Thursday, November 19, 2015

പ്രദക്ഷിണ വഴികള്‍ (ചെറു കഥ )

സ്റ്റോക്ക്‌ ലിസ്റ്റിലെ അവസാനത്തെ ഐറ്റവും കമ്പ്യൂട്ടറിലേക്ക് ഫീഡ് ചെയ്തു കഴിഞ്ഞു ഒരു നിശ്വാസം വിട്ടുകൊണ്ട് ഗായത്രി വാച്ചിലേക്ക് നോക്കി .. സമയം പന്ത്രണ്ടര .. വിശപ്പ്‌ കുറേശ്ശെ ആയി തുടങ്ങിയിരിക്കുന്നു .. ലഞ്ചു ബ്രേക്കിന് അരമണി ക്കൂര്‍  കൂടി ബാക്കി ഉണ്ട് ... അവള്‍ ഫേസ് ബുക്ക്‌ ലോഗിന്‍ ചെയ്തു .. ഒരുപാട് ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നു കിടപ്പുണ്ട് . അതാരോക്കെ എന്ന് ഒന്ന് നോക്കി യപ്പോള്‍ ഒരു പേരില്‍ കണ്ണുകള്‍ ഉടക്കി ...

"മധു കരുവാത്ത്" ...

ആ പേര് വായിചപ്പോള്‍ തന്നെ അവള്‍ ഒന്ന് വിറച്ചു .. കയ്യ് വിയര്‍ത്തു ..കുറച്ചു നേരം ആ പേരിലേക്ക് തന്നെ നോക്കി ഇരുന്നു. പിന്നെ പ്രൊഫൈല്‍ നോക്കി ..

ഫോട്ടോ ഉണ്ട് .. കുറച്ചു കഷണ്ടി ആയ ഒരു ഫോട്ടോ .. പെട്ടന്ന് മനസ്സിലാകില്ല .. പക്ഷെ ആ കണ്ണുകള്‍ .. ഹൃദയത്തിനും  അപ്പുറത്തേക്ക് ചൂഴ്ന്നിറങ്ങുന്ന ആ കണ്ണുകള്‍ ..

അവള്‍ ഫ്രെണ്ട് റിക്വസ്റ്റു ആക്സെപ്റ്റ് ചെയ്തു..

കുറച്ചു സെക്കണ്ടുകള്‍ക്ക്‌ ശേഷം ഇന്‍ബോക്സില്‍ .. ഒരു മെസ്സേജ് ..

ഹായ് .. ഗായികുട്ടീ .....

ഈശ്വരാ.. അവള്‍ക്ക് കരച്ചില്‍ വന്നു ..

ഗായികുട്ടി എന്ന അതെ വിളി ... കാതില്‍ ഇമ്പമായി വന്നു ഹൃദയത്തില്‍ നിറഞ്ഞു നിന്നിരുന്ന വിളി ..

""എന്താടോ .. താന്‍ സ്വപനം കാണുവാണോ .. എന്താ മിണ്ടാത്തെ""... അടുത്ത മെസ്സേജ് ...

ഒന്നും മിണ്ടാന്‍ ആവുമായിരുന്നില്ല അവള്‍ക്ക് .. ടൈപ്പ് ചെയ്യാന്‍ കൈകള്‍ക്ക് ശക്തി ചോര്‍ന്നത്‌ പോലെ തോന്നി ...

ഇരുപത്തി രണ്ടു വര്ഷം  മുന്പ് കണ്ടതാ ...കണക്കുകള്‍കൂട്ടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല അവള്‍ക്ക്....

'ഞാന്‍ ഇനി നിങ്ങളുടെ മകളുമായി കാണുകയോ , സംസാരിക്കുകയോ ഇല്ല "എന്ന് അമ്പലത്തിലെ നടയില്‍ നിന്ന് സത്യം ചെയ്തു പോയ ആ ദിവസം മുതല്‍ ...

ഓര്‍മകള്‍ക്ക് ഒരിക്കലും മങ്ങല്‍ ഏറ്റിട്ടില്ല ....

സത്യം ചെയ്തതല്ല .. ചെയ്യിച്ചതാണ് ... അതും തല്ലി ചതച്ചു ജീവ ച്ചവം ആക്കി ...

ഒരു കൊടുംകാറ്റു പോലെ തന്‍റെ മുന്നിലേക്ക്‌ ഓടി വന്നു കിതച്ചുകൊണ്ട് അമ്മ ചോദിച്ചു ...

നീയും അവനും തമ്മില്‍ എന്താടീ ബന്ധം ? ആരെകുറിച്ചാണ് അമ്മയുടെ ചോദ്യം എന്ന് അറിയാം .. എന്നാലും ചോദിച്ചു ..

ആര് ?

നിനക്കറിയില്ലേ .. അവന്‍ .. ആ തെണ്ടി ...

കീഴ് ജാതിക്കാരന്‍ ആയ മധുവിനോടുള്ള പുച്ചവും വെറുപ്പും അമ്മയുടെ വാക്കുകളില്‍ .

ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്ന തലമുടിയില്‍ കുത്തിപിടിച്ച്‌ അമ്മ ചീറി..
കോളേജില്‍ പറഞ്ഞയച്ചത് പ്രേമിക്കനല്ല .. പഠിക്കാന്‍ ആണ് .. എന്നിട്ട് അവള്‍ പ്രേമിച്ചതോ ...

എന്താടീ മിണ്ടാത്തെ .. ? നിനക്ക് അവനെ ഇഷ്ടം ആണോ ? ..

ഉം ...

ആ മൂളല്‍ .. അത് കേട്ട ഉടനെ അമ്മക്ക് ഭ്രാന്ത് ആയതുപോലെ ..

എടീ.. .. മുടിക്ക് ചുറ്റിപിടിച്ചു തല ചുമരില്‍ ഇടിച്ചു .. വലിച്ചു കൊണ്ടുപോയി റൂമില്‍ കട്ടിലിലേക്ക് തള്ളി .. വാതില്‍ പുറത്തേക്കു കുറ്റിയിട്ടു അമ്മ പോയി ...

പിന്നെ വിശപ്പിന്‍റെ , പീഡന ത്തിന്‍റെ ദിനങ്ങള്‍ ... ഒരമ്മക്ക് ഇത്ര ക്രൂര ആവാന്‍ കഴിയുമോ എന്ന് തോന്നിയ നിമിഷങ്ങള്‍..

ഇവര്‍ തന്‍റെ അമ്മ അല്ലാ എന്ന് തോന്നിപോയ കാര്യങ്ങള്‍ ...

വല്ലാതെ വിശന്നു ചുരുണ്ട് കൂടി കിടന്നപ്പോള്‍ ഒരു കിണ്ണ ത്തില്‍ ചോറ് കൊണ്ടുവന്നു തന്നു .. വാരി വലിച്ചു തിന്നുമ്പോള്‍ വായില്‍ അരുചി തോന്നി.. സംശയത്തോടെ അമ്മയെ നോക്കിയപ്പോള്‍ ...

വിഷം ആണെടീ .. നീ ചാവ് എന്ന് പറഞ്ഞ അമ്മ. കുടിക്കാന്‍ ഉപ്പുവെള്ളം കലക്കി തന്നവര്‍ ..

തമിഴ് നാട്ടില്‍ ജോലിക്ക് പോയിരുന്ന അച്ഛന്‍ വന്നപ്പോള്‍ ആണ് ആ റൂമില്‍ നിന്നും മോചനം കിട്ടിയത് . അച്ഛന്‍ എല്ലാ വിവരവും ചോദിച്ചു മനസ്സിലാക്കി .. തന്നെ ചേര്‍ത്ത് നിറുത്തി പറഞ്ഞു ..

സാരല്ല്യാട്ടോ .. അച്ഛന്‍റെ നെഞ്ചില്‍ തല ചേര്‍ത്ത് കുറെ കരഞ്ഞു ..

അന്ന് വൈകീട്ട് അമ്മ പറഞ്ഞു .. അമ്പലത്തില്‍ പോണം എന്ന് ..
തനിക്കും തോന്നി.. ..മനസ്സിനു സമധാനം കിട്ടാന്‍ .... ഇത്രയും ദിവസം ഒരു റൂമില്‍ ആകെ അവശ നിലയില്‍..
..

വൈകീട്ട് അച്ഛനും അമ്മയ്ക്കും ഒപ്പം അമ്പലത്തില്‍ .. നടയില്‍ ചെന്ന് കണ്ണടച്ച് തൊഴുതു ... പ്രദക്ഷിണം വെക്കാന്‍ തുടങ്ങുമ്പോള്‍ >>

കുറച്ചു മാറി .. മധു .. കൂടെ രണ്ടു മൂന്നു പേര്‍ ..

അച്ഛന്‍ കൈകൊണ്ടു ആഗ്യം കാണിച്ചപ്പോള്‍ അവര്‍ മധുവിനെ നടയിലേക്കു കൊണ്ട് വന്നു ..

മധു തന്നെ നോക്കിയതെ ഇല്ല .. താന്‍ മധുവിനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി..

മുഖം എല്ലാം വീര്‍ത്തു ആകെ അവശ നിലയില്‍ ആണ് . നന്നായി അടി കിട്ടിയ നിലയില്‍..

തന്‍റെ ശരീരം ആകെ തളരു ന്നതു പോലെ തോന്നി ...

പൂജാരിയുടെ മുന്നില്‍ .. മധുവിനോട് പറയാന്‍ അച്ഛന്‍ കല്പിക്കുന്നത് കേട്ടു

"ഞാന്‍ ഇനി നിങ്ങളുടെ മകളുമായി കാണുകയോ , സംസാരിക്കുകയോ ഇല്ല
ഇത് സത്യം , സത്യം, സത്യം ..""

അത്രയും കേട്ടതെ ഓര്‍മയുള്ളൂ .. പിന്നെ ബോധം വരുമ്പോള്‍ വീട്ടില്‍ പഴയ റൂമില്‍ തന്നെ ആണ്...

കാലം എത്ര വേഗമാണ് കഴിഞ്ഞു പോയത് ...

വിവാഹം.. ഭര്‍ത്താവ്. പ്രസവം. മകള്‍..ജോലി ..


ഗായത്രി മോണിട്ടറിലെ ക്ക് നോക്കി .അതിന്‍റെ സ്ക്രീന്‍ ഡിസ്പ്ലേ ഓഫ്‌    ആണ് .. മൌസ് ഒന്ന് ഇളക്കിയപ്പോള്‍ മോണിട്ടര്‍ തെളിഞ്ഞു വന്നു ..

ഇന്‍ബോക്സില്‍ മധുവിന്‍റെ മെസ്സേജ് ..

"എന്താ .. എന്നെ അറിയില്ലേ.. മറന്നു പോയോ" ...

എന്താണ് പറയേണ്ടത് എന്നറിയാതെ കുഴങ്ങി...

അവള്‍ തളര്‍ച്ചയോടെ മെസ്സേജു ടൈപ് ചയ്തു...

"മധുവേട്ടാ... മറന്നിട്ടില്ല .. മറക്കുകയും ഇല്ല.."

"മാപ്പ് .. എല്ലാറ്റിനും മാപ്പ് "

മനസ്സില്‍ അപ്പോഴും അമ്പല നടയില്‍ വെച്ച് കണ്ട മധുവിന്‍റെ രൂപം ഒരു നീറ്റലായി അങ്ങിനെ നിന്നു ...കണ്ണില്‍ ഉരുണ്ടുകൂടിയ കണ്ണീര്‍ തുടച്ചു കൊണ്ട് കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്തു സീറ്റിലേക്ക് ചാരി കിടന്നു ...

