Monday, September 28, 2015

ഒഴിഞ്ഞ കൂട് ( ചെറു കഥ )അതിരാവിലെ തുടങ്ങിയ മഴയാ .. ഇതുവരെ പെയ്ത് ഒഴിഞ്ഞിട്ടില്ല. നേര്‍ത്ത്‌ പെയ്തു തുടങ്ങി ഇപ്പൊ രൌദ്ര ഭാവത്തിലാണ് പെയ്യുന്നത് .. സമയം എഴുമണി ആയിരിക്കുന്നു ...
രജനി കിടക്കയില്‍ നിന്നും എഴുന്നേറ്റു .. തൊട്ടപ്പുറത്ത്
കിടക്കുന്ന ഭര്‍ത്താവിനെ നോക്കി .. അദ്ദേഹം മൂടിപുതച്ചു കിടക്കുകയാണ് ...
അവള്‍ അടുക്കളയില്‍ ചെന്ന് എന്നത്തെയും പോലെ ജനവാതില്‍ തുറന്നു .. അതാണ്‌ ആദ്യം ചെയ്യുക.. ജനവാതിലില്‍ കൂടി ഈറന്‍ പുരണ്ട ഒരു കാറ്റ് അവളുടെ മുഖത്തേക്ക് അടിച്ചു.. ജനവാതിലില്‍ കൂടി നോക്കിയാല്‍ തൊടിക്കു അപ്പുറം വിശാലമായ വെള്ള കെട്ടു ആണ് ..
മൂടികെട്ടി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ ആ വെള്ളകെട്ടും അതിന്‍റെ പരിസരവും കാണാന്‍ തന്നെ നല്ല ഭംഗി .. അവള്‍ കുറച്ചു നേരം അത് തന്നെ നോക്കി നിന്നു ..
ഞായറാഴ്ച യാണ് . ഭര്‍ത്താവിനു ഓഫീസ് ഇല്ല .എല്ലാം വളരെ പതുക്കെ പതുക്കെ ചെയ്തു തുടങ്ങുന്ന ദിവസം . അല്ലാത്ത ദിവസങ്ങളില്‍ അഞ്ചു മണിക്കേ എണീറ്റ്‌ അടുക്കളയില്‍ കേറണം ... ഏഴു മണി ആവുമ്പോഴേക്കും അദ്ദേഹത്തിനു പോകണം ...
രജനി അടുക്കളയുടെ വാതില്‍ തുറന്നു പുറത്തേക്ക് ഇറങ്ങി..
"രജനി അമ്മേ .. രജനി അമ്മേ .." . മിച്ചുവിനു വിശക്കുന്നു ...
മിച്ചു ..ഒരു പനം തത്തയാണ് .. വിറകുപുരയില്‍ ഒരു കൂട്ടിലാണ് അവന്‍. മുന്പ് തൊടിയിലെ ഒരു തലപോയ തെങ്ങ് വെട്ടിയപ്പോള്‍ ആ തെങ്ങിലെ പൊത്തില്‍ നിന്നും കിട്ടിയതാ.. അന്ന് അവന്‍ വളരെ ചെറുതാ യിരുന്നു .. അവനെ വളര്‍ത്താം എന്ന് പറഞ്ഞപ്പോ ഭര്‍ത്താവ് ആദ്യം സമ്മതിച്ചില്ല ... അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആണ് അയാള്‍ സമ്മതിച്ചതും ടൌണില്‍ നിന്നും ഒരു കൂട് മേടിച്ചു കൊണ്ടുവന്ന തും. അവള്‍ അവനെ മിച്ചു എന്ന് വിളിക്കാന്‍ തുടങ്ങി ..ഇപ്പൊ അവന്‍ വലുതായി.. സംസാരിക്കാന്‍ തുടങ്ങി ...
രജനി അടുക്കളയിലേക്കു തന്നെ തിരിച്ചു കയറി.. അവിടെ പച്ചക്കറി കൊട്ടയില്‍ നിന്നും ഒരു ചെറു പഴം എടുത്തു . മിച്ചുവിന്‍റെ കൂട് തുറന്നു അതിലുള്ള ചെറു കിണ്ണ ത്തില്‍ ചെറിയ കഷണങ്ങള്‍ ആക്കി ഇട്ടു കൊടുത്തു ... പിന്നെ ബ്രഷ് എടുത്തു മിച്ചു പഴം തിന്നുന്നതും നോക്കി പല്ല് തേപ്പു തുടങ്ങി ...
അത് കഴിഞ്ഞു അടുക്കളയില്‍ വന്നു സററവ്വ് കത്തിച്ചു ചായക്ക് വെള്ളം വെച്ചു ...ബെഡ് റൂമില്‍ ചെന്ന് നോക്കി .. അദ്ദേഹം ഉറക്കത്തില്‍ തന്നെ ആണ്. അവള്‍ അയാളെ വിളിക്കാന്‍ പോയില്ല .. തിരിച്ചു അടുക്കളയില്‍ വന്നു ജനവാതിലിലൂടെ പുറത്തെ മഴനോക്കി കൊണ്ടിരുന്നു .. പുറത്തെ മൂടികെട്ടിയ അന്തരീക്ഷവും മഴയും എല്ലാം നോക്കി കൊണ്ടിരുന്നപ്പോള്‍ അവളുടെ മനസ്സിലും ദു : ഖ ത്തിന്‍റെ മഴ ക്കാര്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി...
