Monday, August 31, 2015

അവള്‍

എവിടെ വെച്ചായിരിക്കും അയാള്‍ക്ക്‌ അയാളെ തന്നെ നഷ്ടപെട്ടിട്ടുണ്ടാവുക ...അയാളെ തന്നെ ആണോ ,അതോ അയാള്‍ക്ക്‌ പ്രിയപ്പെട്ട വല്ലതും ആയിരിക്കുമോ ? ഇനി നഷ്ടം തന്നെ ആണോ .. നടുക്കുന്ന ഏതെങ്കിലും ഒരു സംഭവത്തിന്‍റെ കറുത്ത ഓര്‍മ്മകള്‍ കടല്‍ തിരപോലെ ആര്‍ത്തലച്ചു മനസ്സിലേക്ക് വരുന്നുണ്ടാവുമോ ... കടിഞ്ഞാണി ല്‍  തളച്ച ഒരു ഭ്രാന്തന്‍ കുതിര കടിഞ്ഞാണ്‍ പൊട്ടിച്ചു അയാളുടെ മനസ്സില്‍ നിന്നും പുറത്തേക്ക് ചാടാന്‍ തയ്യാറായി ഇപ്പോഴും മുക്ര ഇടുന്നുണ്ടാവുമോ ...

എന്തായാലും ഒരു ആഘാതം അയാളുടെ മനസ്സിനെ മഥിക്കുന്നു ണ്ട് ....

അല്ലെങ്കില്‍ അയാള്‍ എന്ത് കൊണ്ടാണ് ഇങ്ങനെ ..

എന്താണ് അയാള്‍ക്ക്....

ഇത്രയും കാലത്തെ ജീവിത അദ്ധ്യാ യ ത്തിന്‍റെ ഏടുകളില്‍ ഒരു വരിയായോ, ഒരു വാക്കായോ , പ്രത്യക്ഷപെടാത്ത ഒരാളാണല്ലോ അദ്ദേഹം


വളരെ ദൂരെ ഉള്ള ഓഫീസില്‍ നിന്നും വീടിന്‍റെ അടുത്തേക്കുള്ള ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ ശ്യാമ വളരെ അധികം സന്തോഷിച്ചു ... അര മണിക്കൂര്‍ ട്രെയിന്‍ യാത്രകൊണ്ട് ചെന്നെത്താവുന്ന ദൂരം. വീട്ടില്‍ ഭര്‍ത്താവും കുട്ടികളും ഒത്തു ചിലവിടാന്‍ , വീട്ടു കാര്യങ്ങള്‍ നോക്കാന്‍ ഒക്കെ കൂടുതല്‍ സമയം കിട്ടുമല്ലോ എന്ന ആഹ്ലാദം .. പിന്നെ മാസ ശമ്പളത്തില്‍ നിന്നും ചെലവ് കുറച്ചു കുറയുമല്ലോ എന്നാ ആശ്വാസം ..

ഓഫീസില്‍ തന്‍റെ എതിര്‍ വശത്തുള്ള സീറ്റില ആയിരുന്നു അദ്ദേഹം .. . സീനിയര്‍ ക്ലാര്‍ക്ക് ആണ് . വയസ്സ് ഒരു 45 അടുത്ത് വരും ..

പുതുതായി വന്ന ഒരു ആളെ പ്രത്യേകിച്ച് സ്ത്രീ ആണെങ്കില്‍ അവരെ ഇങ്ങോട്ട് വന്നു പരിചയപെടാനും , സഹായിക്കാനും ഒക്കെ ഓഫീസിലെ മറ്റു സ്ടാഫ്ഫുകള്‍ ക്ക് വലിയ താത്പര്യം ആയിരിക്കും ..പക്ഷെ ഇദ്ദേഹം ഇങ്ങനെ ഒരാള്‍ അയാള്‍ക്ക്‌ എതിര്‍ വശത്തായി ഇരിക്കുന്നുണ്ട്‌ എന്ന് പോലും ഗൌനിക്കാതെ തടിച്ച ലെഡ്ജര്‍ ബുക്കില്‍ എഴുതിയും, വരച്ചും , വെട്ടിയും , കണക്കുകള്‍ കൂട്ടിയും കൂനി കൂടി ഇരിക്കുകയായിരുന്നു ..

പിന്നീടു എപ്പോഴോ മനസ്സിലായി അദ്ദേഹത്തിന്‍റെ പേര് കൃഷ്ണ കുമാര്‍ ആണ് എന്ന് .. വിവാഹിതന്‍ .. പക്ഷെ കുട്ടികള്‍ ഇല്ല ..

"മാഡം "... സുപ്പ്രണ്ട് വിളിക്കുന്നു .....പ്യൂണ്‍ വന്നു വിളിച്ചു ...

സീറ്റില്‍ നിന്നും എണീറ്റ്‌ സൂപ്രണ്ടിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഇരിക്കാന്‍ ആഗ്യം കാണിച്ചു ...

ശ്യാമക്ക് ഒന്ന് പറ്റിയില്ലല്ലോ .. പേടിച്ചു പോയോ.. ?

ആ ചോദ്യത്തി നുത്തരം കരച്ചില്‍ ആയിരുന്നു...

സാരല്ല്യ.. മുന്‍പേ താളം തെറ്റിയ മനസ്സിന്‍റെ ഉടമ ആണ് അദ്ദേഹം .. കൌണ്സിലിംഗ് കൊണ്ട് നോര്‍മല്‍ ആയതായിരുന്നു ..

സാര്‍.. അതിനു എന്തെങ്കിലും കാരണം .. ..

കുട്ടികള്‍ ഉണ്ടാവാത്ത തു വലിയ ഒരു മാനസിക പ്രശനം ആയിരുന്നു അദ്ദേഹത്തിന് . ഭാര്യക്കല്ല കുഴപ്പം. അദ്ദേഹത്തിനു ആണ് . കുറെ മരുന്നുകള്‍ , മന്ത്രങ്ങള്‍ ഒക്കെ പരീക്ഷിച്ചതാ.

അത് പോട്ടെ ... എന്താ ഇന്ന് ഉണ്ടായത് ?

സാര്‍ .. ഞാന്‍ ജോലി ചെയ്തോണ്ടിരിക്കുംപോ എന്‍റെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ ഫോണ്‍ ചെയ്തു ...അവനിന്ന് സ്കൂള്‍ ഇല്ല .. അവന്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുവാരുന്നു .. പെട്ടെന്ന്
ആക്രോശിച്ചു കൊണ്ട് കൊല്ലും ഞാന്‍ നിന്നെ എന്നും പറഞ്ഞു  അദ്ദേഹം റൂള്‍ വടി എടുത്തു ഒരു ഏറു. ഭാഗ്യത്തിന് അത് എന്‍റെ ശരീരത്തില്‍ കൊണ്ടില്ല .. പിന്നെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അദ്ദേഹം എന്‍റെ നേരെ പാഞ്ഞടുത്തു .. പ്യൂണ്‍ ഓടിവന്നു അദ്ദേഹത്തെ  പിടിച്ചു ..