അപ്പോള്‍ മൊബൈല്‍ റിംഗ് ചെയ്തു .. ഭര്‍ത്താവാണ് ...
ഫോണ്‍ ഓണ്‍ ആക്കി .ചെവിയില്‍ ചേര്‍ത്തു ..

"അതേ .. ഓഫീസില്‍ നിന്നും ഇറങ്ങിക്കോ.. ബസ്സുകള്‍ പണി മുടക്കിലാ .. എന്തോ പെട്ടെന്ന് ഉണ്ടായ സംഘര്‍ഷം.. ഞാന്‍ അതിലെ വരാം ...നമുക്ക് ഒരുമിച്ചു വീട്ടിലേക്കു പോവാം "...

ബോസിനോട് പറഞ്ഞു .ബാഗും കുടയും എടുത്തു .... വിശപ്പ് ചത്തിരുന്നു ..ചോറുപാത്രം അതേപടി എടുത്തു നിരത്തിലേക്ക് ഇറങ്ങി.. ആളുകള്‍ തലങ്ങും വിലങ്ങും പായുന്നു..

ഭര്‍ത്താവിനെ കാത്തു നിരത്തുവക്കില്‍ നില്‍കുമ്പോള്‍ മുഷിഞ്ഞ വേഷം ധരിച്ച വൃദ്ധയായ ഒരു സ്ത്രീ മുന്നില്‍ വന്നു കൈ നീട്ടി..

ഒരു നിമിഷം ആലോചിച്ചു .. പിന്നെ ബേഗില്‍ നിന്നും  ചോറ്റ് പാത്രം എടുത്തു ചോറ് അവര്‍ക്ക് നീട്ടി..

അവര്‍ സന്തോഷത്തോടെ അത് വാങ്ങി..മുഷിഞ്ഞ ചേല തുമ്പിലേക്ക് കൊട്ടി  തിരിച്ചു പാത്രം മേടിച്ചു ബാഗില്‍ ഇട്ടപ്പോഴെക്കും ഭര്‍ത്താവ് വന്നു..

ഭര്‍ത്താവിന്‍റെ കൂടെ സ്കൂട്ടറില്‍ കയറി .. വണ്ടി മുന്നോട്ട് നീങ്ങി യപ്പോള്‍ ആ വൃദ്ധയായ സ്ത്രീയെ തിരിഞ്ഞു നോക്കി .. അവര്‍ അപ്പോഴും തൊഴു കയ്യോടെ നില്കുകയായിരുന്നു ...


Tuesday, November 17, 2015

കാനന വാസൻ

കാനന വാസൻ
------------------------------------
ഇനി ശബരിമല തീർത്ഥാടനക്കാലം. തമിൾനാട്, കർണാടകം, ആന്ധ്ര, വടക്കേ ഇന്ത്യ ഇവിടെ നിന്നും എല്ലാം നല്ലൊരു ശതമാനം ആൾക്കാരും ഞങ്ങളുടെ റോഡിൽ കൂടിയാണ് പോകുന്നത്. നല്ല തിരക്കാകും. ദൂരെ നിന്നും വരുന്നവർ പല സ്ഥലങ്ങളും സന്ദർശിച്ചുകൊണ്ടാണ്‌ യാത്ര.  ഇന്നത്തെപ്പോലെ എളുപ്പമായിരുന്നില്ല പണ്ടത്തെ ശബരിമല തീർത്ഥാടനം.

ഞാൻ ആദ്യം മലക്ക് പോകുന്നത് 1956 ൽ. എനിക്ക് പ്രായം 9 വയസ്സ്. അക്കാലത്ത് മകരം ഒന്നിന് മാത്രമേ അവിടെ പൂജയുള്ളൂ. ദൂര സ്ഥലങ്ങളിൽ നിന്നൊന്നും അന്ന് ആരും വരാറില്ല. രണ്ടു മാസത്തെ കഠിന വൃതം എടുത്താണ് മല ചവുട്ടുന്നത്. പടുക്ക, കെട്ടുമുറുക്ക് തുടങ്ങിയ ചടങ്ങുകൾ നടത്തും.. അന്ന്  സംഘങ്ങളായാണ് പോകുന്നത്. പെരിയസ്വാമി ആയിരിക്കും ലീഡർ. പെരിയസ്വാമി നിർദേശിക്കുന്നത് എല്ലാവരും അനുസരിച്ചേ മതിയാവൂ. കർശനമായ അച്ചടക്കം പാലിക്കണം. അനുസരണകേട്‌ കാട്ടിയാൽ ദക്ഷിണ വയ്ക്കണം. അതാണ്‌ ശിക്ഷ. കെട്ട് മുറുക്കുന്നതും തലയിലേറ്റി തരുന്നതും എല്ലാം പെരിയ സ്വാമിയാണ്. മുതിന്നവർക്കും  പെരിയ സ്വാമിക്കും എല്ലാം ദക്ഷിണ കൊടുത്താണ് ഇരുമുടി ഏറ്റുന്നത്. ഇരുമുടികെട്ടു എന്നാൽ ശരിക്കും ചുമട് തന്നെയാണ്. യാത്രക്ക് ആവശ്യമുള്ളതെല്ലാം. പായ, പാത്രങ്ങൾ,  മണ്ണെണ്ണ,  റാന്തൽ വിളക്ക്, പിച്ചാത്തി, കോടാലി, അരി, അച്ചാർ, ചമ്മന്തിപൊടി, പപ്പടം, ഉപ്പേരി, അവലേസു  പൊടി, തേങ്ങ, കൂടാതെ പമ്പ സദ്യക്കുള്ളതെല്ലാം കരുതിക്കൊണ്ടാണ് പോകുന്നത്. കൊണ്ട് പോകുന്നതിൽ കുറച്ചു തിരിച്ചു കൊണ്ട് വരികയും വേണം. വീട്ടിൽ  ഇരിക്കുന്നവർക്കുള്ള പ്രസാദം ആണത്.   കന്നി അയ്യപ്പന്മാർക്ക് ചുമടിന് അല്പം ഇളവുണ്ടാവും.  അന്ന് കടകളൊന്നും ഉണ്ടായിരിന്നില്ല.  ആഹാരമെല്ലാം പാചകം ചെയ്യുകയായിരുന്നു.. വിറകെല്ലാം കാട്ടിൽ നിന്നും ശേഖരിക്കും. വെള്ളം ഉള്ള സ്ഥലം നോക്കിയായിരിക്കും ക്യാമ്പ് ചെയ്യുക.

എരുമേലി വഴിയാണ് പോകുന്നത്. ധാരാളം പ്രൈവറ്റ് ബസ്സുകൾ എരുമേലിക്കു സർവീസ് നടത്തുമായിരുന്നു. എരുമേലിയിൽ പെട്ട തുള്ളൽ ഉണ്ട്. വാവരു സ്വാമിയുടെ പള്ളിയിൽ നിന്നുമാണ് പേട്ട തുള്ളൽ തുടങ്ങുന്നത്. ശരീരം മുഴുവൻ പല നിറത്തിലുള്ള ചായം തേച്ചു ശരണം വിളിച്ചു കൊണ്ട് ക്ഷേത്രം വരെ പോകും. പേ ട്ട തുള്ളൽ കഴിഞ്ഞ് അവിടുന്നു മല ചവുട്ടാൻ തുടങ്ങും.

എരുമേലിയിൽ നിന്നും പമ്പ വരെ ഏതാണ്ട്  31 മൈൽ( 50 Km) ദൂരമുണ്ട്. വളരെ ദുർഘടമായ വഴിയായിരുന്നു.  മൂന്നു നാലു  ദിവസം കൊണ്ടാണ് പമ്പയിൽ എത്തുന്നത്‌. ഇടയ്ക്കു പല സ്ഥലത്തും ക്യാമ്പ് ചെയ്യും. രാത്രിയിൽ മുതിർന്ന അയ്യപ്പന്മാർ ഷിഫ്റ്റ്‌ വച്ചു ഉറക്കമിളച്ചിരിക്കും. എന്തെങ്കിലും ശബ്ദം കേട്ടാൽ പാട്ട കൊട്ടി ശരണം വിളിക്കും. എരുമേലിയിൽ നിന്നും കാൽനടയായി ആദ്യ ദിവസം  പേരൂർ തോടു വഴി   കാളകെട്ടിയിലെത്തുന്നു. കാളകെട്ടിയിൽ ചെറിയ ഒരു ക്ഷേത്രമുണ്ട്. അവിടെ നിന്നും അഴുതാ നദിക്കരയിലെത്തി വിശ്രമം. അഴുതയിൽ വിരി വയ്കുമ്പോൾ മുതിർന്നവർ വിറകു വെട്ടാനും വെള്ളം കൊണ്ട് വരാനും പോയപ്പോൾ ഞങ്ങൾ കുട്ടികളും കൂടെ കൂടി. അവിടെ അരുവിയുടെ തീരത്തു ആനപ്പിണ്ടം കിടക്കുന്നത് കണ്ടു. ഞങ്ങൾ മാറി നിന്ന് വെള്ളത്തിൽ കല്ലെടുത് എറിഞ്ഞു കളിച്ചുകൊണ്ടിരുന്നു. മുതിർന്നവരെല്ലാം പോയതും അവർ ഞങ്ങളെ അന്വേഷിച്ചു നടന്നതും ഞങ്ങൾ അറിഞ്ഞില്ല. ഇരുട്ടിക്കഴിഞ്ഞപ്പോഴാണ് അവർ ഞങ്ങളെ കണ്ടെത്തിയത്. അതിന്റെ ടെൻഷൻ കാരണം ഞങ്ങൾക്കെല്ലാം ചെറിയ ശിക്ഷകൾ കിട്ടി. 
അടുത്തദിനം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ നടന്നു കല്ലിടാംകുന്നിലെത്തുന്നു.  അഴുതയിൽ നിന്നെടുത്ത കല്ല്‌ ഇവിടെ ഇടണം. . അന്ന് രാത്രി മുക്കുഴിയിലെത്തി വിരി വച്ച് കിടന്നു.. . പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തി. അവിടെ നിന്നും  കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ നിന്നും  ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ കഴിഞ്ഞു പമ്പാ നദിക്കരയിലെത്തി.പമ്പയിൽ ക്യാമ്പ് ചെയ്യുന്ന ദിവസം ഈറയും ഇലകളും  മറ്റും കൊണ്ട് പർണശാല കെട്ടി. ഉച്ചക്ക് പമ്പസദ്യയും രാത്രി പമ്പവിളക്കും... പമ്പയിൽ നിന്നും സന്നിധാനം വരെ കാട്ടുവഴി പോലെയായിരുന്നു. (ഇപ്പോൾ പടികളും കോണ്‍ക്രീറ്റ് വഴികളും ഒക്കെയായി).  വലിയ ചിറകുള്ള മരങ്ങളും, മൃഗങ്ങളുടെ കരച്ചിലും എല്ലാം ഓർക്കുന്നു. സന്നിധാനത്തിൽ ചെന്നാൽ പർണശാല  കെട്ടി വിരി വയ്ക്കും. അന്ന് സന്നിധാനത്തിൽ ചുറ്റുമായ്‌ കിടങ്ങുണ്ടായിരുന്നു. ആന കേറാതിരിക്കാൻ. അതിനുള്ളിലായിരുന്നു എല്ലാവരും വിരി വച്ചിരുന്നത്. അത്രമാത്രം ആൾക്കാരെ ഉണ്ടാകൂ. അന്ന് ദൂരെ ദേശങ്ങളിൽ നിന്നൊന്നും ആളുകള് വന്നിരുന്നില്ല. പോന്നമ്പലമെട്ടിലെ വിളക്കിനെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അന്നാരും അത് ശ്രദ്ധിക്കാറില്ല

 
ആദ്യം പോയപ്പോഴുണ്ടായ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല പിന്നീട് പല പ്രാവശ്യം പോയിട്ടുണ്ട്. പമ്പ വരെ ബസ്സിൽ പോയി മല കയറിയിട്ടുണ്ട്. വണ്ടിപെരിയാർ പുല്ലുമേടു വഴി പോയിട്ടുണ്ട്. പുല്ലുമേട്ടിൽ നിന്നുള്ള കാഴ്ച മനോഹരം. പുല്ലുമെട്ടിൽ നിന്നാൽ ശബരിമല ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കാണാം.. ഇപ്പോഴെല്ലാം വളരെ വ്യത്യാസങ്ങൾ വന്നു. അനേകം കെട്ടിടങ്ങൾ. ഫ്ലൈ ഓവറുകൾ, കോണ്‍ക്രിറ്റ് പാതകൾ. പഴയകാല അനുഭവങ്ങൾ ഇനീ കിട്ടില്ല.