- എന്താ വിശേഷം ഒന്നും ആയില്ലേ....
-- കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ നാലഞ്ചു കൊല്ലം ആയില്ലേ...
-- നല്ല ഒരു ഡോക്ടറെ കണ്ടുകൂടെ ....
--- ആര്‍ക്കാ കുഴപ്പം ....
ഒരുപാട് ചോദ്യങ്ങള്‍ ..കാണുന്നവര്‍ ഒക്കെ ചോദ്യങ്ങള്‍ എപ്പോഴും ആവര്ത്തിക്കുന്നതുകൊണ്ട് പുറത്തേക്ക് തന്നെ പോവാറില്ല...
കല്ല്യാണം കഴിഞു രണ്ടു വര്ഷം ആയിട്ടും വിശേഷം ഒന്നും ആയില്ല . അപ്പോഴാണ് നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ അതിലും പ്രശസ്ത ആയ ഗൈ ന ക്കൊളജിസ്ററി നെ കാണാന്‍ പോയത്. ഊഴം കാത്തു ഇരിക്കുമ്പോള്‍ മുറിക്കു പുറത്തുള്ള ചുമരില്‍ ഒരു പൂ പോലെ വിരിയുന്ന പാല്‍ പുഞ്ചിരിയോടെ ഉള്ള ഒരു കുഞ്ഞിന്‍റെ കോമള ചിത്രം . അതില്‍ നിന്നും കണ്ണെടുക്കാന്‍ തന്നെ തോന്നിയില്ല ... ആ കുഞ്ഞിനെ പോലെ ഒരു കുഞ്ഞിനെ വാരി എടുത്തു നെഞ്ചോടു ചേര്‍ക്കാന്‍ അവളുടെ മാറിടം ത്രസിച്ചു ...
പരിശോധനകള്‍ക്കും ഒരു പാട് ടെസ്റ്റുകള്‍ക്കും ശേഷം തനിക്ക്‌ ഒരമ്മ ആവാന്‍ കഴിയില്ല എന്ന് അറിഞ്ഞപ്പോള്‍ .......
ഇപ്പോള്‍ ആ തിരിച്ചറിവ് ഉള്കൊണ്ടിരിക്കുന്നു.
അതിനു ശേഷം അദ്ദേഹം ...
അതാണ്‌ അവള്‍ക്കു ഏറെ സഹിക്കാന്‍ കഴിയാത്തത് ... എപ്പോഴും തമാശയും കളിയും ചിരിയും ഒക്കെ ഉണ്ടായിരുന്ന വീട്ടില്‍ ഇപ്പോള്‍ ശ്മശാന മൂകത .... രണ്ടു റോബോട്ടുകള്‍ പോലെ രണ്ടു മനുഷ്യര്‍ .. ആകെ ഇടക്കിടക്കുള്ള മിച്ചു വിന്‍റെ ചിലക്കലും സംസാരങ്ങളും മാത്രം ...
വെള്ളം തിളക്കാന്‍ തുടങ്ങിയിരിക്കുന്നു. ചായ്പൊടി ഇട്ടു ഒന്ന് കൂടി തിളച്ചതിനു ശേഷം അവള്‍ സററവ്വ് ഓഫ്‌ ചെയ്തു ..
ശിര്‍..ര്‍ .. ര്‍ .. എന്ന ഒരു ശബ്ദം .. ജനലില്‍ കൂടി നോക്കിയപ്പോള്‍ രണ്ടു പച്ച ചിറകുകള്‍ ... അവള്‍ ഓടി അടുക്കള വാതിലിലൂടെ പുറത്തേക്കു ചെന്നപ്പോള്‍ മിച്ചു കൂട്ടിനു വെളിയില്‍ കൂട്ടി ഇട്ടിരിക്കുന്ന വിറകിനു മുകളില്‍ ഇരിക്കുന്നു. കൂട് തുറന്നു കിടക്കുന്നു.. പഴം കൊടുത്തു അവള്‍ കൂട് അടക്കാന്‍ മറന്നു പോയതായിരുന്നു ..
അവള്‍ മിച്ചു വിന്റെ അടുത്തേക്ക് ചെന്ന് .. മിച്ചു .. ന്നു വിളിച്ചു..
മിച്ചു .. ഒന്ന് അവളെ നോക്കി .. എന്നിട്ട് ചിറക്‌ വിടര്‍ത്തി മഴയിലേക്ക് .. പിന്നെ ദൂരെ ..ദൂരേക്ക് ...ഒരു പൊട്ടുപോലെ ...
രജനിയുടെ അടിവയര്‍ ഒന്ന് കിടുങ്ങി ... കാലുകള്‍ തളരുന്നത് പോലെ തോന്നി .. തല പെരുക്കുന്നതുപോലെയും .. അവള്‍ പതുക്കെ പതുക്കെ കുഴഞ്ഞു മഴത്തുള്ളികള്‍ കൊണ്ട് നനഞ്ഞ തറയിലേക്ക് ......
പുറത്ത് അപ്പോഴും മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരുന്നു ...