സാരല്ല്യ.. അദ്ദേഹത്തെ ഹോസ്പിറ്റലില്‍ കൊണ്ട് പോയിട്ടുണ്ട് .. വീട്ടില്‍ അറിയിച്ചിട്ടുണ്ട്.

സാര്‍ .. എനിക്ക് പേടി തോന്നുന്നു ...

പേടിക്കേണ്ടാ. .. ശ്യാമയുടെ സീറ്റ് മാറ്റിത്ത രാം ..

മനസ്സിന്‍റെ താളം തെറ്റിയ ഒരു ആളുടെ അറിവില്ലാതെ ചെയ്ത ഒരു കാര്യം ആയി കണ്ട്ടാല്‍ മതി.. പാവം ആണ് അദ്ദേഹം ..

പിന്നെ ഒരു അപേക്ഷയുണ്ട് ..

ഒരിക്കലും അദ്ദേഹത്തെ " ഭ്രാന്തന്‍" എന്ന് വിളിക്കരുത്. ...

ഇല്ല. സാര്‍ ..

ശ്യാമ അവിടെ നിന്നും ഇറങ്ങി .. തന്‍റെ സീറ്റില്‍ പോയിരുന്നു. അപ്പോള്‍ വീണ്ടും മൊബൈല്‍ ചിലച്ചു.. നോക്കുമ്പോള്‍ മോന്‍ വീണ്ടും വിളിക്കുന്നു ..
ആദ്യം ശങ്കിച്ചെങ്കിലും പിന്നെ ശ്യാമ ഫോണ്‍ എടുത്തു..

എന്താ മോനെ ..

" അതെ അമ്മെ .. ഇവിടെ ഒരു പ്രാന്തന്‍ വന്നിരുന്നു.. ചേച്ചിയും ഞാനും പേടിച്ചു.. അച്ഛന്‍ ഉണ്ടായിരുന്നു. അച്ഛന്‍ അയാളെ ഗൈറ്റിനു പുറത്താക്കി .. അയാള്‍ ചിരിക്കുകയും, ഒപ്പം കരയുകയും ചെയ്യുവാരുന്നു ..

ശ്യാമ ഫോണ്‍ കട്ട് ആക്കി മേശമേല്‍ തലയും വെച്ച് വെറുതെ കരഞ്ഞു....

Wednesday, August 19, 2015

ഓണം വന്നു

ഓണം വന്നു തലയിൽ കേറി
>>>>>>>>>>>>>><<<<<<<<<<<<<<<<<<<<<< 
ഓണം വരാറായല്ലോ . ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങണ്ടേ? പക്ഷെ ആര്ക്കും ഒരു അനക്കവും കാണാനില്ല. ഒന്നും ഒരുക്കേണ്ട ആവശ്യമില്ല.  ഇത് റെഡിമെയിന്റെ കാലമാണല്ലോ. എന്തും വാങ്ങാൻ കിട്ടും. textile കടകളിലും home appliance കടകളും സജീവമായി തുടങ്ങി..  ബേക്കറികളിൽ പല തരത്തിലുള്ള വിഭവങ്ങൾ എത്തിത്തുടങ്ങി.. ഇപ്പൊ ഓണം പ്രത്യേകിച്ചു  ആര്ക്കും ഒരു ആവേശവും ഉണ്ടാക്കാറില്ല. കാരണം എന്നും ഓണം തന്നെ.  ഞാൻ എന്റെ ചെറുപ്പ കാലത്തെ ഓണത്തെപ്പറ്റി ഓര്ത്തു. അന്നൊക്കെ ഒരു വര്ഷത്തെ  കാത്തിരിപ്പാണ് ഓണം വരാൻ.

എന്റെ മുത്തശ്ശി ഒരു കഥ പറഞ്ഞത് ഓർക്കുന്നു.. വളരെ ആഡംബരത്തിൽ കഴിയുന്ന ഒരു വലിയ ധനികന്റെ മകൻ ഓണ ദിവസം അമ്മയോട് ചോദിച്ചത്രേ. ഈ ഓണം  എന്നാൽ എന്താണ് എന്ന്. എന്നും സുഭിക്ഷമായി ആഡംബരത്തിൽ കഴിയുന്ന ആ കുട്ടിക്ക്  ഓണം എന്ത് അനുഭവം ഉണ്ടാക്കാനാണ്. ആ മകൻ പിന്നീട് വളരെ ദാരിദ്ര്യത്തിൽ കഴിയേണ്ടി വന്നത്രേ. അക്കാലത്ത്  ഓണം അത്ര മാത്രം പ്രാധാന്യമുള്ളതു ആയിരുന്നു.  കാര്ഷിക വൃത്തിയിൽ നിന്നും അകന്നത് കൊണ്ടാണ് ഇന്നു നമുക്കു ഓണത്തിന് വലിയ പ്രാധാന്യം തോന്നാത്തത്  എന്ന് തോന്നുന്നു. ഒരു വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ് ഓണം.

പണ്ട് ഓണത്തിന് വളരെ മുമ്പേ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങും. ഓല മേഞ്ഞു ചാണകം മെഴുകിയ വീടുകളായിരുന്നു മിക്കവാറും എല്ലാം. തറയും മണ്‍ഭിത്തികളും  പൊട്ടിയ ഭാഗമെല്ലാം മണ്ണ് കുഴച്ചു തേച്ചു പിടിപ്പിക്കുന്നു. എന്നിട്ട് ചാണകവും തൊണ്ടുകരിയും കൂടി കുഴച്ചു തളിക്കും. കുറച്ചു ദിവസത്തേക്ക് നടക്കുമ്പോൾ കാലിന്റെ വെള്ളക്കെല്ലാം കറുത്ത നിറമായിരിക്കും മുറ്റവും വഴികളും ചുറ്റുപാടുകളും എല്ലാം ചപ്പു ചവറുകൾ മാറ്റി ചെത്തി വൃത്തിയാക്കും.