ഞാൻ അവസാനമായി ശബരിമലക്കു പോയത് 25 വർഷം മുൻപാണ്. അന്നെടുത്ത കുറച്ചു ഫോട്ടൊകളാണിത്. ഒരു തുലാ മാസം ഒന്നിനാണ്. ഞാനും അമ്മയും സഹോദരനും പിന്നെ മക്കളും ഉണ്ടായിരുന്നു. അന്ന് ഒട്ടും തന്നെ തിരക്കില്ലായിരുന്നു. പോകുന്ന റോഡു വിജനമായിരുന്നു. ചിലയിടത്ത് മരം വീണു കിടന്നത് ആരോ വെട്ടി മാറ്റിയിട്ടുണ്ട്.


പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുന്ന വഴിയും വിജനമായിരുന്നു. ആനക്കാടാണെന്ന ഭയം എനിക്കുണ്ടായിരുന്നെങ്കിലും കുട്ടികളെ ഭയപ്പെടുത്തണ്ട എന്ന് കരുതി പറഞ്ഞില്ല. പോകുന്ന വഴി ഒരു തെലുങ്ക്‌ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടായിരുന്നു. അതെല്ലാം കണ്ടു വളരെ ആസ്വദിച്ചാണ് ഞങ്ങൾ കയറിയത്. ക്ഷേത്രവും പരിസരവും എല്ലാം തീർത്തും വിജനമായിരുന്നു.  ഞങ്ങൾ തിരിച്ചു പമ്പയിൽ വന്നു കുളിച്ചുകൊണ്ടിരുന്നപ്പോൾ  പെട്ടെന്ന് ഭയങ്കര മഴ. ആകെ നനഞ്ഞു. ഒരു വിധത്തിൽ  ഇക്കരെയെത്തി. ആ യാത്ര എന്നും  മനസ്സിൽ. തങ്ങി നിൽക്കുന്നു

 
ഒരിക്കൽ മകര വിളക്ക്  ദിവസം പൊന്നമ്പലമേട്ടിൽ പോകാനും അവിടെ ദീപം തെളിക്കുന്നുത് നേരിട്ട് കാണാനും ഇടയായി.. 33 വര്ഷം മുൻപ്. ഇപ്പോൾ അവിടെ ആരെയും കടത്തിവിടുന്നില്ല എന്ന് തോന്നുന്നു. പൊന്നമ്പലമേട്ടിൽ നിന്നും നോക്കിയാൽ ശബരിമല അമ്പലവും പരിസരവും ചെറിയ മോഡൽ വച്ച പോലെ മനോഹരമായി കാണാം. പമ്പയിലെ ടോപ്‌ സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്തിരിക്കുന്നതും. സന്ധ്യക്ക്‌ ലൈറ്റ് തെളിയുമ്പോൾ വളരെ മനോഹരമാണ്. അമ്പലമാകെ പ്രകാശിക്കുന്നത് പോലെ. പമ്പയിൽ നിന്നും സന്നിധാനം വരെയുള്ള വഴിയിലെ ലൈറ്റും ഇടക്കിടെയായി കാണാം.

 
നമ്മുടെ നാടിന്റെ അഭിമാനമാണ് ശബരിമല. കേരളത്തിലെ ജനസംഖ്യയെക്കാൾ    കൂടുതൽ ആളുകൾ രണ്ടു മാസത്തിനുള്ളിൽ ശബരിമലയിൽ വരുന്നുണ്ടെന്നു പേപ്പറിൽ വായിച്ചു. ക്ഷേത്രത്തിലെ വരുമാനം കൂടാതെ വളരെ ആൾക്കാരും സ്ഥാപങ്ങളും ശബരിമല തീർത്ഥാടനത്തെ ആശ്രയിക്കുന്നു. പക്ഷെ ഈ തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ അവിടെയില്ല. കാട്ടുവഴിയിൽ മഴയും തണുപ്പുമേറ്റ് അനേകം മണിക്കൂറുകൾ കാത്തു  നില്ക്കേണ്ടി വരുന്നു.  അപകടങ്ങൾ  ഉണ്ടാകുന്നു.  കഷ്ടതകളും അപകടവും ഇല്ലാതെ തീർത്ഥാടനം നടത്തി തിരിച്ചു പോകാനുള്ള സൗകര്യങ്ങൾ ചെയ്യണം.. എത്രയോ ദൂരെ നിന്നും കഷ്ടപ്പെട്ട് യാത്ര ചെയ്തു വരുന്ന തീർത്ഥാടകർക്കു നാം മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കണ്ടതല്ലേ ?   -എല്ലാ മതസ്ഥരെയും വ്യത്യാസമില്ലാതെ സ്വാഗതം ചെയ്യുന്ന ഈ പുണ്യസ്ഥലം നമുക്ക്‌ അഭിമാനമാണ് …….….തത്വമസി”  ---( താ ത്വം അസി) അത് നീ തന്നെ……. നിന്നെ തന്നെയാണ് നീ അന്വേഷിച്ചു നടക്കുന്നത്….  ….നിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും നിന്റെ ഉള്ളിൽ തന്നെയുണ്ട്….. നീ തന്നെ ദൈവം……. അഹം ബ്രഹ്മാസ്മി……

 \

Saturday, October 31, 2015

ഈച്ച ( ചെറുകഥ )

മഴയുടെ ഈര്‍പ്പം തങ്ങി നില്‍കുന്ന പ്രഭാതത്തില്‍ ഷഫീക് നടക്കാന്‍ ഇറങ്ങി . . ചെറിയ കുളിരില്‍ ഇടയ്ക്കു മഴ വെള്ളം കെട്ടി നില്‍കുന്ന റോഡിലൂടെ ഉള്ള ആ പ്രഭാത സവാരി ഒരു ഉന്മേഷം തന്നെ ആണ് .. പാടത്തിനു നടുവിലൂടെ ഒന്നരകിലോമീറ്റര്‍ നീളമുള്ള ആ റോഡ്‌ ഉണ്ടായിട്ടു അധികം കാലം ആയിട്ടില്ല ... മുന്പ് അമ്പലത്തിന്‍റെ സൈഡിലൂടെ പാട ത്തിന്‍റെ അരികിലൂടെ ഉള്ള നടവരമ്പി ലൂടെ ആയിരുന്നു നടത്തം  ...

ഷഫീക് ഗള്‍ഫില്‍ ആയിരുന്നു .. ഇപ്പോള്‍ അവധിക്ക് വന്നതാണ് ...ഗള്‍ഫില്‍ പോകുന്നതിനു മുന്നേഎന്നും  രാവിലെ നടക്കാന്‍ പോകുന്നത് ഒരു ശീലം ആയിരുന്നു ... ഗള്‍ഫിലും അവസരം കിട്ടുമ്പോള്‍ ഒക്കെ നടക്കാന്‍ പോവാറുണ്ട് ...

ഷഫീക് നടന്നു നടന്നു റോഡിന്‍റെ അറ്റത്തു എത്തി .. റോഡു ചെന്ന് മുട്ടുന്നത് മെയിന്‍ റോ ഡിലേക്ക് ആണ് അവിടെ ഒരു കവല ഉണ്ട് . ആ കവലയില്‍ നിന്നും അമ്പലത്തി ലേക്ക് ഒരു നടപ്പാത ഉണ്ട് . അമ്പലം വളരെ പ്രസിദ്ധമാണ് .. അമ്പലത്തിലേക്കുള്ള നടപ്പാത തുടങ്ങുന്നിടത്താണ് ഗോപാലന്നായരുടെ ചായകട . കവലയില്‍ അതിരാവിലെ ആദ്യം തുറക്കുന്ന പീടിക നായരുടെതാണ് ..രാവിലെ അമ്പലത്തിലേക്ക് വരുന്നവരും, പാടത്ത് വെള്ളം തിരിക്കാന്‍ വരുന്നവരും ഒക്കെ തരക്കേടില്ലാത്ത കച്ചവടം നടക്കുന്ന പീടികയാണ്‌  . ഷഫീക് ചായ പീടികയിലേക്ക്‌ ചെന്ന് ബെഞ്ചില്‍ ഇരുന്നു .. പീടികയില്‍ അപ്പൊ ആരും ഇല്ല

നായരെ ഒരു ചായ ....

നായര്‍ ദോശ കല്ലില്‍ ദോശ ചുടുകയാണ് ... ദോശ കല്ലില്‍ മൊരിയുമ്പോള്‍ ഉണ്ടാകുന്ന കൊതിപ്പിക്കുന്ന ഒരു മണം ഉണ്ട്.

ആരാത് .. ഷഫീ ക്കോ .. ജ്ജ് എപ്പളെ വന്നതു ? .. എന്ന് ചോദിച്ചുകൊണ്ട് നായര്‍ ചായ ഗ്ലാസ് കഴുകാന്‍ തുടങ്ങി..

ഞാന് ഇന്നലെ ....

അല്ല അനക്ക് ചായക്ക് പഞ്ചസാര എങ്ങിനെയാ ...

സാധാരണ മധുരം .. പടച്ചോന്‍ സഹായിച്ചിട്ടു ഇപ്പൊ ഒരു കുഴപ്പവും ഇല്ല നായരെ ...

അല്ല ഇപ്പൊ മിക്ക ആള്‍ക്കാര്‍ക്കും ഷുഗറ .. അതും പറഞ്ഞു കൊണ്ട് നായര്‍ ചായ ഉണ്ടാക്കാന്‍ തുടങ്ങി....

ചായ ഉണ്ടാക്കി ഷഫീക്കി ന്‍റെ മുന്നില്‍ വെച്ച് നായര്‍ വീണ്ടും ദോശ കല്ലിലേക്ക് തിരിഞ്ഞു .. ഷഫീക്ക് ചായ ഒരു കവിള്‍ കുടിച്ചു ..എന്നിട്ട് മനസ്സില്‍ ഓര്‍ത്തു.. എന്താ രുചി .. നാടന്‍ ചായയുടെ രുചി അത് ഒന്ന് വേറെ തന്നെയാണ് .. അങ്ങിനെ ആസ്വദിച്ചു ചായ കുടിച്ചും കൊണ്ടിരിക്കുമ്പോള്‍ ആണ് നായരെ .. എന്ന ഒരു അലര്‍ച്ചയോടെ ഒരാള്‍ ഓടി പീടികയിലേക്ക്‌ വന്നത് ..

വന്ന ആളെ ഷഫീക്കിന് പരിചയം ഇല്ല. .. അതെങ്ങനെയാ .. പത്തിരുപതു കൊല്ലായി പ്രവാസി ആയിട്ട് .. പുതിയ തലമുറയിലെ ഒരാളെയും പെട്ടന്ന് തിരിച്ചറിയില്ല ..

എന്താ .. എന്താ .. നായര്‍ വളരെ ഉധ്വോഗത്തോടെ ചോദിച്ചു ..