Friday, September 25, 2015

മരണമെത്തുന്ന നേരം

മരണമെത്തുന്ന നേരം
>>>>>>>>>><<<<<<<<<<< 

എന്തൊരു വേദന. സഹിക്കാൻ വയ്യാത്ത വേദന. കൈ കാലുകൾ  അനക്കാൻ വിഷമം. ആരുടെയെങ്കിലും സഹായമില്ലാതെ അനങ്ങാൻ വയ്യ. വാർദ്ധക്യം. അവശത, ജീവിതത്തിന്റെ ഭാരമേറി  അയാൾ തളർന്നു.  ഇനി ഏറിയാൽ അര നാഴിക നേരം. ബോധം മങ്ങിയും തെളിഞ്ഞും കൊണ്ടിരുന്നു.

മനസ്സ് പിന്നോട്ടു സഞ്ചരിച്ചു. തന്റെ യൗവനകാലം.. സ്വതന്ത്രനായി കുതിരയെ പോലെ ആമോദിച്ചു നടന്ന കാലം. ജീവിക്കാൻ ഉള്ള വരുമാനം, ലോകമെല്ലാം ചുറ്റി സഞ്ചരിച്ചു.  ധാരാളം സ്നേഹിതർ. ചെറിയ ചെറിയ ദുഃശ്ശീലങ്ങൾ . മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സ്. ആർക്കും  ഉപദ്രവകാരിയല്ലാതെ ചെറിയ ചെറിയ ദുശ്ശീലങ്ങളുമായി  ജീവിച്ചു പോന്നു. ചിട്ടയായ ജീവിതം  ചെറിയ ചെറിയ തമാശകൾക്കു പോലും പൊട്ടിച്ചിരിക്കുമായിരുന്നു.

സുഹൃത്തുക്കൾ നിർദ്ദേശിച്ചു.   ഇനി നീ ഒരു കല്യാണം കഴിക്ക്. വീട്ടുകാരും  നാട്ടുകാരും ബന്ധുക്കളും എല്ലാം നിർബന്ധിച്ചു..നീ ഒരു കല്യാണം കഴിക്ക്. അയാൾക്ക്‌  സംശയം. എനിക്കിപ്പോൾ എന്താ ഒരു കുഴപ്പംഇങ്ങനെ അങ്ങ് ജീവിച്ചാൽ പോരേ.