ഇവിടെയെല്ലാം കര്ഷക കുടുംബങ്ങളായിരുന്നു. സാധാരണയായി പഴംകഞ്ഞി, കഞ്ഞി, പുഴുക്കുകൾ ഒക്കെയായിരിക്കും ഭക്ഷണം. ഇതൊക്കെ മടുതിരിക്കുമ്പോൾ പലഹാരമൊക്കെ കഴിക്കാൻ കിട്ടുന്നത്  ഓണത്തിന് മാത്രമാണ്. ഉപ്പേരി, മുറുക്ക്, കുഴലപ്പം, അരിയുണ്ട തുടങ്ങിയ പലഹാരങ്ങൾ നേരത്തെ തന്നെ ഉണ്ടാക്കാൻ തുടങ്ങും. അവൽ, അരിപ്പൊടി തുടങ്ങിയവയെല്ലാം വീടുകളിൽ  തന്നെ ഉരലിലും തിരികല്ലിലും  ഒക്കെ ഉണ്ടാക്കിയെടുക്കും. കർഷകരായിരുന്നത് കൊണ്ട് അരി, ഉഴുന്ന്, പയർ, വെളിച്ചെണ്ണ, തേങ്ങ, പച്ചക്കറി,  പഴം, ഏത്തക്ക ഇവക്കൊന്നും  വലിയ ബുദ്ധി മുട്ടില്ലായിരുന്നെങ്കിലും ആരുടേയും പക്കൽ പണം ഉണ്ടായിരുന്നില്ല. കുട്ടികള്ക്ക് ഓണക്കോടി വാങ്ങി കൊടുക്കാൻ മാതാപിതാക്കൾ വളരെ ബുദ്ധിമുട്ടിയിരുന്നു. ഓണത്തിന് ഉത്രാട ചന്തയിൽ നിന്നും ഉരുളക്കിഴങ്ങും, അമരപ്പയറും, ശർക്കരയും വാങ്ങും. ഓണത്തിനു മാത്രമാണ് ഈ സാധനങ്ങൾ  വാങ്ങുന്നത്.

ഓണപരീക്ഷ കഴിഞ്ഞാൽ ഞങ്ങള്ക്ക് ഓണക്കളികൾ തുടങ്ങും.  മഴ  തോർന്നു മാനം തെളിയുമ്പോൾ ഓണ തുമ്പികൾ മുറ്റത്തു വട്ടമിട്ടു പറക്കാൻ തുടങ്ങും. അതിന്റെ കൂടെ വട്ടത്തിൽ ഓടി കളിക്കാൻ രസമായിരുന്നു. ഇവിടെ അടുത്ത് തന്നെ ഒരു വനം ഉണ്ടായിരുന്നു. (ഇപ്പോൾ അവിടെ റബ്ബർ പ്ലാന്റേഷൻ ആണ്.) വനത്തിൽ പോയാൻ കാട്ടു വള്ളി കിട്ടും. നല്ല ബലമുള്ള ചുണ്ണാമ്പു വള്ളി വെട്ടിക്കൊണ്ടു വന്നു പ്ലാവിന്റെ കൊമ്പിൽ വലിയ ഊഞ്ഞാലിടുംഅവിടെ പിന്നെ  എപ്പോഴും തിരക്കായിരിക്കും. പെണ്ണുങ്ങൾക്കാണ് ഊഞ്ഞാലാടാൻ വലിയ ഹരം. നിന്ന് കൊണ്ട് ചില്ലാട്ടം പറക്കലും. ആടിക്കൊണ്ടു പ്ലാവില പറിക്കലും ഒക്കെയാണ് ചിലരുടെ ഹോബി. ഞങ്ങളെ ആ പ്രദേശത്ത് അടുപ്പിക്കില്ല. ഇതുങ്ങളൊക്കെ വീണു നടുവോടിഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിക്കും.

അത്തം മുതൽ  ദിവസവും രാവിലെ മുറ്റത്ത് ചാണകം തളിച്ച്  പൂവിടും. കുട്ടികളുടെ ജോലിയാണ് കാട്ടു പൂക്കൾ  പറിച്ചു കൊണ്ട് വന്നു പൂവിടുന്നതു. മുക്കുറ്റിയും, തുമ്പപ്പൂവും , കാക്കപ്പൂവും, നന്ത്യാര്‍വട്ടവും, തൊട്ടാവാടിപ്പൂക്കളും, തെറ്റിപൂക്കളും എല്ലാം അന്ന് ധാരാളം.  ഇപ്പോഴത്തെ പോലെ ഓണാഘോഷ ക്ലബ്ബുകളും പണപ്പിരിവും ഒന്നും ഇല്ല. ചില കടുവാ കളിക്കാർ വേഷം കെട്ടി വന്നു കളിക്കും. പിന്നെ ദേഹത്തെല്ലാം കുരുത്തോല വച്ച് കെട്ടി പാക്കനാരു കളി. അവര്ക്കൊക്കെ നെല്ലാണ് കൊടുക്കുക.

ഉത്രാടം ആയാൽ ഒരുക്കങ്ങൾക്ക് ആക്കം കൂടുന്നു. അമ്മയ്ക്കും മുത്തശ്ശിക്കും പിന്നെ ശ്വാസം വിടാൻ നേരമില്ല. ഓണം വന്നു തലയിൽ കേറി.  മാവേലി തമ്പുരാൻ വരും മുമ്പ് എന്തെല്ലാം ഒരുക്കണം. ഉത്രാട രാത്രി തന്നെ മിക്കവാറും ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. മുതിർന്നവരൊന്നും രാത്രി ഉറങ്ങില്ല. അടുക്കളയും വരാന്തയുമെല്ലാം അരിപ്പൊടി കലക്കി കോലം  വരക്കും. അരി വറത്ത് പൊടിച്ചത് ശർക്കരയിട്ടിളക്കി  ചെറിയ  ഇലകളിൽ വിളമ്പി വീടിനു ചുറ്റും പല സ്ഥലങ്ങളിലായി വയ്ക്കും. അതിൽ ഒരു എണ്ണതിരിയും വയ്ക്കും. ഉറുമ്പിനുള്ള ഓണപ്പങ്കാണ്. ഓണപ്പരിപാടി കഴിയും വരെ വീട്ടിനുള്ളിൽ ഉറുമ്പ്‌ കയറാതിരിക്കാനുള്ള ഒരു വിദ്യയും കൂടിയാണിത്.  അന്ന് നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ജീവികൾക്കും ഓണത്തിന്റെ പങ്കു കൊടുക്കുമായിരുന്നു. ഇതെല്ലാം കാണാൻ വേണ്ടി ഒരുങ്ങി ഇരുന്നതാണ്.  പക്ഷെ അടുക്കളയിൽ  തന്നെ ഇരുന്നു ഉറങ്ങി പോയി.