വന്ന ആള് ആകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഒരു തോര്‍ത്ത് മുണ്ടാണ് വേഷം .. കയ്യില്‍ ഒരു ലുങ്കി ചുരുട്ടി കൂട്ടി പിടിച്ചിരിക്കുന്നു . ഷഫീക് ആലോചിച്ചു .. പുറത്ത് മഴ പെയ്യുന്നില്ലല്ലോ . പിന്നെ എങ്ങനെ ഇയാള്‍ ആകെ നനഞു ...

അതെ.. അവിടെ അമ്പലകുളത്തില്‍ ഒരാള്‍ .. ഒരാള്‍ ..അയാള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ...

ആരാ .. ഷഫീക്കും നായരും ഒരുമിച്ചാണ് ചോദിച്ചത് ..
അറിയില്ല.. കമിഴ്ന്നാണ് കിടക്കുന്നത് .. ഞാന്‍ കുളത്തില്‍ ഒന്ന് മുങ്ങി നിവര്‍ന്നപ്പോള്‍ എന്‍റെ നേരെ മുന്‍പില്‍ ...

അയാള്‍ നിന്ന് വിറക്കാന്‍ തുടങ്ങി ...

എന്‍റെ ഭഗവാനെ  .. ചതിച്ചോ എന്ന ഒരു നിലവിളിയോടെ നായര്‍ അമ്പലത്തിലേക്ക് ഓടി .. പിറകെ ഷഫീക്കും ഒപ്പം അയാളും .. അമ്പല നടക്കു മുന്നിലെ ചെറിയ  മുറ്റത്ത് എത്തിയപ്പോള്‍ ആണ് ഷഫീക്കിന് പെട്ടന്ന് ഓര്‍മ വന്നത്.. തനിക്ക് അതുവരെ മാത്രമേ  പ്രവേശനം ഉള്ളൂ .. ഷഫീക് അവിടെ നിന്നു .. നായരും കൂടെ വന്ന ആളും അമ്പലത്തിലേക്ക് കയറിപോയി..
എന്ത് ചെയ്യണം എന്നറിയാതെ ഷഫീക്ക് അവിടെ തന്നെ നിന്നു ..

ആരാദ് .. എന്ന ഒരു വിളി കേട്ടപ്പോ ഷഫീക് തിരിഞ്ഞു നോക്കി .. പരിചയം ഇല്ലാത്ത രണ്ടു പേര് ..
എന്താ പറയേണ്ടത് എന്നറിയാതെ ഷഫീക് ഒന്ന് പരുങ്ങി ..
ഇത് ഞാനാ .. ഷഫീക് ... കിതപ്പോടെ ഷഫീക് പറഞ്ഞു

ഷഫീക് എന്ന പേര് കേട്ടപ്പോള്‍ വന്നവര്‍ ഒന്ന് ഞെട്ടിയോ എന്ന് തോന്നി .. എന്തോ ഒരു അത്ഭുത വസ്തുവിനെ കണ്ടത് പോലെ .. അവര്‍ പരസ്പരം നോക്കി ...

ഏതു ഷഫീക് ? തനിക്കെന്താ ഈ സമയത്ത് ഇവിടെ കാര്യം ...

പെട്ടന്നാണ് ഷഫീക്കിന് കാര്യം പിടികിട്ടിയത് .. അസമയത് ഒരു മുസ്ലിം അമ്പലമുറ്റത്ത്‌ .. വ്യാഖ്യാനങ്ങള്‍ പലതും ഉണ്ടാവാം. പഴയ നാട് അല്ല .. ഒരു പാടു മാറിയിരിക്കുന്നു .. മറ്റെല്ലാ മേഖലയിലും നാട്ടില്‍ പുരോഗതി വന്നിരിക്കുന്നു.. എന്നാല്‍ മനുഷ്യന്റെ ചിന്തകള്‍ക്ക്   മാത്രം  ...

അത് .. അവിടെ അമ്പലകുളത്തില്‍ ആരോ മുങ്ങി .. ആ വാചകം  പൂര്‍ത്തിയാക്കും മുന്നേ നായരും മറ്റേ ആളും കൂടി ഓടി ഇറങ്ങി വന്നു ...

ആരാ അവിടെ .. ഒന്ന് ഓടി വരിക... നായര്‍ തിരിച്ചു വീണ്ടും അമ്പലത്തിലേക്ക് ഓടി പോയി ..

ഷഫീക്കി ന്‍റെ അടുത്ത് നിന്നിരുന്ന രണ്ടു പേരും ഒരു തീഷ്ണമായ നോട്ടം ഷഫീക്കിനെ നോക്കിയിട്ട് നായരുടെ പിന്നാലെ അമ്പലത്തിലേക്ക് ഓടി ...

ഷഫീക് ആകെ അസ്വസ്ഥനായി .. ആരായിരിക്കും .. എന്താണ് സംഭവിച്ചിട്ടുണ്ടാവുക ... അകത്തുപോയ ആരെങ്കിലും ഒന്ന് പുറത്തേക്കു വന്നെങ്കില്‍ ചോദിക്കാ മായിരുന്നു ... കുറച്ചു നേരം കൂടി ഷഫീക് അവിടെ നിന്നു.. പിന്നെ നടന്നു

ഷഫീക്ക് നടപ്പാതയിലൂടെ ചായപീടികയിലേക്ക് തന്നെ ചെന്നു.. അപ്പോള്‍ അവിടെ രണ്ടു മൂന്നു ആളുകള്‍ നില്കുന്നു .. എല്ലാവരും നായരെ അന്വേഷിക്കുകയാണ് .. ചായപീടികയും തുറന്നു വെച്ച് ഇയാള്‍ ഇത് എങ്ങോട്ട് പോയി  എന്നാ എല്ലാവരും  അന്വേഷിക്കുന്നത് ..

ഷഫീക്ക് അവരോടു കാര്യങ്ങള്‍ പറഞ്ഞു .. അവരെല്ലാവരും കൂടി അമ്പലത്തിലേക്ക് ഓടി..

ഇനി എന്താ ചെയ്യേണ്ടത് എന്നറിയാതെ തുറന്നു വെച്ച ആ ചായപീടികയിലെ ഒരു കാവല്‍കാരനെ പോലെ അവിടെ ബെഞ്ചില്‍ കുത്തി ഇരുന്നു .. ആകെ വല്ലാത്ത ഒരു പരവശം .. കുറച്ചു വെള്ളം കിട്ടിയാല്‍ നന്നായി എന്ന് ഷഫീക്കിന് തോന്നി ..അപ്പോള്‍ ഷഫീക് കണ്ടു .. കുറച്ചു മുന്‍പ്‌ തന്‍ പകുതി കുടിച്ചു വെച്ചിരിക്കുന്ന ചായഗ്ലാസ് ..
ആ ഗ്ലാസിലെ ചായ കുടിക്കാന്‍ വേണ്ടി കയ്യിലെടുത്തപ്പോള്‍ അതില്‍ ഒരു ഈച്ച കൈകാലിട്ടടിക്കുന്നു .. പിന്നെ പിന്നെ അത് നിശ്ചലമായി . ആ കുളിരുള്ള പ്രഭാതത്തിലും ആകെ വിയര്‍ത്തു ഷഫീക് ആ ചായ ഗ്ലാസ്സിലേക്ക്‌ തന്നെ തുറിച്ചു നോക്കി ഇരുന്നു ...

Monday, October 26, 2015

മുറുക്കാൻ

മുറുക്കാൻ 
==============
മുറുക്കി ചുവന്നതോ
മാരൻ മുത്തി ചുവപ്പിച്ചതോ
മുറ്റത്തെ പൂവേ
മുക്കുറ്റി പൂവേ
മുത്തണി പൊന്മണി ചുണ്ട്
നിന്റെ മൂവന്തി
ചോപ്പുള്ള ചുണ്ട്