സുഹൃത്തുകൾ പറഞ്ഞു. പോരാ, നിനക്ക് ജീവിതത്തിൽ ഒരു കൂട്ട് വേണ്ടേ?.. അച്ഛനും അമ്മയ്ക്കും കുഞ്ഞിക്കാലു കാണാൻ ധൃതിയായി. ബന്ധുക്കളും നാട്ടുകാരും ഉപദേശങ്ങൾ തന്നുസ്നേഹം തരാൻ, കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്താൻവെച്ച് വിളമ്പി തരാൻ, വയ്യാതെ വന്നാൽ ശുശ്രൂഷിക്കാൻനേർവഴിക്കു നയിക്കാൻജീവിതം ചിട്ടയാക്കാൻചാവാൻ കിടക്കുമ്പോൾ അടുത്തിരിക്കാൻ വെള്ളം തരാൻഇതിനെല്ലാം ഒരു പെണ്കൂട്ടു  വേണം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മക്കളും കൊച്ചുമക്കളും എല്ലാമായി ജീവിക്കണ്ടേ ?

തനിക്കും  തോന്നി. ശരിയാണെന്ന്. ജീവിതത്തിൽ ഒരു കൂട്ടുള്ളത് നല്ലതാണ്. ആന്യോന്യം സഹായിക്കാം. ദുഃഖം പങ്കു വയ്ക്കാം. ഒത്തു ചേർന്ന് സന്തോഷിക്കാം.. പിന്നെ കുഞ്ഞിക്കാലും..  നല്ല പൊരുത്തം. നല്ല  മുഹൂർത്തം……… നല്ല ചേർച്ച… . തന്റെ ജീവിതത്തിനു മാറ്റം വരുന്നത് അയാളറിഞ്ഞു. ശ്രദ്ധ മുഴുവൻ സ്വന്തം കുടുംബത്തിനായി മാറ്റി വച്ചു. സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടു. സ്വാതന്ത്ര്യം ഇല്ലാതായി. എങ്കിലും ജീവിത ഭാരം തനിക്കു ഇഷ്ടമായിരുന്നു.  ഉത്തരവാദിത്വങ്ങൾ സന്തോഷമായിരുന്നു,

ഹോ വയ്യാ. ഈ വേദന. താങ്ങാൻ വയ്യ.. ബോധം മങ്ങിയും തെളിഞ്ഞും കൊണ്ടിരുന്നു. ഇതാരൊക്കെയാണ് തന്റെ അടുത്ത്. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും ഉണ്ടല്ലോ... കൊച്ചു മക്കളുടെ എല്ലാം കളിചിരികൾ. വേണ്ട പെട്ടവരൊക്കെ അടുത്തിരിക്കുമ്പോൾ എന്തൊരു സുരക്ഷിതത്വ ബോധം. വേദനകളൊക്കെ മറക്കുന്നു. അയാളുടെ ചുണ്ടിൽ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും  പുഞ്ചിരി.

നിർത്താതെയുള്ള  മണിയടി. യമരാജാവ്തന്നെ കൊണ്ട് പോകാൻ വരുന്നതാണോ? വീണ്ടും വീണ്ടുമുള്ള  മണിയടി ശബ്ദം കേട്ടാണ്  അയാൾ  മയക്കത്തിൽ നിന്നും ഉണർന്നത്. ഹോം നേഷ്സിന്റെ മോബൈൽ ഫോണിന്റെ ശബ്ദമാണ് കേട്ടത്. നേഷ്സ്  ഉച്ചത്തിൽ ഫോണിലൂടെ ആരോടോ സംസാരിച്ചു കൊണ്ട് ചിരിക്കുന്നു. തന്റെ ഭാര്യയുടെയും മക്കളുടെയും എല്ലാം സ്നേഹവും കടപ്പാടും എല്ലാം ഹോം നേഷ്സിന്റെ രൂപത്തിൽ തനിക്കു കൂട്ടിരിക്കുന്നു.  ഇതു വരെ മയക്കത്തിൽ കണ്ട സ്വപ്നത്തിന്റെ സന്തോഷം മാഞ്ഞു പോയി. താൻ കൂടുതൽ തളരുന്നതായി അയാൾക്ക്തോന്നി. തൊണ്ട വരളുന്നു. അല്പം വെള്ളം കിട്ടിയാൽ നന്നായിരുന്നു. പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല, കൈ പോക്കാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. ------------