എടാ ഓണമായാൽ എങ്കിലും നേരത്തെ ഒന്നെഴുനേറ്റു കൂടെ. മണി ആറു  കഴിഞ്ഞു.  മുത്തശ്ശിയുടെ വക. അപ്പോഴാണ്‌ ഓണത്തിനെ പറ്റി ഓർത്തത്‌. ചാടി എഴുനേറ്റു. അച്ഛൻ രാത്രിയിൽ എത്തിയതു ഇപ്പോഴാണറിഞ്ഞത് . ഓണം കളിക്കാൻ ഒരു നീല റബ്ബർ പന്തും  കൊണ്ട് വന്നിട്ടുണ്ട്. ഓലക്കാല് മെടഞ്ഞ പന്താണ് സാധാരണ ഓണക്കളിക്ക് ഉപയോഗിക്കുന്നത്. റബ്ബർ പന്ത് കൊണ്ടെറിഞ്ഞാൽ ഏറു കൊല്ലുന്നയാളിനു നല്ല വേദനയുണ്ടാകും. ഇത് കൊണ്ട് ആരെയൊക്കെ എറിയണമെന്നുള്ളതു ആലോചിച്ചു കൊണ്ട് നടന്നു. തലേന്ന് ഉറങ്ങിപ്പോയതു കൊണ്ട് ഒരുക്കങ്ങൾ ഒന്നും കാണാൻ പറ്റിയില്ല. അടുക്കളയിലും വരാന്തയിലും എല്ലാം അരിമാവ് കൊണ്ട് പല രൂപങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് കൈ പതിച്ചിട്ടുണ്ട്. ഉറുമ്പൂട്ടിനു വച്ചതെല്ലാം പോയി നോക്കി. നിറയെ ഉറുമ്പ്‌ വന്നിട്ടുണ്ട്.  നല്ല മധുരം കാണും.  ഉറങ്ങിയില്ലായിരുന്നെങ്കിൽ അതിന്റെ പങ്കു കിട്ടിയേനെ.

തിരുവോണ ദിവസം പിറന്നാൽ ഞങ്ങളൊക്കെ വലിയ  ഉല്സാഹത്തിലായിരിക്കും. കാലത്ത് കുളിച്ചു വന്നാൽ പലഹാരം. ദോശയോ ഇഡ്ഡലിയോ കൂടെ പഴവും ഉപ്പേരിയും. പഠിക്കാൻ ആരും  പറയില്ല. എന്ത് കുരുത്തക്കേടും കാട്ടാം. അടി കിട്ടില്ല.  ഉച്ചക്കു പല വിഭവങ്ങളുമായി വാഴയിലയിൽ  ഊണ്അതു കഴിഞ്ഞാൽ നല്ല വസ്ത്രങ്ങളിട്ടു കളികൾക്കായിറങ്ങാം. പല തരം  കളികൾ അന്നുണ്ടായിരുന്നു. കിളിത്തട്ട്, കുഴിപ്പന്ത്, തുമ്പിതുള്ളൽ അങ്ങിനെ ധാരാളം എല്ലാമൊന്നും ഓര്മ്മയില്ലവീട്ടിലുള്ള  മുതിർന്നവരും  കളികളിലൊക്കെ പങ്കെടുക്കും അല്ലെങ്കിൽ കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. പിന്നെ അയല്ക്കാരുടെയും അടുത്തുള്ള ബന്ധുക്കളുടെയും വീടുകളിലൊക്കെ ഒരു സൌഹൃദ സന്ദർശനം. ഊഞ്ഞാലിന് ചുറ്റും എപ്പോഴും തിരക്കായിരിക്കും. എനിക്ക് ഊഞ്ഞാലാട്ടം വലിയ താല്പര്യമില്ലാത്തത് കൊണ്ട് കൂട്ടുകാരുമായി നാട് മുഴുവൻ ഒരു ഊരു ചുറ്റൽ.  കളികളും ചാട്ടവും  എല്ലാം കഴിഞ്ഞു ദേഹത്തെല്ലാം പരുക്കുകളും ചെളിയും മണ്ണും  എല്ലാം ആയി  വൈകുന്നേരമാകുമ്പോൾ മടങ്ങിയെത്തും.  ഓണം കഴിയാറായതിന്റെ ദുഃഖം….  രാത്രി അത്താഴം കഴിയുമ്പോഴേക്കും ക്ഷീണം കൊണ്ട്  ഉറക്കം തൂങ്ങി. പുല്പായ നിലത്തു വിരിച്ചു ചുരുണ്ടു കൂടി.   അപ്പോഴും ഊഞ്ഞാലിൽ ആടുന്നവരുടെ പാട്ടു കേൾക്കാം. ……   .

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും

ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്

എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ

നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.

കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും

മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ  Monday, August 17, 2015

പാടാത്ത കുയിൽ

പാടാത്ത കുയിൽ
===========================================

ഇന്നു രാവിലെ നടക്കാനിറങ്ങിയത്  കുയിലുകളുടെ നീട്ടിയുള്ള കൂവൽ കേട്ടു കൊണ്ടാണ്. നല്ല മധുരമുള്ള ശബ്ദം. കാക്കകളുടെ ക്രാ ക്രാ ശബ്ദങ്ങളുടെ ഇടയിൽ വേറിട്ട ഗാനം. ആണ്‍കുയിലാണത്രേ കൂവുന്നത്. പെണ്‍കുയിലിനെ  ആകർഷിക്കാൻ വേണ്ടിയുള്ള ഒരു വേല.. എൻറെ ചെറുപ്പത്തിൽ  കുയിൽ കൂവുമ്പോൾ കൂടെ കൂവുമായിരുന്നു. അപ്പൊ കുയിൽ വാശി കേറി ഉച്ചത്തിൽ കൂവും. കൂവൽ മത്സരം പോലെ.. കൂ..ഊൗ ........ കൂ .ഊൗ

വഴിയിലുള്ള ഒരു മാവിൻചില്ലയിൽ ഒരു ആണ്‍ കുയിൽ ഒറ്റക്കിരിയ്ക്കുന്നതു കണ്ടു. മുഖത്ത് വല്ലാത്ത ദുഃഖം ഉണ്ടെന്നു തോന്നി. ഞാൻ ചോദിച്ചു. നീ മാത്രം  എന്തേ പാടാതെ ഒറ്റയ്ക്ക് ദുഃഖിച്ചിരിക്കുന്നു. വീണ്ടും വീണ്ടും  ചോദിച്ചപ്പോൾ കുയിൽ തൻറെ കഥ പറഞ്ഞു.:-

എനിക്കു കുയിലിന്റെ പാട്ടു പാടാൻ അറിയില്ല. എനിക്കു ഇണയോ  കൂട്ടുകാരോ  ഇല്ല.
ഞാൻ ജനിച്ചത്‌ കാക്ക കൂട്ടിൽ. കണ്ണ് തുറന്നപ്പോൾ കണ്ടവരെ അച്ഛനെന്നും അമ്മയെന്നും വിളിച്ചു. കൂടെ മുട്ട വിരിഞ്ഞിറങ്ങിയവരെ സഹോദരങ്ങളാക്കി. അച്ഛനും അമ്മയും ഭക്ഷണം തേടി പോകും. വരുന്നത്  ഞങ്ങൾക്കുള്ള തീറ്റയുമായാണ്. അരിയും, പുഴുക്കളും, അപ്പ കഷണങ്ങളും എല്ലാം നല്ല സ്വാദുള്ളത്. ഞങ്ങളുടെ ഓരോരുത്തരുടെയും വായിൽ തീറ്റ വച്ചു തരും.

ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നു. അമ്മ ഞങ്ങളെ പറക്കാൻ പഠിപ്പിച്ചു. കുറച്ചു മുതിർന്നപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത് ഞങ്ങളിൽ രണ്ടു പേരുടെ ശബ്ദം വ്യത്യാസമുണ്ടെന്നും ഞങ്ങൾ രണ്ടു പേർ കുയിൽ കുഞ്ഞുങ്ങളാണെന്നും. മറ്റേ കുയിൽ സഹോദരൻ എന്നോട് പറഞ്ഞു. വാ നമുക്ക് ഇവിടെ നിന്നും പറന്നു പോകാം. അതിനുള്ള സമയമായി എന്ന്.  പക്ഷെ എനിക്കു എൻറെ അച്ഛനമ്മമാരെയും കാക്ക സഹോദരരേയും വിട്ടു പോകാൻ മനസ്സുണ്ടായില്ല. എൻറെ ശബ്ദം കാക്ക കുഞ്ഞിൻറെ ശബ്ദം  ആക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.  പക്ഷെ സാധിച്ചില്ല   ക്രാ ക്രാ.. ക്രാ ക്രാ.   

ഞങ്ങൾക്കെല്ലാം പ്രായപൂർത്തിയായപ്പോൾ ഞങ്ങളോടെല്ലാം കൂടു  വിട്ടു പറന്നു പോയ്ക്കൊള്ളാൻ അമ്മ പറഞ്ഞു. ഞാൻ എൻറെ ഇണയെ തേടി  പറന്നു.  പക്ഷെ പെണ്‍കാക്കകൾ  എന്നെ കൂടെ കൂട്ടിയില്ല. കുയിലിൻറെ പാട്ട് അറിയാത്തതു കൊണ്ട് പെണ്‍കുയിലുകളും കൂടുന്നില്ല. എനിക്ക് കാക്കയാകാൻ  പറ്റിയില്ല.  കുയിലാകാൻ ഞാൻ ശ്രമിച്ചതുമില്ല.  അതുകൊണ്ട് എനിക്ക് കൂട്ടുകാരും നാട്ടുകാരും ഇല്ലാതായി. അങ്ങിനെ ഞാൻ ഒറ്റയായി. ജീവിതം മടുത്തു.. ഇനി ഞാൻ എന്ത് ചെയ്യണം ?”

സ്വന്തം പാട്ട് പാടാനറിയാത്ത ആ കുയിലിനു കൊടുക്കാൻ ഒരു മറുപടി ഇല്ലാഞ്ഞത് കൊണ്ട് ഞാൻ മുൻപോട്ടു നടന്നുകഷ്ടം അവനു കാക്കയാകാനൊ കുയിലാകാനൊ കഴിഞ്ഞില്ല. അപ്പോഴും ദൂരെ എവിടെയോ നിന്നു ഏതോ ആണ്‍കുയിൽ തൻറെ ഇണയെ കൂകി വിളിക്കുന്നത്‌ കേട്ടു. കൂൂൂൂ ... .........      കൂൂൂൂ ...

(ഗുണപാഠം.:- സ്വന്തം ഭാഷയെയും  സംസ്കാരത്തെയും  തിരസ്കരിച്ചാൽ  നാം ആരുമല്ലാതാകും. അന്യ നാട്ടിൽ ജനിച്ചു വളര്ന്നവരും മാതൃഭാഷയും സംസ്കാരവും പഠിക്കുന്നത് നന്ന്. കാരണം അന്യ ഭാഷയും സംസ്കാരവും എന്നും അന്യമായിരിക്കും)

വന്ദനം നിത്യ വന്ദനം.

വന്ദനം നിത്യ വന്ദനം.

അമ്മിഞ്ഞപാലിൻ മധുരം നുകരും പൈതലായി
ആമോദതിരയിൽ അലിയും കുളിരിളം തെന്നലായ് 
ഇന്നിന്റെ സത്യത്തെ പുൽകുന്ന ശ്രീയായ് മണമായ് 
ഈരടിയിൽ നിറയും പല്ലവികളിൽ രാഗമായി, 
ഗാനമായ്  
ഉന്മതൻ നിധിയേ ഉത്തമസ്വത്വമെ  
നിന്നുടെ 
ഊർവ്വരതയിൽ പുണ്യമായി ജീവനായ് നിറയട്ടെ 
ഋഗ്വേദജനിയാം ഭാരതനഭസ്സിലെ താരമാം
എന്നുടെ മനസ്സിന്റെ ഭാവനയിൽ നിറയും 
ഏകമായുള്ള  പരിഹാര്യ മുർത്തിയും നീയേ 
ഒന്നന്നന്ന സങ്കൽപ്പം വിവിധമായി മറ്റും  
ഓർമ്മകളിൽ വിളങ്ങുന്ന  ഗുരുപവന രൂപം 
അഹോ വണങ്ങുന്നു നിഞ്ചരണ യുഗ്മങ്ങൾ 
അടിയന്റെ കുട്ടായി  അണയുനീ ദേവാ!!!!!!! 
അംന്പിഴയുംനിന്നുടെമിഴികൾക്ക്
മുൻപിൽ കുപ്പുന്നു കൈകൾ നിത്യവും വിഭോ......

Friday, August 14, 2015

അഞ്ജത തന്‍ കൂരിരുള്‍  ചൂഴുമെന്‍ 
ഉള്‍ത്തടത്തില്‍  നീ വെട്ടമായി തീരുക 
നീയെനിക്കു അറിവിന്‍ 
ആദ്യാക്ഷരമാകുക

Sunday, August 9, 2015

പ്രണയിക്കുന്നു നിത്യം.


പ്രണയിക്കുന്നു നിത്യം.

പ്രണയിക്കുന്നു ഞാനെന്നും
എൻ സുപ്രഭാതങ്ങളെ,
ആ ഉണര്ത്ത് പാട്ടാം കളകൂജനങ്ങളെ 
അവയേ ഉണർത്തുംകതിരവരശ്മിയെ 
പ്രണയിക്കും ഞാനെന്നും എന്നെത്തന്നെയും  


പ്രണയിക്കും ഞാനെൻ കണ്ണിണകളെ 
കാട്ടിതരുന്നവ എൻ ചുറ്റുപാടിനെ 
ഒപ്പമായ് മറ്റ് പഞ്ചെൻദ്രിയങ്ങളെ 
എന്നിലെക്കെന്നെ നിറക്കുന്ന സത്യത്തെ 
പ്രണയിക്കുന്നു ഞാൻ എന്നെ തന്നയും.