നാലും കൂട്ടി മുറുക്കുന്നത് ഒരു കാലത്ത് നമ്മുടെ നാട്ടിൽ പൊതു ശീലം ആയിരുന്നു. അന്നൊക്കെ അതിഥികളെ സൽകരിക്കുന്നതു മുറുക്കാൻ കൊടുത്തായിരുന്നു. വിവാഹം, മരണം, തുടങ്ങി അതിഥികൾ കൂടുന്ന ഇടത്തെല്ലാം മുറുക്കിനു വേണ്ട സാധനങ്ങളെല്ലാം വച്ചിട്ടുണ്ടാവും. വെറ്റില, ചുണ്ണാമ്പു, അടക്കാ, പുകയില, പിന്നെ പാക്കുവെട്ടി. ആളുകൾ സംസാരിക്കുന്നതിനിടയിൽ മുറുക്കുന്നത് കാണാം. അത് പോലെ ആഹാരം കഴിയുമ്പോൾ.. ചിലർ ഏതു സമയത്തും ചവച്ചു കൊണ്ടിരിക്കും. വായ് നിറയെ മുറിക്കിയ തുപ്പൽ ശേഖരിച്ചു വെച്ച് കൊണ്ടായിരിക്കും സംസാരം. അവരെ കോളാമ്പികൾ എന്നു വിളിക്കാം. അവർ സംസാരിക്കുമ്പോൾ അല്പം ദൂരേക്ക് മാറി നിന്നാൽ നല്ലതാണ്.
മുറുക്കുന്നതിനു ചില ചടങ്ങുകളൊക്കെയുണ്ട്. ആദ്യം നല്ല വെറ്റില നോക്കി തിരഞ്ഞെടുക്കും. രണ്ടു വശവും കൈകൊണ്ടു തടവും. വെറ്റിലയുടെ വാലറ്റം മുറിച്ചു ചെന്നിയിൽ ഒട്ടിക്കും. വെറ്റില ഞെട്ടു മുറിച്ചു മാറ്റി നഖം കൊണ്ട് നരമ്പെല്ലാം ചിരണ്ടികളയും. ഇടതു കൈ വെള്ളയിൽ വെറ്റില കമഴ്ത്തി നിവര്ത്തി പിടിച്ചു വലതു കൈയുടെ നടുവിരലിൽ ചുണ്ണാമ്പെടുത്തു വെറ്റിലയുടെ പുറകു വശത്തു തേക്കും. എന്നിട്ട് ആദ്യം നെടുകെ മടക്കും. പിന്നെ കുറുകെ നാലായി മടക്കും. ഇത് ഇടത്ത് കയ്യുടെ ചൂണ്ടു വിരലിനും നടു വിരലിനും ഇടയ്ക്കു അമര്ത്തി വച്ചിട്ട് അടക്കയിലേക്ക് ശ്രദ്ധ തിരിക്കാം..
പാക്ക് വെട്ടി കൊണ്ട് അടക്കയുടെ തോട് കളഞ്ഞ് പുറം ചെത്തി വൃത്തിയാക്കുന്നു. ആവശ്യത്തിനുള്ള കഷണങ്ങളാക്കി മുറിച്ചെടുത്ത് ഒപ്പം മടക്കി വച്ചിരിക്കുന്ന വെറ്റിലയും കൂടി വായിലേക്കിടുന്നു. ചവ ആരംഭിക്കാം. പുകയില വേണ്ടവര്ക്ക് ആവശ്യത്തിനു പുകയില മുറിച്ചെടുത്തു വായിലിടാം. ഉമിനീരും ഈ കൂട്ടുകളും എല്ലാം ചേർന്ന് നല്ല രക്ത വർണത്തിലുള്ള തുപ്പൽ വായിൽ ഊറി വരും. കുറച്ചു നേരം വായിൽ ശേഖരിച്ചു വച്ച് ശരിയായി ആസ്വദിച്ച ശേഷം നീട്ടി തുപ്പാം. തുപ്പുന്നതിനു പല സ്റ്റയിലുകൾ ഉണ്ട്. രണ്ടു വിരൽ ചുണ്ടിൽ ചേർത്ത് വച്ച് ജെറ്റ് മാതിരി തുപ്പാം. വളരെ ദൂരേക്ക് പോകും. വിശാലമായി സ്പ്രേ ചെയ്തു തുപ്പുന്നവരുമുണ്ട്. സംസാരിക്കുന്നതിന്റെ ആവേശതിൽ പരിസരം ശ്രദ്ധിക്കാതെ തുപ്പുകൾ നടക്കും. വീട്ടിനുള്ളിലാണെങ്കിൽ കോളാമ്പിയിലേക്ക് ശേഖരിക്കുന്നതാവും നല്ലത്.
എന്റെ ചെറു പ്രായത്തിൽ മുത്തശ്ശി എവിടെങ്കിലും പോകുമ്പോൾ എന്നെ കൂടെ കൂട്ടുമായിരുന്നു. ഒരിക്കൽ ഒരു മരണ വീട്ടിൽ പോയി സന്ധ്യ കഴിഞ്ഞാണ്.. മുറിക്കകത്ത് ഒരു ബഞ്ചിൽ ജനലിനോട് ചേര്ന്നാണ് ഞാനും മുത്തശ്ശിയും ഇരുന്നത്. മുറി നിറയെ പ്രായമായ സ്ത്രീകൾ. എല്ലാവരും മുറുക്കും സംസാരവും. നാട്ടിലുള്ള സകലരുടെയും വിശേഷങ്ങളും നുണയും പരദൂഷണവും എല്ലാം തകൃതിയായി നടക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ജനലിൽ കൂടി ഓരോരുത്തരായി പുറത്തേക്കു തുപ്പുന്നുണ്ട്. ഇടയ്ക്കു ഞാൻ ഇരുന്നു ഉറങ്ങി. പിന്നീട് തിരിച്ചു വീട്ടിലെത്തി ഉടുപ്പൂരിയപ്പോഴാണ് കണ്ടത് ഉടുപ്പ് നിറയെ നല്ല ഡിസൈൻ.
മുത്തശ്ശിയുടെ കട്ടിലിന്റെ കീഴിൽ ഒരു മുറുക്കാൻ ചെല്ലവും, കോളാമ്പിയും, ഇടികല്ലും ഇപ്പോഴും ഉണ്ടാവും. മുറുക്കാൻ ചെല്ലത്തിൽ പാക്ക് വെട്ടി, ചുണ്ണാമ്പു കരണ്ടകം, വെറ്റില, പുകയില, വാസന പൊയില, ഇവയൊക്കെ കാണും. എനിക്ക് ഓര്മ്മയായ കാലം മുതലേ മുത്തശ്ശിക്ക് പല്ലൊന്നും ഉണ്ടായിരുന്നില്ല. വെറ്റിലയും അടക്കതുണ്ടുകളും എല്ലാം ചേർത്ത് ഇടി കല്ലിൽ ഇടിച്ചാണ് വായിലിടുന്നത്. പുകയില ചെറിയ കഷണങ്ങളാക്കി മോണകൊണ്ട് അമർത്തി ചവക്കും. അറിഞ്ഞൂട്ടിയ പൊയില കടയിലൽ കിട്ടും. പുകയില പൊടിയായി അരിഞ്ഞു അതിൽ വാസനയും മധുരവും എല്ലാം ചേർത്ത് ഉണങ്ങിയ വാഴപ്പോലയിൽ പൊതിഞ്ഞു കെട്ടിയാണ് വരുന്നത്. വാസന പൊയില എന്ന് പറയും.ഏതോ കമ്പനി ലേബലും കാണും. അല്ലെങ്കിൽ ഇതിന്റെ റെസിപി മുത്തശ്ശിക്ക് അറിയാമായിരുന്നു. ചിലപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കും. നല്ല മധുരമാണ്. ഒരിക്കൽ ഞാൻ വാരി തിന്നു ശർദ്ദിച്ചു വലിയ പ്രശ്നമായതു ഓര്ക്കുന്നു. ഏതാണ്ട് വലിയ അസുഖമാണെന്ന് പറഞ്ഞു വൈദ്യന്റെ അടുത്ത് കൊണ്ട് പോയി. വായ മണത്തപ്പോൾ തന്നെ വൈദ്യന് മനസ്സിലായി.
മുത്തശ്ശിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കുന്നത് ഞങ്ങളുടെ അവകാശമായിരുന്നു. മിക്കവാറും അതെ ചൊല്ലി അവകാശ തര്ക്കവും അടിപിടിയും കരച്ചിലും എല്ലാം ഉണ്ടാകും. മുറുക്കാൻ വായിലിട്ടു മോണ കൊണ്ട് ചവച്ചു കൊണ്ട് രാത്രി ഉറങ്ങുന്നത് വരെ പുരാണ കഥകൾ പറഞ്ഞു തരുമായിരുന്നു. എല്ലാ പുരാണ കഥകളും വളരെ വിശദമായി കൃത്യതയോടെ എങ്ങിനെ മനസ്സിലാക്കി വച്ചിരുന്നു എന്ന് ഇപ്പോൾ അത്ഭുതപ്പെടാറുണ്ട്. സ്കൂൾ വിദ്യാഭ്യാസം ഒന്നും കിട്ടിയിട്ടില്ലാത്ത മുത്തശ്ശി രാമായണവും ഭാഗവതവും പത്രവും എല്ലാം വായിക്കുമായിരുന്നു. അങ്ങിനെ ചെറുപ്പത്തിലേ പുരാണ കഥകളും പുരാണ കഥാപാത്രങ്ങളും എല്ലാം എനിക്ക് വളരെ പരിചിതമായിരുന്നു.
ബീഡി, സിഗരറ്റ്, പൊടി ഒക്കെ വന്നതോടെ മുറുക്കുന്നവരുടെ എണ്ണം കുറഞ്ഞു വന്നു. മുറുക്കിന്റെ അസൌകര്യങ്ങളും പുതിയ ജീവിത രീതികളുടെ സ്വാധീനവും ഒക്കെ മുറുക്കിനെപുറം തള്ളി.. വടക്കേ ഇന്ത്യയീൽ പാൻ, മസാല പാൻ ഒക്കെ കണ്ടിരുന്നു. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു. കേരളത്തിലും ഇപ്പോഴും ഈ ശീലം നിലവിലുണ്ടെന്ന് ഞാൻ ഒരു വലിയ ഓഫീസിൽ പോയപ്പോഴാണ് മനസ്സിലായത്. അഞ്ചു നിലകളുള്ള വലിയ ഓഫീസ് കെട്ടിടം. ഓരോ സ്റ്റെയർ ലാന്റിംഗ് ലും ഉള്ള മൂലകളിൽ എല്ലാം മുറുക്കി തുപ്പി വച്ചിരിക്കുകയാണ്. ടോയിലെറ്റിലും ഇത് തന്നെ. വൃത്തി ബോധം സ്വന്തം വീട്ടില് വച്ചിട്ടാണ് നമ്മൾ ഇറങ്ങുന്നത്. നാട് നാശമായാൽ നമുക്കെന്താ. ഇപ്പോൾ സൽക്കാരങ്ങൾക്കൊന്നും മുറുക്കാനും സിഗരട്ടുമോന്നും കൊടുക്കാറില്ല.
നമ്മുടെ പൂർവികരുടെ വളരെക്കാലം നിലനിന്ന ശീലം.

Wednesday, October 21, 2015

വിരുദ്ധാഹാരം

വിരുദ്ധാഹാരം
>>>>>>>>>>>>><<<<<<<<<<
ഓരോ നാട്ടിലും അവിടെ ലഭ്യമായ ഭക്ഷണ സാധനങ്ങൾ പാകപ്പെടുത്തുന്നതിനും ഭക്ഷിക്കുന്നതിനും എല്ലാം ചില ചിട്ടകൾ ഉണ്ടാക്കിയിട്ടുണ്ട്. പരിചയം കൊണ്ടും പരമ്പരാഗതമായി നേടുന്ന അറിവ് കൊണ്ടും ഭക്ഷ്യ യോഗ്യമായതും അല്ലാത്തതും ആയ പദാർഥങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അവ എങ്ങിനെ എപ്പോൾ കഴിക്കാമെന്നും നിഷ്കർഷിച്ചിട്ടുണ്ട് . ആഹാരത്തിന്റെ അളവ്, കഴിക്കുന്ന സമയം, സ്ഥലം, ഇവയൊക്കെ പ്രധാനമാണ്.
ആഹാരം കാഴ്ചയ്ക്ക് ഹിതകരമായിരിക്കണം. ആഹാരത്തിന്റെ മണം രുചി ഇവയെല്ലാം പ്രധാനമാണ്. ശരീരതിനാവശ്യമായ പോഷകങ്ങൾ സമീകൃതമായി ലഭിക്കണം. അദ്ധ്വാനത്തിനനുസരിച്ചു ആഹാരം ക്രമപ്പെടുത്തണം. .കഴിക്കുമ്പോൾ മനസ്സ് ശാന്തമായിരിക്കണം. ഭക്ഷണം ശ്രദ്ധിച്ചു ആസ്വദിച്ചു കഴിക്കണം. ആമാശയത്തിലുള്ള അളവിനെ നാലായി ഭാഗിച്ചാല്‍ അതില്‍ 2/4 ഭാഗം മാത്രമേ ഖര ആഹാരംകൊണ്ട്‌ നിറയ്‌ക്കേണ്ടതുള്ളു. 1/4 ഭാഗം ജലത്തിനായും 1/4 ഭാഗം പചന പ്രക്രിയ സുഖപ്രദമാക്കുന്നതിനും വായുവിന്റെ സഞ്ചാരത്തിനായും വിധിച്ചിരിക്കുന്നു.
ശരീരം ചൂടായിരിക്കുമ്പോൾ കുറച്ചു നേരത്തേക്ക് തണുത്ത വെള്ളം കുടിക്കരുത്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് . ഉപ്പു എരിവു പുളി തുടങ്ങിയവ പാകത്തിനായിരിക്കണം. വേവ് പാകമായിരിക്കണം. അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഓരോ സമയങ്ങളിൽ കഴിക്കാവുന്ന ഭക്ഷണത്തിനും അളവിനും ക്രമീകരണങ്ങൾ ഉണ്ട്. ഭക്ഷണം കഴിഞ്ഞാൽ ഉടനെ അദ്ധ്വാനമുള്ള ജോലി അരുത്. രാത്രി ഭക്ഷണം കഴിഞ്ഞാൽ ഉടനെ ഉറങ്ങരുത്. പാകം ചെയ്‌ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ്‌ നന്ന്. അമിതവേഗത്തിലും, അധികം സമയം എടുത്തുള്ള ആഹാരസേവയും ദോഷകരങ്ങളാണ്‌.
ചില പദാർഥങ്ങൾ ചേർത്ത് കഴിക്കുമ്പോൾ വിഷമയമാകുമെന്നും പല ദൂഷ്യങ്ങൾ ഉണ്ടാകുമെന്നു തിരിച്ചറിഞ്ഞിരുന്നു. അങ്ങിനെയുള്ള combination നെ വിരുദ്ധാഹാരങ്ങൾ എന്ന് പറയുന്നു. "വിരുദ്ധ മപിച ആഹാരം വിദ്യാവിഷഗരോപമം'' (അഷ്ടാംഗ ഹൃദയം). വിരുദ്ധ ആഹാരം തുടർച്ചയായി കഴിക്കുന്നത് വിഷം പോലെ ഉപദ്രവകാരിയാണ്..രോഗ പ്രതിരോധ ശേഷിക്കു മങ്ങലേല്പിചെക്കാം. കാരണം കണ്ടുപിടിക്കാനാകാത്ത രോഗങ്ങള്ക്ക് കാരണമായേക്കാം. ആഹാര കാര്യത്തിൽ മതിയായ ശ്രദ്ധ നല്കാത്തതാണ് പല രോഗാവസ്ഥകൾക്കും കാരണം.
വിരുദ്ധാഹാരികള്‍ ക്രമേണ വാതം, ത്വക്ക്, ഉദര രോഗങ്ങള്ക്ക് അടിമപ്പെടുമത്രേ. അങ്ങിനെയുള്ള ധാരാളം വിരുദ്ധാഹാരങ്ങളുടെ combination നുകൾ ഉണ്ട്. ചില ഉദാഹരണങ്ങൾ മാത്രം :-
• പാലിനോടൊപ്പം പുളി ഉള്ള ആഹാരങ്ങളോ, പഴങ്ങളോ വിരുദ്ധമാണ്; നല്ല പഴുത്ത മധുരമുള്ള പഴങ്ങൾ വിരുദ്ധമല്ല.
• മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്.
• മത്സ്യമാംസാദികളോടൊപ്പം പാൽ ഉൽപ്പന്നങ്ങൾവിരുദ്ധങ്ങളാണ്
• പല മാംസങ്ങൾ ഒന്നിച്ച് ഉപയോഗിക്കുന്നത് വിരുദ്ധമാണ്.
• തൈര്, പാൽ, തേൻ ഇവ ഏതെങ്കിലും ഒന്നിച്ച് ചേർത്ത് കഴിക്കരുത്
• തേനും ഉഴുന്നും വിരുദ്ധ ആഹാരമാണ്.
• കൂണും, മോരും ഒന്നിച്ചുപയോഗിക്കാൻ പാടില്ല.
• തേന്‍ , നെയ്യ്, എണ്ണ, വെണ്ണ – ഇവയില്‍ രണ്ടെണ്ണമോ അതിൽ കൂടുതലോ തുല്യമായി ചേര്ത്താുൽ വിഷമാണ്.
• തണുത്തതും ചൂടുള്ളതുമായ ആഹാരം ഒരുമിച്ച്‌ ചേര്ക്കു ന്നതും വിരുദ്ധമാണ്.
• കൊഴുപ്പുള്ള ആഹാരത്തോടൊപ്പം തണുത്ത വെള്ളം അരുത്.
• തേൻ ചൂടാക്കി കഴിക്കുകയോ ചൂടുള്ള ആഹാര സാധനത്തിൽ തേൻ ഒഴിച്ചു കഴിക്കുകയോ അരുത്
ജീവിതക്രമത്തിലെ അപഥ്യങ്ങളും ക്രമം തെറ്റിയ ആഹാര ശീലങ്ങളും, ജീവിതശൈലിയും പാശ്‌പാത്യ ഭക്ഷണരീതിയും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പാരമ്പര്യ ആഹാര ശൈലിയിൽ നിന്നും വിട്ടു പോകുന്നത് വളരെ ദോഷം ചെയ്യും.
(Photo Google)

