവിടെ ഇടണം. . അന്ന് രാത്രി മുക്കുഴിയിലെത്തി വിരി വച്ച് കിടന്നു.. . പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തി. അവിടെ നിന്നും  കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ നിന്നും  ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ കഴിഞ്ഞു പമ്പാ നദിക്കരയിലെത്തി.



പമ്പയിൽ ക്യാമ്പ് ചെയ്യുന്ന ദിവസം ഈറയും ഇലകളും  മറ്റും കൊണ്ട് പർണശാല കെട്ടി. ഉച്ചക്ക് പമ്പസദ്യയും രാത്രി പമ്പവിളക്കും... പമ്പയിൽ നിന്നും സന്നിധാനം വരെ കാട്ടുവഴി പോലെയായിരുന്നു. (ഇപ്പോൾ പടികളും കോണ്‍ക്രീറ്റ് വഴികളും ഒക്കെയായി).  വലിയ ചിറകുള്ള മരങ്ങളും, മൃഗങ്ങളുടെ കരച്ചിലും എല്ലാം ഓർക്കുന്നു. സന്നിധാനത്തിൽ ചെന്നാൽ പർണശാല  കെട്ടി വിരി വയ്ക്കും. അന്ന് സന്നിധാനത്തിൽ ചുറ്റുമായ്‌ കിടങ്ങുണ്ടായിരുന്നു. ആന കേറാതിരിക്കാൻ. അതിനുള്ളിലായിരുന്നു എല്ലാവരും വിരി വച്ചിരുന്നത്. അത്രമാത്രം ആൾക്കാരെ ഉണ്ടാകൂ. അന്ന് ദൂരെ ദേശങ്ങളിൽ നിന്നൊന്നും ആളുകള് വന്നിരുന്നില്ല. പോന്നമ്പലമെട്ടിലെ വിളക്കിനെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അന്നാരും അത് ശ്രദ്ധിക്കാറില്ല

 
ആദ്യം പോയപ്പോഴുണ്ടായ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല പിന്നീട് പല പ്രാവശ്യം പോയിട്ടുണ്ട്. പമ്പ വരെ ബസ്സിൽ പോയി മല കയറിയിട്ടുണ്ട്. വണ്ടിപെരിയാർ പുല്ലുമേടു വഴി പോയിട്ടുണ്ട്. പുല്ലുമേട്ടിൽ നിന്നുള്ള കാഴ്ച മനോഹരം. പുല്ലുമെട്ടിൽ നിന്നാൽ ശബരിമല ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കാണാം.. ഇപ്പോഴെല്ലാം വളരെ വ്യത്യാസങ്ങൾ വന്നു. അനേകം കെട്ടിടങ്ങൾ. ഫ്ലൈ ഓവറുകൾ, കോണ്‍ക്രിറ്റ് പാതകൾ. പഴയകാല അനുഭവങ്ങൾ ഇനീ കിട്ടില്ല.

ഞാൻ അവസാനമായി ശബരിമലക്കു പോയത് 25 വർഷം മുൻപാണ്. അന്നെടുത്ത കുറച്ചു ഫോട്ടൊകളാണിത്. ഒരു തുലാ മാസം ഒന്നിനാണ്. ഞാനും അമ്മയും സഹോദരനും പിന്നെ മക്കളും ഉണ്ടായിരുന്നു. അന്ന് ഒട്ടും തന്നെ തിരക്കില്ലായിരുന്നു. പോകുന്ന റോഡു വിജനമായിരുന്നു. ചിലയിടത്ത് മരം വീണു കിടന്നത് ആരോ വെട്ടി മാറ്റിയിട്ടുണ്ട്.


പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുന്ന വഴിയും വിജനമായിരുന്നു. ആനക്കാടാണെന്ന ഭയം എനിക്കുണ്ടായിരുന്നെങ്കിലും കുട്ടികളെ ഭയപ്പെടുത്തണ്ട എന്ന് കരുതി പറഞ്ഞില്ല. പോകുന്ന വഴി ഒരു തെലുങ്ക്‌ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടായിരുന്നു. അതെല്ലാം കണ്ടു വളരെ ആസ്വദിച്ചാണ് ഞങ്ങൾ കയറിയത്. ക്ഷേത്രവും പരിസരവും എല്ലാം തീർത്തും വിജനമായിരുന്നു.  ഞങ്ങൾ തിരിച്ചു പമ്പയിൽ വന്നു കുളിച്ചുകൊണ്ടിരുന്നപ്പോൾ  പെട്ടെന്ന് ഭയങ്കര മഴ. ആകെ നനഞ്ഞു. ഒരു വിധത്തിൽ  ഇക്കരെയെത്തി. ആ യാത്ര എന്നും  മനസ്സിൽ. തങ്ങി നിൽക്കുന്നു

 
ഒരിക്കൽ മകര വിളക്ക്  ദിവസം പൊന്നമ്പലമേട്ടിൽ പോകാനും അവിടെ ദീപം തെളിക്കുന്നുത് നേരിട്ട് കാണാനും ഇടയായി.. 33 വര്ഷം മുൻപ്. ഇപ്പോൾ അവിടെ ആരെയും കടത്തിവിടുന്നില്ല എന്ന് തോന്നുന്നു. പൊന്നമ്പലമേട്ടിൽ നിന്നും നോക്കിയാൽ ശബരിമല അമ്പലവും പരിസരവും ചെറിയ മോഡൽ വച്ച പോലെ മനോഹരമായി കാണാം. പമ്പയിലെ ടോപ്‌ സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്തിരിക്കുന്നതും. സന്ധ്യക്ക്‌ ലൈറ്റ് തെളിയുമ്പോൾ വളരെ മനോഹരമാണ്. അമ്പലമാകെ പ്രകാശിക്കുന്നത് പോലെ. പമ്പയിൽ നിന്നും സന്നിധാനം വരെയുള്ള വഴിയിലെ ലൈറ്റും ഇടക്കിടെയായി കാണാം.

 
നമ്മുടെ നാടിന്റെ അഭിമാനമാണ് ശബരിമല. കേരളത്തിലെ ജനസംഖ്യയെക്കാൾ    കൂടുതൽ ആളുകൾ രണ്ടു മാസത്തിനുള്ളിൽ ശബരിമലയിൽ വരുന്നുണ്ടെന്നു പേപ്പറിൽ വായിച്ചു. ക്ഷേത്രത്തിലെ വരുമാനം കൂടാതെ വളരെ ആൾക്കാരും സ്ഥാപങ്ങളും ശബരിമല തീർത്ഥാടനത്തെ ആശ്രയിക്കുന്നു. പക്ഷെ ഈ തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ അവിടെയില്ല. കാട്ടുവഴിയിൽ മഴയും തണുപ്പുമേറ്റ് അനേകം മണിക്കൂറുകൾ കാത്തു  നില്ക്കേണ്ടി വരുന്നു.  അപകടങ്ങൾ  ഉണ്ടാകുന്നു.  കഷ്ടതകളും അപകടവും ഇല്ലാതെ തീർത്ഥാടനം നടത്തി തിരിച്ചു പോകാനുള്ള സൗകര്യങ്ങൾ ചെയ്യണം.. എത്രയോ ദൂരെ നിന്നും കഷ്ടപ്പെട്ട് യാത്ര ചെയ്തു വരുന്ന തീർത്ഥാടകർക്കു നാം മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കണ്ടതല്ലേ ?   -എല്ലാ മതസ്ഥരെയും വ്യത്യാസമില്ലാതെ സ്വാഗതം ചെയ്യുന്ന ഈ പുണ്യസ്ഥലം നമുക്ക്‌ അഭിമാനമാണ് …….….



തത്വമസി”  ---( താ ത്വം അസി) അത് നീ തന്നെ……. നിന്നെ തന്നെയാണ് നീ അന്വേഷിച്ചു നടക്കുന്നത്….  ….നിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും നിന്റെ ഉള്ളിൽ തന്നെയുണ്ട്….. നീ തന്നെ ദൈവം……. അഹം ബ്രഹ്മാസ്മി……

 







\