പ്രണയിക്കയാണ് ഞാൻ എൻ പ്രിയ നാടിനെ
എന്നെനും എന്നെ നയിക്കുന്ന ദീപത്തെ 
അച്ഛനെ അമ്മയേം എനിക്കായ്  നൽകിയ എന്നേ ഞാനാക്കിയ  എല്ലാത്തിനെയും  അഹോ.
പ്രണയിക്കാനായുള്ള നാടും പ്രപഞ്ചവും 

പ്രണയിക്കയാണ് ഞാൻ എന്ൻ പ്രണയിനിയെ നിത്യം.
പ്രാപിക്കാനായും  
പരിചരിക്കാനുമായ് തൻ ജൻമ 
സുക്യതം എല്ലാം ഏകിയ 
എൻ പരന്പര ജീവനായ് ഏകിയ എൻ അംശ മുകുളങ്ങളെയും  
പ്രണയിക്കയാണ് ഞാൻ  ആത്മാവിൽ എപ്പഴും.

പ്രണയത്തിനായ് ഒരു ദിനമില്ല മർത്ത്യ പ്രണയിക്കാ നീ എന്നും 
എല്ലാ സത്യത്തെ നിത്യം .
ജീവിതാന്ത്യം വരെ നിന്നിൽ  നിറയുന്ന  തെല്ലാം സൌഭാഗ്യ വർഷം എന്നോർത്താൽ ശുദ്ധം.


കർമ്മ ഫലം

പ്രഭാത സവാരി --- കർമ്മ ഫലം
 >>>>>>>>>>>>><<<<<<<<<<<<<<<<<<<
ദിവസവുമുള്ള ഈ നടപ്പു ബോറായിരിക്കുന്നു. പുതിയ കാഴ്ചകളൊന്നും ഇല്ല. നല്ല തണുപ്പ്. വൈകിട്ട് നല്ല മഴയുണ്ടായിരുന്നു. അന്തരീക്ഷത്തിൽ നല്ല ഈർപ്പമുണ്ട്. മരങ്ങളിൽ നിന്നും വെള്ള  തുള്ളികൾ വീഴുന്നു. മഴ കഴിഞ്ഞാൽ കറച്ചു  കഴിയുമ്പോൾ മരം പെയ്യും എന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. മരത്തിന്റെ ഇലകളിൽ തങ്ങി നില്ക്കുന്ന വെള്ളം കാറ്റടിക്കുമ്പോൾ വീഴുന്നതിനാണ് അങ്ങിനെ പറയുന്നത്. ഒരു ടിപ്പർ മുട്ടി മുട്ടിയില്ല എന്ന വണ്ണം അടുത്ത് കൂടി  കടന്നു പോയി.. "എന്തോരു സ്വീഡ്". ദേഹത്തെല്ലാം ചെളി വെള്ളം തെറിപ്പിച്ചു കൊണ്ടാണ് പോക്ക്.
 
പട്ടികുഞ്ഞുങ്ങളുടെ കരച്ചിൽ. വൈറ്റിംഗ് ഷെഡ്ഡിൽ ഒരു തള്ളപ്പട്ടിയും കുറച്ചു കുഞ്ഞുങ്ങളും കളിക്കുന്നു. എന്തൊരു സ്നേഹ പ്രകടനം. കുഞ്ഞുങ്ങളുടെ  തണുപ്പ് മാറ്റാൻ തള്ള കെട്ടി പിടിച്ചു കിടത്തുകയാണ്. ഈ കുഞ്ഞുങ്ങളെ പ്രസവിച്ചു പാൽ  കൊടുത്തു കഷ്ടപെട്ടു സംരക്ഷിച്ചു വളർത്തുന്നത് എന്തു പ്രതിഫലം ആഗ്രഹിച്ചാണ്?. പ്രകൃതി അവയ്ക്ക് കൊടുത്തിരിക്കുന്ന ഒരു പ്രേരണയാണത്‌. ഇതു പോലെ തന്നെ കോഴി തൻറെ  കുഞ്ഞുങ്ങളെ എത്ര ശ്രദ്ധയോടെ വളർത്തി വലുതാക്കി വിടുന്നു. അതു കുഞ്ഞുങ്ങളിൽ നിന്നും തിരിച്ചു ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രകൃതിയിലെല്ലാം ശ്രദ്ധിച്ചാൽ ഇങ്ങിനെയുള്ള ഉൾപ്രേരണ ( instinct ) കാണാം.

മനുഷ്യർ പക്ഷെ എന്ത് ചെയ്യുമ്പോഴും അതിൻറെ പ്രതിഫലത്തെ പറ്റിയും ചിന്തിക്കും. വിവാഹം കഴിക്കുമ്പോൾ, കുഞ്ഞുണ്ടാകുമ്പോൾ,  ജോലിചെയ്യുമ്പോൾ, എന്തിനു കുഞ്ഞുങ്ങളെ വളർത്തുമ്പോൾ പോലും  എപ്പോഴും അതിൽ നിന്നുള്ള ലാഭത്തെ പറ്റിയുള്ള കണക്കു കൂട്ടൽ ഉണ്ട്. ചിലർ മക്കളെ കുറ്റപ്പെടുത്തുന്നത് കേൾക്കാം. നിന്നെ ജനിപ്പിച്ച സമയത്ത്‌ ഒരു തെങ്ങ് വച്ചിരുന്നെങ്കിൽ എനിക്ക് വല്ല ഗുണോം ഉണ്ടായെനേം. എനിക്ക് വയ്യാതാകുംപോൾ ഒരു താങ്ങാകുമെന്നു വിചാരിച്ചാണ് നിന്നെയൊക്കെ വളർത്തിയത്‌. എന്നൊക്കെ. മരണാനന്തര കർമ്മങ്ങൾക്കും ഉള്ള കടമയും  മക്കൾക്കുണ്ട്. മനുഷ്യർക്ക്‌ ബുദ്ധിയും, വിവേകവും, വിദ്യാഭ്യാസവും എല്ലാം ഉണ്ടായപ്പോൾ എല്ലാ പ്രവൃത്തികൾക്കും ലാഭേശ്ച ഉണ്ടായി.  തീർച്ചയായും നാം ഈ പ്രവൃത്തികളിലും അതിൻറെ സുഖ ദുഖങ്ങളിലും എല്ലാം സന്തോഷം അനുഭവിക്കുന്നുണ്ടെങ്കിലും പ്രതിഫലേശ്ച  ഉണ്ടാകുന്നു