Sunday, October 4, 2015

ചിലമ്പ് -- ചെറുകഥ

രാവേറെ ചെന്നിരിക്കുന്നു ... രണ്ടു വ്യാഴ വട്ട ത്തിനു ശേഷം ജനിച്ച വീട്ടില്‍ വീണ്ടും ഒരു രാത്രി... മുരളിക്ക് ഉറക്കം വന്നതേയില്ല ... ജനല്‍ വാതിലിനടുത്ത് ചെന്ന് മുരളി പുറത്തേക്ക് നോക്കി ..വൃശ്ചിക മാസം ആണെന്ന് തോന്നുന്നു അകലെ തൊടിക്ക പ്പുറത്ത് നിന്നുള്ള വയലില്‍ നിന്നും അടിക്കുന്ന കാറ്റിനു നല്ല തണുപ്പ് .

മുരളി ആലോചിച്ചു .... എന്തുകൊണ്ട് അമ്മയും അനിയനും നീ ഇത്രകാലം എവിടെ ആയിരുന്നു എന്ന് ചോദിച്ചില്ല .. ഒരുമിച്ചു അത്താഴം കഴിക്കുമ്പോള്‍ ആ ചോദ്യം പ്രതീക്ഷിച്ചതാണ്
 ..പക്ഷെ ...
അമ്മ ... തന്നെ ഊട്ടുന്ന തിരക്കിലായിരുന്നു .. തനിക്ക്‌ ഏറെ ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരിയും കാളനും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് ...
ഒരു പക്ഷെ തന്‍റെ യാത്ര അനിവാര്യമായിരുന്നു എന്ന് അമ്മയും അനിയനും കരുതുന്നുണ്ടാവും ...

ജനലില്‍ കൂടി എത്തുന്ന കാറ്റില്‍ ശരീരം തണുക്കാന്‍ തുടങ്ങിയപ്പോള്‍ മുരളി കിടക്കയില്‍ വന്നു കിടന്നു .. ഉറക്കം അപ്പോഴും വിട്ടു നില്‍കുന്നു .. മുകളില്‍ മച്ചി ലേക്ക് നോക്കി കിടന്നപ്പോള്‍ മനസ്സില്‍ കഴിഞ്ഞുപോയ തന്‍റെ പ്രവാസത്തെകുറി ച്ച് ഒന്ന് വിശകലനം ചെയ്യാന്‍ തുടങ്ങി ...
കഴിഞ്ഞ ഇരുപത്തിനാല് വര്ഷം ... അലയുകയായിരുന്നു ... എന്തെല്ലാം വേഷങ്ങള്‍ .. എന്തെല്ലാം ഭാഷകള്‍ ,എന്തെല്ലാം ജനങ്ങള്‍ .. എന്തെല്ലാം ജോലി .. കാറ്റ് , മഴ , ചൂട് , തണുപ്പ് ,,,,

ഇപ്പോഴിതാ വീണ്ടും ഇവിടെ ...

"അടച്ചിട്ട മുറിയുടെ വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ട് മുരളി കിടക്കയില്‍ നിന്നും തല ഉയര്‍ത്തി നോക്കി .. അമ്മ യാണ് ..
ഇരുപത്തിനാല് വര്‍ഷത്തിനു ശേഷവും എത്ര പെട്ടന്നാണ് അമ്മക്ക് തന്നെ മനസ്സിലായത് ..
മോനെ .. എന്ന ഒരു വിളിയില്‍ തന്നെ പുണരുമ്പോള്‍ വീണ്ടും അമ്മയുടെ പഴയ മുരളി കുട്ടന്‍ ആയി.. ഇന്ന് കാലം അമ്മയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പണ്ട് ഉണ്ടായിരുന്ന അതെ കുലീന ഭാവം ഇന്നും ഉണ്ട് .. ഒട്ടും കുറവില്ലാതെ ...

നീ ഉറങ്ങിയോ ? .. അമ്മ അടുത്ത് വന്നു കട്ടിലില്‍ ഇരുന്നു . മുരളി കട്ടിലില്‍ ചാരി ഇരുന്നു ...

അമ്മ അവന്‍റെ നെറുകയി ലൂടെ തലയില്‍ വിരലുകള്‍ ഓടിക്കാന്‍ തുടങ്ങി...
അപ്പോള്‍ മുരളിക്ക് സങ്കടം പെരുത്തുവന്നു.. ..
അമ്മെ.. ഞാന്‍ ..
അവന്‍ അമ്മയുടെ തോളില്‍ തല ചായ്ച്ചു കരയാന്‍ തുടങ്ങി
വേണ്ട .. മോനെ ..കരയല്ലേ.. സംഭവിച്ചത് സംഭവിച്ചു ....
അമ്മെ.. അച്ഛന്‍ ..
തന്‍റെ വായില്‍ നിന്നും അച്ഛന്‍ എന്നാ വാക്ക് കേട്ടപ്പോള്‍ അമ്മയുടെ കണ്ണിലും നനവ് പടരുന്നത് മുരളി കണ്ടു ...

മോന്‍ ഉറങ്ങിക്കോ .. എന്ന് പറഞ്ഞു അമ്മ പെട്ടന്ന് മുറി വിട്ടുപോയി ...
മുരളി കട്ടിലില്‍ ചാരി കിടന്നു ...

എത്രയോ രാവില്‍ ആ ദിവസവും ദൃശ്യ വും അവന്‍റെ ഉറക്കം നഷ്ടപെടുത്തിയിരിക്കുന്നു .. ഇന്നെങ്കിലും അതുണ്ടാവരുതെ എന്ന് പ്രാര്‍ഥി ച്ചതാ...
എന്നിട്ടും ...

എടീ .. ഒരുമ്പെട്ടോ ളെ ... സന്ധ്യക്ക്‌ എവിടാടീ നീ .. ഒരു അലര്‍ച്ച
ചോര കണ്ണുകളും , കയ്യില്‍ വാളും , ചുവന്ന പറ്റും ഉടുത്തു ആടി കുഴഞ്ഞു കോമര വേഷത്തില്‍ അച്ഛന്‍ ...

വീടിനു വെളിയിലേക്ക് വരുന്ന അമ്മ .. കസേരയുടെ മറവിലേക്ക് കണ്ണ് പൊത്തി ചുരുണ്ട് കൂടുന്ന അനിയന്‍ .. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നില്‍കുന്ന പതിനാലുകാരന്‍ ആയ താന്‍ ..
അമ്മയുടെ മുടി കുത്തി പിടിച്ചു മര്‍ദ്ധിക്കുന്ന അച്ഛന്‍ .. ഒരക്ഷരവും മിണ്ടാതെ കണ്ണീരോടെ താഡനം ഏറ്റുവാങ്ങുന്ന അമ്മ ...മിക്കവാറും എല്ലാ ദിവസവും വീട്ടിലെ സന്ധ്യാ സമയത്തെ കാഴ്ച..

പക്ഷെ .. അന്ന് അമ്മയെ അച്ഛന്‍ തള്ളി യപ്പോള്‍ അമ്മ ചുമരിലേക്കു വീണു .. പിന്നെ കുഴഞ്ഞു തറയില്‍ വീണ അമ്മയെ ചവിട്ടാന്‍ അച്ഛന്‍ കാലോങ്ങിയപ്പോള്‍ .. തന്‍റെ തലയില്‍ ഒരായിരം വണ്ടുകള്‍ മൂളുന്നതുപോലെ തോന്നി ..

പിന്നെ .. ഒറ്റ തള്ളായിരുന്നു .. ചാരുകസേരയും അച്ഛനും കൂടി തറയിലേക്കു ..
അത് കണ്ട അമ്മ തപ്പി പിടഞ്ഞു എണീറ്റ്‌ അച്ഛന്‍റെ അടുത്തേക്ക് ചെന്ന് അച്ഛനെ മലര്‍ത്തി ഇട്ടപ്പോള്‍ ..

കണ്ണ് തുറിച്ചു .. കഴുത്തില്‍ വാള്‍ അമര്‍ന്നു .. ചോര കൂടെ കൂടെ ചീറ്റുന്ന രംഗം
മോനെ.. എന്താ നീ ചെയ്തെ എന്നാ അമ്മയുടെ ഒരു ഒറ്റ നിലവിളി കേട്ടു ..
മുരളി അനിയനെ നോക്കി .. അവന്‍ അപ്പോഴും കാണാന്ടച്ചു കമിഴ്ന്നു കിടക്കുന്നു ....

പിന്നെ ഒന്നും നോക്കിയില്ല .. മുറ്റത്തേക്ക്‌ ഒരു ചാട്ടം .. പടികടന്നു ഒരോട്ടം ....