അയ്യാളുടെ കാഴ്ച  മങ്ങുന്നു. കണ്‍പോളകൾ ചലിക്കുന്നില്ല. നേഷ്സിന്റെ ചിരിശബ്ദം അവ്യക്തമായിട്ടേ കേൾക്കുന്നുള്ളൂ. ശ്വാസം നേർത്തു നേർത്തു നിലക്കുന്നു. .. ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ കണികയിൽ എന്തെങ്കിലും ഗന്ധമുണ്ടായിരുന്നോ. ….

അയാൾക്കിപ്പോൾ വേദനകളില്ല, ആഗ്രഹങ്ങളില്ല, നിരാശയില്ല, സങ്കടങ്ങളൊന്നുമില്ല.

ശബ്‌ദങൾ

  ശബ്‌ദങൾ   
===========
നമ്മൾ എന്തെല്ലാം ശബ്ദങ്ങളാണ് സദാ സമയവും കേട്ടു കൊണ്ടിരിക്കുന്നത്. ചീവീടിന്റെ, തവളയുടെ, കാക്കയുടെ, കുയിലിന്റെ, പിന്നെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതിന്റെ അങ്ങിനെ എന്തെല്ലാം  ശബ്ദങ്ങൾ നമ്മുടെ ചെവിയിൽ  വീണു കൊണ്ടിരിക്കുന്നു. രാവിലെ പക്ഷികൾ പല ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ട് ഇറങ്ങുന്നു. പക്ഷെ നമ്മൾ ഈ ശബ്ദങ്ങൾ ഉള്ളതായി അറിയുന്നതേ ഇല്ല. നമ്മുടെ തലച്ചോറ് ഈ ശബ്ദങ്ങളുമായി താദാത്മ്യം പ്രാപിച്ചതു കൊണ്ടാണത്. പ്രത്യേകമായി ശ്രദ്ധിച്ചില്ലെങ്കിൽ ഈ ശബ്ദങ്ങൾ അറിയുക പോലുമില്ല.  പക്ഷെ ഒരു നിമിഷം ഈ ശബ്ദങ്ങളേതെങ്കിലും നിലച്ചാൽ നാം അസ്വസ്ഥരാകും. ദൂരെ ഏതങ്കിലും സ്ഥലത്ത് പോയാൽ അവിടുത്തെ വ്യത്യസ്തമായ ശബ്ദങ്ങളെല്ലാം പുതുമയായി ശ്രദ്ധിക്കപ്പെടും.

പണ്ടു കേട്ട ഒരു കാര്യം. ഒരു ലൈറ്റ് ഹൌസ് വാച്ച്മാൻ ദിവസവും രാത്രി 12 മണിക്ക് സമയം അറിയിക്കാനായി ഒരു വെടി പൊട്ടിക്കുമായിരുന്നു. ഒരു ദിവസം രാത്രി വാച്ച്മാൻ  മരിക്കുന്നു. 12 മണിക്കുള്ള വെടി ശബ്ദം ഉണ്ടായില്ല. അടുത്ത വീട്ടിൽ ഉറങ്ങിയിരുന്നയാൾ 12 മണിക്ക് ഞെട്ടി ഉണർന്നു. എന്തോ ഭയങ്കര സംഭവം ഉണ്ടായതുപോലെ. അത്രയും നാൾ അയാൾ ഇങ്ങിനെയൊരു വെടിയൊച്ചയുടെ ഒരു ശല്യവുമില്ലാതെ ഉറങ്ങുമായിരുന്നു. റെയിൽ ഓവർ ബ്രിഡ്ജിന്റെ അടുത്ത് താമസിക്കുന്നവരും ഒരു ശല്യവുമില്ലാതെ സുഖമായി ഉറങ്ങും.