പ്രതിഫലത്തെ പറ്റി ചിന്തിച്ചു കൊണ്ട് പ്രവർത്തിക്കുമ്പോൾ തീർച്ചയായും ആ പ്രവൃത്തി നന്മയില്ലത്തതാകും, സന്തോഷവും സുഖവും ഇല്ലാത്തതാകും. കിട്ടാൻ പോകുന്ന fees ൻറെ തുകയെ പറ്റി ചിന്തിച്ചു കൊണ്ട് operation  നടത്തുന്ന doctor, ശമ്പളം കൂട്ടി കിട്ടുന്നതിനെ പറ്റി ആലോചിച്ചു കൊണ്ടു പഠിപ്പിക്കുന്ന അദ്ധ്യാപകൻ, കിട്ടാൻ പോകുന്ന ശാരീരിക സൗഖ്യത്തെ പറ്റി ചിന്തിച്ചു കൊണ്ട് വ്യായാമം ചെയ്യുന്നവർ. ഇതൊക്കെ സന്തോഷം തരാത്ത പ്രവൃത്തികളാണ്. നാം ചെയ്യുന്ന ജോലിയിലാണ് സന്തോഷം കാണേണ്ടത്.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കൂ. അവർക്കു എല്ലാം കളികളാണ്. അവർ അതെല്ലാം ആസ്വദിക്കുന്നു. പക്ഷെ ഈ കളികളെല്ലാം അവരുടെ പഠനത്തിൻറെയും മാനസിക വളർച്ചയുടെയും ഭാഗമാണ്. അവർ പക്ഷെ അതിനെ പറ്റി ചിന്തിക്കുന്നില്ല.

കർമ്മണ്യേ വാധികാരസ്തേ
മാ ഫലേഷു കദാചന
മാ കർമ്മഫല ഹേതുർഭൂർ -
മാ തേ സന്ഗോസ്ത്വ കർമ്മണി”     ----    (ഭഗവത് ഗീത)

പ്രവൃത്തിയിൽ മാത്രമേ നിനക്ക് അധികാരമുള്ളൂ. അതിൻറെ ഫലത്തിന്മേൽ ഒരിക്കലും അധികാരം ഇല്ല. നീ ഫലം ഉദ്ദേശിച്ചു പ്രവർത്തിക്കുന്നവൻ ആകരുത്. പ്രവൃത്തി ചെയ്യാതിരിക്കുകയും അരുത്.---

മനസ്സിനാൽ നിയന്ത്രിതമായ കർമ്മം ആണ് ചെയ്യേണ്ടത്. മനസ്സർപ്പിക്കാതെ  ചെയ്യുന്നതൊന്നും ശരിയായ കർമ്മമാവില്ല.  കർമ്മം ചെയ്യതെയിരുന്നാൽ ശരീര പാലനം പോലും അസാധ്യമാകും. ജനിക്കുമ്പോൾ മുതൽ മരണം വരെയുള്ള കർമ്മങ്ങളാണ് ജീവിതം തന്നെ.----------------- കർമ്മത്തെ പറ്റി എത്ര സത്യസന്ധമായ പഠനവും  നിർവചനവും.

ഞാൻ  ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രഭാത സവാരി തുടരട്ടെഅതിന്റെ ഫലത്തെ പറ്റി  ചിന്തിക്കാതെ ഞാൻ മുന്നോട്ടു നടന്നു.


Saturday, August 8, 2015

കൊതുക്

കൊതുക്
========
ഇന്നു സന്ധ്യക്ക്ഒരുപാട് കൊതുകുകളുണ്ടായിരുന്നു.  ഞാൻ  ഒരു ബാറ്റുമായി കൊതുകിനെ കൊല്ലാനിരുന്നു. പക്ഷെ ബാറ്റു കൈയിലെടുത്താൽ കൊതുക് മനസ്സിലാക്കും. ഇപ്പോൾ ബാറ്റിനെയും അതിജീവിക്കാൻ കൊതുക് പഠിച്ചു.  പെ   കൊതുകാണത്രേ രക്തം കുടിക്കാൻ വരുന്നത്. ആൺ കൊതുക് പാവം വെജിറ്റെറിയൻ.  . കൊതുകുകൾ മനുഷ്യരുടെ രക്തം കുടിക്കുന്നതിനു പ്രതിഫലമായി മാരക രോഗങ്ങൾ തന്നിട്ട് പോകുന്നു. കുറച്ചു വര്ഷങ്ങൾക്കു  മുൻപ് ചിക്കൻ ഗുനിയ എന്നെ വിറപ്പിച്ചതാണ് . ഇപ്പോഴും കാലിന്റെ വേദന മാറിയിട്ടില്ല. മനുഷ്യൻറെ ഒരു വർഗ ശത്രു ആണെന്ന് പറയാം.

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അനോഫലിസ്, ക്യൂലക്സ് എന്നാ രണ്ടിനം കൊതുകുകളെ പറ്റിയാണ് കാണാതെ പഠിച്ചത്. മലമ്പനിയും  മന്തും മാത്രമായിരുന്നു അന്ന് കൊതുകിൻറെ കൈവശം ഉണ്ടായിരുന്നത്. ഇന്നു ആഗോളവല്ക്കരണം വന്നു കഴിഞ്ഞപ്പോൾ പല നാട്ടിലുള്ള കൊതുകുളെല്ലാം കേരളത്തിലേക്ക് കുടിയേറി. അതോടൊപ്പം പറയാൻ കൊള്ളാത്തതും വായിൽ കൊള്ളാത്തതുമായ  പേരുകളുള്ള നിരവധി രോഗങ്ങളുമായാണ് ഇവരുടെ വരവുഇവരെ ഇല്ലായ്മ ചെയ്യാനുള്ള പല മാർഗങ്ങൾ കണ്ടു പിടിച്ചു ചില കച്ചവടക്കാർ വൻ  ലാഭമുണ്ടാക്കി. ഇവർ  കൊണ്ടു വരുന്ന രോഗങ്ങൾ ചികിത്സിച്ചു ആശുപത്രികളും കൊയ്ത്തു നടത്തുന്നു.