മുരളി തല കുടഞ്ഞു ... പിന്നെ കട്ടിലില്‍ കിടന്നു കണ്ണുകള്‍ ഇറുകി അടച്ചു ..

കാക്കകളുടെയും കോഴികളുടെയും ഒക്കെ ശബ്ദം കേട്ടാണ് മുരളി കണ്ണ് തുറന്നത് .. ഉറക്ക ത്തിന്‍റെ നേര്‍ രേഖയില്‍ നിന്നും ഉണര്‍വ്വിലെക്കെത്താന്‍ കുറച്ചു സമയം എടുത്തു .. ഒരു തരം സ്ഥല കാല ഭ്രമം ആദ്യം അനുഭവപെട്ടു .. പിന്നെ യാഥാര്‍ത്യ ത്തിലേക്ക് മനസ്സും ശരീരവും പാകപെട്ടു..
ജനലില്‍ കൂടി സൂരന്റെ രശ്മികള്‍ അരിച്ചരിച്ചു റൂമില്‍ എത്തിയിട്ടുണ്ട്
കുറച്ചു നേരം മച്ചിലേക്ക് തന്നെ നോക്കി കിടന്നു .. സമയം എത്ര ആയിട്ടുണ്ടാവും ..

ഇത്രയും കാലം സമയത്തെ കുറിച്ച് താന്‍ അന്വേഷിട്ടെ ഇല്ല .. ഇപ്പൊ എന്തെ അങ്ങിനെ ഒരു വിചാരം .. മുരളി ഉള്ളില്‍ ഒന്ന് ചിരിച്ചു ..പിന്നെ പതുക്കെ എണീറ്റ്‌ ഉമ്മരത്തെക്ക് ചെന്നപ്പോള്‍ ആരെയും കണ്ടില്ല.. അടുക്കളയിലേക്കു ചെന്നപ്പോള്‍ അമ്മ ദോശ ഉണ്ടാക്കുന്നു ..

നീ എണീറ്റോ .. കുറച്ചും കൂടി കിടന്നൂടായിരുന്നോ .. അമ്മ ചോദിച്ചു ..
അതിനുത്തരം പറയാതെ പുറത്തേക്ക് ഇറങ്ങി ...

പുറത്ത് കിണറി ന്‍റെ അടുത്ത് ചെന്ന് കിണറ്റിലേക്ക് ഒന്ന് നോക്കി .. പിന്നെ മുറ്റത്തൂടെ ഉമ്മറത്തെ ത്തി .. അവിടെ തൊടിയിലേക്ക്‌ നോക്കിയപ്പോള്‍ ഒരു സിമന്റ് കല്ലറ .. മുരളി ഒന്ന് ഞെട്ടി .. കുറച്ചു നേരം ആ കല്ലറ നോക്കി നിന്ന ശേഷം അതിനടുത്തേക്ക് ചെന്നു .. പിന്നെ പതുക്കെ അത് ഒന്ന് തൊട്ടു .. മനസ്സില്‍ പറഞ്ഞു

അച്ഛാ .. മാപ്പ് .. മുരളിയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വീഴാന്‍ തുടങ്ങി ..

ഒരു ഒറ്റ ചെണ്ടയുടെ നാദ ത്തോടൊപ്പം ഒരു ചിലങ്കയുടെ ശബ്ദവും കേട്ട് മുരളി തിരിഞ്ഞു നോക്കി .. അപ്പോള്‍ ചുവന്ന പട്ടുടുത്തു കയ്യില്‍ വാളും , കാലില്‍ ചിലങ്കയും അണിഞ്ഞു കോമരവും പിന്നില്‍ ചെണ്ടയില് ഒറ്റത്താളം കൊട്ടി ചെണ്ടക്കാരനും ചാക്ക് ചുമടും ഏന്തി വേറെ രണ്ടു മൂന്നു പേരും കൂടി പടി കടന്നു വരുന്നു ..

ദേവീ ... കോമരം നീട്ടി വിളിച്ചു .. ആ വിളികേട്ടു അമ്മ ഉമ്മറത്തേക്ക് വന്നു ..
അമ്മ ചുറ്റും നോക്കുന്നു .. തന്നെ അന്വേഷിക്കുകയാവും .. മുരളി ഒരു നിമിഷം ആലോചിച്ചു .. അങ്ങോട്ട്‌ പോകണോ .. പിന്നെ ഉമ്മറത്തെക്ക് ചെന്നു ..
ഉമ്മറത്ത്‌ എത്തിയപ്പോള്‍ കൊമാരത്തി നു സംശയം പോലെ മുരളിയെ തറപ്പിച്ചു നോക്കി .. പിന്നെ അമ്മയുടെ മുഖത്തേക്കും ...

മുരളി .. എന്‍റെ മൂത്ത മകന്‍ .. ഇന്നലെയാ വന്നത് ...

കോമരം ഒന്നും കൂടി മുരളിയെ നോക്കി.. പിന്നെ അച്ഛന്‍റെ കല്ലറയിലെ ക്കും ...
എന്നിട്ട് കണ്ണടച്ച് കുറച്ചു നേരം നിന്നു .. പിന്നെ മുരളിക്ക് നേരെ അടുത്ത് വന്നു കയ്യിലുള്ള അരിയും പൂവും നെറുകയിലേക്ക് എറിഞ്ഞു ...
"" ഒക്കെ ക്ഷമിച്ചിരിക്കുന്നു ....കഷ്ടകാലം കഴിയുന്നു ... മനസ്സിലെ തീ അണ ച്ചോളൂ ...ശിഷ്ടകാലം സന്തോഷ ത്തിന്‍റെ താണ് ...

തൊഴു കൈ യ്യുമായി മുരളി കണ്ണടച്ച് തല കുമ്പിട്ടു നിന്നു .. അപ്പോള്‍ ഒരു ഇളം തെന്നല്‍ അവരെ എല്ലാവരെയും തഴുകി കടന്നു പോയി ...

Monday, September 28, 2015

ഒഴിഞ്ഞ കൂട് ( ചെറു കഥ )അതിരാവിലെ തുടങ്ങിയ മഴയാ .. ഇതുവരെ പെയ്ത് ഒഴിഞ്ഞിട്ടില്ല. നേര്‍ത്ത്‌ പെയ്തു തുടങ്ങി ഇപ്പൊ രൌദ്ര ഭാവത്തിലാണ് പെയ്യുന്നത് .. സമയം എഴുമണി ആയിരിക്കുന്നു ...
രജനി കിടക്കയില്‍ നിന്നും എഴുന്നേറ്റു .. തൊട്ടപ്പുറത്ത്
കിടക്കുന്ന ഭര്‍ത്താവിനെ നോക്കി .. അദ്ദേഹം മൂടിപുതച്ചു കിടക്കുകയാണ് ...
അവള്‍ അടുക്കളയില്‍ ചെന്ന് എന്നത്തെയും പോലെ ജനവാതില്‍ തുറന്നു .. അതാണ്‌ ആദ്യം ചെയ്യുക.. ജനവാതിലില്‍ കൂടി ഈറന്‍ പുരണ്ട ഒരു കാറ്റ് അവളുടെ മുഖത്തേക്ക് അടിച്ചു.. ജനവാതിലില്‍ കൂടി നോക്കിയാല്‍ തൊടിക്കു അപ്പുറം വിശാലമായ വെള്ള കെട്ടു ആണ് ..
മൂടികെട്ടി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ ആ വെള്ളകെട്ടും അതിന്‍റെ പരിസരവും കാണാന്‍ തന്നെ നല്ല ഭംഗി .. അവള്‍ കുറച്ചു നേരം അത് തന്നെ നോക്കി നിന്നു ..
ഞായറാഴ്ച യാണ് . ഭര്‍ത്താവിനു ഓഫീസ് ഇല്ല .എല്ലാം വളരെ പതുക്കെ പതുക്കെ ചെയ്തു തുടങ്ങുന്ന ദിവസം . അല്ലാത്ത ദിവസങ്ങളില്‍ അഞ്ചു മണിക്കേ എണീറ്റ്‌ അടുക്കളയില്‍ കേറണം ... ഏഴു മണി ആവുമ്പോഴേക്കും അദ്ദേഹത്തിനു പോകണം ...
രജനി അടുക്കളയുടെ വാതില്‍ തുറന്നു പുറത്തേക്ക് ഇറങ്ങി..
"രജനി അമ്മേ .. രജനി അമ്മേ .." . മിച്ചുവിനു വിശക്കുന്നു ...
മിച്ചു ..ഒരു പനം തത്തയാണ് .. വിറകുപുരയില്‍ ഒരു കൂട്ടിലാണ് അവന്‍. മുന്പ് തൊടിയിലെ ഒരു തലപോയ തെങ്ങ് വെട്ടിയപ്പോള്‍ ആ തെങ്ങിലെ പൊത്തില്‍ നിന്നും കിട്ടിയതാ.. അന്ന് അവന്‍ വളരെ ചെറുതാ യിരുന്നു .. അവനെ വളര്‍ത്താം എന്ന് പറഞ്ഞപ്പോ ഭര്‍ത്താവ് ആദ്യം സമ്മതിച്ചില്ല ... അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആണ് അയാള്‍ സമ്മതിച്ചതും ടൌണില്‍ നിന്നും ഒരു കൂട് മേടിച്ചു കൊണ്ടുവന്ന തും. അവള്‍ അവനെ മിച്ചു എന്ന് വിളിക്കാന്‍ തുടങ്ങി ..ഇപ്പൊ അവന്‍ വലുതായി.. സംസാരിക്കാന്‍ തുടങ്ങി ...
രജനി അടുക്കളയിലേക്കു തന്നെ തിരിച്ചു കയറി.. അവിടെ പച്ചക്കറി കൊട്ടയില്‍ നിന്നും ഒരു ചെറു പഴം എടുത്തു . മിച്ചുവിന്‍റെ കൂട് തുറന്നു അതിലുള്ള ചെറു കിണ്ണ ത്തില്‍ ചെറിയ കഷണങ്ങള്‍ ആക്കി ഇട്ടു കൊടുത്തു ... പിന്നെ ബ്രഷ് എടുത്തു മിച്ചു പഴം തിന്നുന്നതും നോക്കി പല്ല് തേപ്പു തുടങ്ങി ...
അത് കഴിഞ്ഞു അടുക്കളയില്‍ വന്നു സററവ്വ് കത്തിച്ചു ചായക്ക് വെള്ളം വെച്ചു ...ബെഡ് റൂമില്‍ ചെന്ന് നോക്കി .. അദ്ദേഹം ഉറക്കത്തില്‍ തന്നെ ആണ്. അവള്‍ അയാളെ വിളിക്കാന്‍ പോയില്ല .. തിരിച്ചു അടുക്കളയില്‍ വന്നു ജനവാതിലിലൂടെ പുറത്തെ മഴനോക്കി കൊണ്ടിരുന്നു .. പുറത്തെ മൂടികെട്ടിയ അന്തരീക്ഷവും മഴയും എല്ലാം നോക്കി കൊണ്ടിരുന്നപ്പോള്‍ അവളുടെ മനസ്സിലും ദു : ഖ ത്തിന്‍റെ മഴ ക്കാര്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി...
- എന്താ വിശേഷം ഒന്നും ആയില്ലേ....
-- കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ നാലഞ്ചു കൊല്ലം ആയില്ലേ...
-- നല്ല ഒരു ഡോക്ടറെ കണ്ടുകൂടെ ....
--- ആര്‍ക്കാ കുഴപ്പം ....
ഒരുപാട് ചോദ്യങ്ങള്‍ ..കാണുന്നവര്‍ ഒക്കെ ചോദ്യങ്ങള്‍ എപ്പോഴും ആവര്ത്തിക്കുന്നതുകൊണ്ട് പുറത്തേക്ക് തന്നെ പോവാറില്ല...
കല്ല്യാണം കഴിഞു രണ്ടു വര്ഷം ആയിട്ടും വിശേഷം ഒന്നും ആയില്ല . അപ്പോഴാണ് നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ അതിലും പ്രശസ്ത ആയ ഗൈ ന ക്കൊളജിസ്ററി നെ കാണാന്‍ പോയത്. ഊഴം കാത്തു ഇരിക്കുമ്പോള്‍ മുറിക്കു പുറത്തുള്ള ചുമരില്‍ ഒരു പൂ പോലെ വിരിയുന്ന പാല്‍ പുഞ്ചിരിയോടെ ഉള്ള ഒരു കുഞ്ഞിന്‍റെ കോമള ചിത്രം . അതില്‍ നിന്നും കണ്ണെടുക്കാന്‍ തന്നെ തോന്നിയില്ല ... ആ കുഞ്ഞിനെ പോലെ ഒരു കുഞ്ഞിനെ വാരി എടുത്തു നെഞ്ചോടു ചേര്‍ക്കാന്‍ അവളുടെ മാറിടം ത്രസിച്ചു ...
പരിശോധനകള്‍ക്കും ഒരു പാട് ടെസ്റ്റുകള്‍ക്കും ശേഷം തനിക്ക്‌ ഒരമ്മ ആവാന്‍ കഴിയില്ല എന്ന് അറിഞ്ഞപ്പോള്‍ .......
ഇപ്പോള്‍ ആ തിരിച്ചറിവ് ഉള്കൊണ്ടിരിക്കുന്നു.
അതിനു ശേഷം അദ്ദേഹം ...
അതാണ്‌ അവള്‍ക്കു ഏറെ സഹിക്കാന്‍ കഴിയാത്തത് ... എപ്പോഴും തമാശയും കളിയും ചിരിയും ഒക്കെ ഉണ്ടായിരുന്ന വീട്ടില്‍ ഇപ്പോള്‍ ശ്മശാന മൂകത .... രണ്ടു റോബോട്ടുകള്‍ പോലെ രണ്ടു മനുഷ്യര്‍ .. ആകെ ഇടക്കിടക്കുള്ള മിച്ചു വിന്‍റെ ചിലക്കലും സംസാരങ്ങളും മാത്രം ...
വെള്ളം തിളക്കാന്‍ തുടങ്ങിയിരിക്കുന്നു. ചായ്പൊടി ഇട്ടു ഒന്ന് കൂടി തിളച്ചതിനു ശേഷം അവള്‍ സററവ്വ് ഓഫ്‌ ചെയ്തു ..
ശിര്‍..ര്‍ .. ര്‍ .. എന്ന ഒരു ശബ്ദം .. ജനലില്‍ കൂടി നോക്കിയപ്പോള്‍ രണ്ടു പച്ച ചിറകുകള്‍ ... അവള്‍ ഓടി അടുക്കള വാതിലിലൂടെ പുറത്തേക്കു ചെന്നപ്പോള്‍ മിച്ചു കൂട്ടിനു വെളിയില്‍ കൂട്ടി ഇട്ടിരിക്കുന്ന വിറകിനു മുകളില്‍ ഇരിക്കുന്നു. കൂട് തുറന്നു കിടക്കുന്നു.. പഴം കൊടുത്തു അവള്‍ കൂട് അടക്കാന്‍ മറന്നു പോയതായിരുന്നു ..
അവള്‍ മിച്ചു വിന്റെ അടുത്തേക്ക് ചെന്ന് .. മിച്ചു .. ന്നു വിളിച്ചു..
മിച്ചു .. ഒന്ന് അവളെ നോക്കി .. എന്നിട്ട് ചിറക്‌ വിടര്‍ത്തി മഴയിലേക്ക് .. പിന്നെ ദൂരെ ..ദൂരേക്ക് ...ഒരു പൊട്ടുപോലെ ...
രജനിയുടെ അടിവയര്‍ ഒന്ന് കിടുങ്ങി ... കാലുകള്‍ തളരുന്നത് പോലെ തോന്നി .. തല പെരുക്കുന്നതുപോലെയും .. അവള്‍ പതുക്കെ പതുക്കെ കുഴഞ്ഞു മഴത്തുള്ളികള്‍ കൊണ്ട് നനഞ്ഞ തറയിലേക്ക് ......
പുറത്ത് അപ്പോഴും മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരുന്നു ...