മനുഷ്യരെല്ലാം പൊതുവായി വെറുക്കുന്ന ജീവിയെ പറ്റിയുള്ള എൻറെ ഒരു അനുഭവം…. 
ഞാൻ പണ്ട് കേരളത്തിലെ  പടിഞ്ഞാറൻ  തീരത്തുള്ള ഒരു പട്ടണത്തിൽ ജോലിയായിരുന്നപ്പോൾ,  ഞാനും എൻറെ ഉറ്റ സ്നേഹിതൻ രാമകൃഷ്ണനും  ഒന്നിച്ചു ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. പിന്നെ ധാരാളം കൊതുകുകളും കൂട്ടിനുണ്ട്.   വൈകിട്ടു ആഹാരം കഴിച്ചു മുറിയിലേക്ക് വരുന്നതിനു മുൻപേ കൊതുകുക ഹാജരായിട്ടുണ്ടാകും. പിന്നീട് കൊതുകുമായിട്ടു ഒരു യുദ്ധമാണ്.അതെല്ലാം കഴിയുംപോഴെക്കും ഞങ്ങൾ ക്ഷീണിക്കും. പക്ഷെ കൊതുകിനൊരു ക്ഷീണവും കാണില്ല. മൂക്കും ചെവിയും ഉൾപ്പെടെ മൂടി ഞങ്ങൾ  കിടക്കും. മൂക്കു തുറന്നാൽ മൂക്കിൽ കൂടി കൊതുകുകൾ  ഉള്ളിൾ  കടക്കും. അങ്ങിനെ ഞങ്ങൾ ജീവിച്ചു വന്നപ്പോഴാണ് ഒരു ദിവസം…..  

ഞാൻ രാവിലെ അല്പം നേരത്തെ ഉണർന്നു. രാമകൃഷ്ണൻ ഉണർന്നിട്ടില്ല. രാവിലെ ആകുമ്പോഴേക്കും  കൊതുകുകളെല്ലാം എൻറെ ഷുഗറുള്ള  A + വും രാമകൃഷ്ണൻറെ ഷുഗറില്ലാത്ത O + വും കുടിച്ചു നല്ല ഉഷാറായിട്ട് എവിടെങ്കിലും മുട്ടയിടാൻ പോയിരിക്കും. പക്ഷെ അന്നു രാവിലെ ഉണർന്നപ്പോൾ ഒരു കൊതുക് ഭിത്തിയിൽ ഒറ്റക്കിരിക്കുന്നത് കണ്ടു. ഞാൻ  അടുത്തു ചെന്നു കൊതുകിനെ വേദനിപ്പിക്കാതെ കൈയിൽ എടുത്തു. അതിൻറെ വയർ ശൂന്യമായിരുന്നു. അത് രക്തം കുടിച്ചിട്ടില്ല.  എനിക്കു സങ്കടം വന്നു. ഞാൻ അതിനോടു  ചോദിച്ചു. “നിനക്കെന്തു പറ്റി ?. ബാക്കി എല്ലാവരും വയറു നിറച്ചു സുഭിക്ഷമാക്കി പൊയിട്ടു നിനക്കു മാത്രം എന്തേ ഒന്നും കിട്ടിയില്ല.?.”

അപ്പോൾ കൊതുക്  തൻറെ ജീവിത കഥ  പറഞ്ഞു. ( അക്കാലത്ത് എല്ലാ ജീവികളും മനുഷ്യരുമായി സംസാരിക്കുമായിരുന്നു.)   :- " ഞാൻ ജനിച്ചത്ഒരു റബ്ബർ ചിരട്ടയിലെ വെള്ളത്തിലാണ്.  റബ്ബറിന് വിലയില്ലാത്തത് കൊണ്ട് ആരും റബ്ബർ വെട്ടുന്നില്ല.  അത് ഞങ്ങടെ ഭാഗ്യം. ചിരട്ടയിലെ  വെള്ളത്തിൽ കൂത്താടിയായി  നീന്തി  മറിഞ്ഞു കളിക്കാൻ എന്ത് രസമായിരുന്നു.  ഇന്നലെ വൈകിട്ട് പൂപ്പയിൽ നിന്നും ചിറകു മുളച്ചു ഞങ്ങൾ കൊതുകായി പറന്നുമുതിർന്നവർ ഞങ്ങളെ കാത്തു വെളിയിൽ നില്പുണ്ടായിരുന്നു.  ഞങ്ങളെല്ലാവരും കൂടി മൂളി പാട്ടും പാടി പറന്നു  വന്നു.  ഞങ്ങളോട് മുറിയിലേക്ക് കയറിക്കൊള്ളാൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മുതിർന്നവർ പറഞ്ഞു. അങ്ങിനെ ഞങ്ങൾ മുറിയിൽ  കയറി.  കൂടെയുള്ളവരൊക്കെ നിങ്ങളെ കുത്തുന്നതും നിങ്ങൾ അവരെ അടിക്കാൻ ശ്രമിക്കുന്നതും ചീത്ത പറയുന്നതും എല്ലാം ശ്രദ്ധിച്ചു  ഞാൻ ഇവിടെ ഇരുന്നുനിങ്ങൾ  ഉറങ്ങി കഴിഞ്ഞപ്പോൾ എൻറെ സഹോദരങ്ങൾ നിങ്ങളെ കുത്തുന്നത് കണ്ടുവേദനിച്ചു നിങ്ങൾ കരയുന്നത് കണ്ടു.എനിക്ക് നിങ്ങളെ വേദനിപ്പിക്കാൻ മനസ്സ് വന്നില്ല. പല പ്രാവശ്യം ശ്രമിച്ചെങ്കിലും  എനിക്കതിനു  കഴിഞ്ഞീല്ല.  ഇപ്പോൾ എനിക്ക് ഭയങ്കരമായി വിശക്കുന്നുണ്ട്.

കൊതുകിൻറെ കഥ  കേട്ട് എനിക്ക് സങ്കടം വന്നു. ഞാൻ പറഞ്ഞു. "നിനക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന ആഹാരം മനുഷ്യ  രക്തം ആണ്. അത് കുടിച്ചു മാത്രമേ നിനക്ക് ജീവൻ നില നിർത്താൻ കഴിയുള്ളൂ. അതു നേടുന്നതിനു   അനുകമ്പ  ഒരു തടസ്സമാകരുത്.  ഒരു ജീവി, അതിൻറെ ജീവ സന്ധാരണത്തിന് മറ്റൊന്നിനെ വേദനിപ്പിക്കേണ്ടി വരും ചിലപ്പോൾ കൊന്നു തിന്നേണ്ടി വരും. അത് പ്രകൃതി നിയമം ആണ്. സ്വന്തം ജീവൻ  നില നിർത്തുന്നതാണ് ഒരു ജീവിയുടെ പ്രാഥമിക ധർമ്മം. അതു  കൊണ്ട് നീ ഒട്ടും വിഷമിക്കണ്ടാ മനുഷ്യ രക്തം കുടിച്ചു നിൻറെ ധർമ്മം  നിറവേറ്റുക.

ഇതാ രാമകൃഷ്ണന്റെ ഷുഗറില്ലാത്ത O+ രക്തം ഇഷ്ടം പോലെ  കുടിച്ചോളൂ. നിനക്ക് നല്ലത് വരട്ടെ."
    ( ശ്രദ്ധിക്കു.. ദാനം ചെയ്യുമ്പോഴും സ്വന്തം തടി കേടാകാതെ സൂക്ഷിക്കുക)
  Venugopal Kalanjoor