Friday, September 25, 2015

മരണമെത്തുന്ന നേരം

മരണമെത്തുന്ന നേരം
>>>>>>>>>><<<<<<<<<<< 

എന്തൊരു വേദന. സഹിക്കാൻ വയ്യാത്ത വേദന. കൈ കാലുകൾ  അനക്കാൻ വിഷമം. ആരുടെയെങ്കിലും സഹായമില്ലാതെ അനങ്ങാൻ വയ്യ. വാർദ്ധക്യം. അവശത, ജീവിതത്തിന്റെ ഭാരമേറി  അയാൾ തളർന്നു.  ഇനി ഏറിയാൽ അര നാഴിക നേരം. ബോധം മങ്ങിയും തെളിഞ്ഞും കൊണ്ടിരുന്നു.

മനസ്സ് പിന്നോട്ടു സഞ്ചരിച്ചു. തന്റെ യൗവനകാലം.. സ്വതന്ത്രനായി കുതിരയെ പോലെ ആമോദിച്ചു നടന്ന കാലം. ജീവിക്കാൻ ഉള്ള വരുമാനം, ലോകമെല്ലാം ചുറ്റി സഞ്ചരിച്ചു.  ധാരാളം സ്നേഹിതർ. ചെറിയ ചെറിയ ദുഃശ്ശീലങ്ങൾ . മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സ്. ആർക്കും  ഉപദ്രവകാരിയല്ലാതെ ചെറിയ ചെറിയ ദുശ്ശീലങ്ങളുമായി  ജീവിച്ചു പോന്നു. ചിട്ടയായ ജീവിതം  ചെറിയ ചെറിയ തമാശകൾക്കു പോലും പൊട്ടിച്ചിരിക്കുമായിരുന്നു.

സുഹൃത്തുക്കൾ നിർദ്ദേശിച്ചു.   ഇനി നീ ഒരു കല്യാണം കഴിക്ക്. വീട്ടുകാരും  നാട്ടുകാരും ബന്ധുക്കളും എല്ലാം നിർബന്ധിച്ചു..നീ ഒരു കല്യാണം കഴിക്ക്. അയാൾക്ക്‌  സംശയം. എനിക്കിപ്പോൾ എന്താ ഒരു കുഴപ്പംഇങ്ങനെ അങ്ങ് ജീവിച്ചാൽ പോരേ.

സുഹൃത്തുകൾ പറഞ്ഞു. പോരാ, നിനക്ക് ജീവിതത്തിൽ ഒരു കൂട്ട് വേണ്ടേ?.. അച്ഛനും അമ്മയ്ക്കും കുഞ്ഞിക്കാലു കാണാൻ ധൃതിയായി. ബന്ധുക്കളും നാട്ടുകാരും ഉപദേശങ്ങൾ തന്നുസ്നേഹം തരാൻ, കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്താൻവെച്ച് വിളമ്പി തരാൻ, വയ്യാതെ വന്നാൽ ശുശ്രൂഷിക്കാൻനേർവഴിക്കു നയിക്കാൻജീവിതം ചിട്ടയാക്കാൻചാവാൻ കിടക്കുമ്പോൾ അടുത്തിരിക്കാൻ വെള്ളം തരാൻഇതിനെല്ലാം ഒരു പെണ്കൂട്ടു  വേണം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മക്കളും കൊച്ചുമക്കളും എല്ലാമായി ജീവിക്കണ്ടേ ?

തനിക്കും  തോന്നി. ശരിയാണെന്ന്. ജീവിതത്തിൽ ഒരു കൂട്ടുള്ളത് നല്ലതാണ്. ആന്യോന്യം സഹായിക്കാം. ദുഃഖം പങ്കു വയ്ക്കാം. ഒത്തു ചേർന്ന് സന്തോഷിക്കാം.. പിന്നെ കുഞ്ഞിക്കാലും..  നല്ല പൊരുത്തം. നല്ല  മുഹൂർത്തം……… നല്ല ചേർച്ച… . തന്റെ ജീവിതത്തിനു മാറ്റം വരുന്നത് അയാളറിഞ്ഞു. ശ്രദ്ധ മുഴുവൻ സ്വന്തം കുടുംബത്തിനായി മാറ്റി വച്ചു. സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടു. സ്വാതന്ത്ര്യം ഇല്ലാതായി. എങ്കിലും ജീവിത ഭാരം തനിക്കു ഇഷ്ടമായിരുന്നു.  ഉത്തരവാദിത്വങ്ങൾ സന്തോഷമായിരുന്നു,

ഹോ വയ്യാ. ഈ വേദന. താങ്ങാൻ വയ്യ.. ബോധം മങ്ങിയും തെളിഞ്ഞും കൊണ്ടിരുന്നു. ഇതാരൊക്കെയാണ് തന്റെ അടുത്ത്. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും ഉണ്ടല്ലോ... കൊച്ചു മക്കളുടെ എല്ലാം കളിചിരികൾ. വേണ്ട പെട്ടവരൊക്കെ അടുത്തിരിക്കുമ്പോൾ എന്തൊരു സുരക്ഷിതത്വ ബോധം. വേദനകളൊക്കെ മറക്കുന്നു. അയാളുടെ ചുണ്ടിൽ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും  പുഞ്ചിരി.

നിർത്താതെയുള്ള  മണിയടി. യമരാജാവ്തന്നെ കൊണ്ട് പോകാൻ വരുന്നതാണോ? വീണ്ടും വീണ്ടുമുള്ള  മണിയടി ശബ്ദം കേട്ടാണ്  അയാൾ  മയക്കത്തിൽ നിന്നും ഉണർന്നത്. ഹോം നേഷ്സിന്റെ മോബൈൽ ഫോണിന്റെ ശബ്ദമാണ് കേട്ടത്. നേഷ്സ്  ഉച്ചത്തിൽ ഫോണിലൂടെ ആരോടോ സംസാരിച്ചു കൊണ്ട് ചിരിക്കുന്നു. തന്റെ ഭാര്യയുടെയും മക്കളുടെയും എല്ലാം സ്നേഹവും കടപ്പാടും എല്ലാം ഹോം നേഷ്സിന്റെ രൂപത്തിൽ തനിക്കു കൂട്ടിരിക്കുന്നു.  ഇതു വരെ മയക്കത്തിൽ കണ്ട സ്വപ്നത്തിന്റെ സന്തോഷം മാഞ്ഞു പോയി. താൻ കൂടുതൽ തളരുന്നതായി അയാൾക്ക്തോന്നി. തൊണ്ട വരളുന്നു. അല്പം വെള്ളം കിട്ടിയാൽ നന്നായിരുന്നു. പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല, കൈ പോക്കാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. ------------

അയ്യാളുടെ കാഴ്ച  മങ്ങുന്നു. കണ്‍പോളകൾ ചലിക്കുന്നില്ല. നേഷ്സിന്റെ ചിരിശബ്ദം അവ്യക്തമായിട്ടേ കേൾക്കുന്നുള്ളൂ. ശ്വാസം നേർത്തു നേർത്തു നിലക്കുന്നു. .. ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ കണികയിൽ എന്തെങ്കിലും ഗന്ധമുണ്ടായിരുന്നോ. ….

അയാൾക്കിപ്പോൾ വേദനകളില്ല, ആഗ്രഹങ്ങളില്ല, നിരാശയില്ല, സങ്കടങ്ങളൊന്നുമില്ല.