രാവിലെ നടക്കാൻ ഇറങ്ങുമ്പോൾ ചുറ്റുപാടുമുള്ള ജീവികളുടെ പെരുമാറ്റവും ശബ്ദവും കോലാഹലങ്ങളും ശ്രദ്ധിച്ച് കൊണ്ട് നടക്കുന്നത് കൌതുകകരമാണ്... ധാരാളം  പക്ഷികൾ രാവിലെ നേരത്തെ ഉണർന്നു ഭക്ഷണം തേടി പറക്കുന്നു.. എത്ര മനോഹരമായ ശബ്ദത്തിലാണവ ചിലക്കുന്നത് . ഇടയ്ക്കു  കലു പില ചിലക്കുന്ന കിളികൾ. ചിൽ ചിൽ ചിലക്കുന്ന അണ്ണാൻ. കാപ്പിക്കുരുവും, ജാതിക്കയും, ഒമാക്കയും മറ്റും തിന്നാൻ വേണ്ടി ഒരു തരം വേഴാമ്പൽ ഇവിടൊക്കെ മിക്കവാറും കാണും. അവയുടെ ഉച്ചത്തിലുള്ള കൂവൽ വ്യത്യസ്തമായ ശബ്ദം ആണ്. മത്സരിച്ചു കൂവുന്ന കോഴികൾ. നല്ല അരങ്ങാണ്. കാക്കകൾ ശുചീകരണ ജോലികളുമായി ഇറങ്ങിയിട്ടുണ്ട്. കൗശലക്കാർ. കിളികളുടെ കളകളാരവം കേട്ടുകൊണ്ടു നടന്നു. പെട്ടെന്നാണ്  മൈക്കിൽ കൂടി  വളരെ ഉച്ചത്തിൽ ഏതോ ഭക്തി ഗാനം പക്ഷികളും ജീവികളും ഈ ശബ്ദ  കോലാഹലം കാരണം  പറ പറന്നിരിക്കുന്നു. ചെവി തുളച്ചു കയറുന്ന സ്പീക്കറിന്റെ അലർച്ച. എല്ലാ സന്തോഷവും ഇല്ലാതായി. എത്രയും പെട്ടെന്നു തിരിച്ചു പോന്നു.


എല്ലായിടത്തും ഇത് തന്നെ അവസ്ഥ. ഇലക്ഷൻ ആയാൽ മത്സരം ശബ്ദം കോലാഹലം കൊണ്ടാണ്. ഓണം അടുത്താൽ പരസ്യങ്ങളുടെ കോലാഹലം. തിയേറ്ററിൽ പോയി സിനിമാ കാണാൻ നിവൃത്തിയില്ല. ശബ്ദം പാരമ്യത്തിൽ വച്ച് നമ്മുടെ ചെവി തകർത്തെങ്കിലെ നാം  സിനിമാ ആസ്വദിക്കൂ എന്നവർ വിശ്വസിക്കുന്നു. കല്യാണങ്ങൾക്ക് പോകാൻ വേണ്ടി ഒരുക്കുന്ന ആഡംബര വാഹനങ്ങളിലെ ശബ്ദ മലിനീകരണം അസഹ്യം. അതിൽ കയറാതിരിക്കുന്നത് അഭികാമ്യം. സംഗീതം മിതമായ ശബ്ദത്തിൽ കേട്ടെന്കിലെ നമുക്ക് ആസ്വാദ്യമാകൂ.

ശബ്ദം അത്ഭുതകരമായ അനുഭവംകര്ണാടകയിലെ ബിജാപ്പൂരിൽ ഉള്ള ഗോൾ ഗുംബസ്സിൽ (Gol Gumbaz) പല പ്രാവശ്യം ഞാൻ പോയിട്ടുണ്ട്. ഇത് 1656 ൽ ഉണ്ടാക്കിയ ഒരു tomb ആണ്. 44 mtr വ്യാസമുള്ള tomb.   . ഉള്ളിലെ വിസ്തീര്ണ്ണം ലോകത്തെ തന്നെ എറ്റവും  വലുത്. ഇതിന്റെ tomb നുള്ളിൽ  നിന്നും ഉണ്ടാക്കുന്ന ചെറിയ ശബ്ദം പോലും 10 പ്രാവശ്യമെങ്കിലും ഉച്ചത്തിൽ  വ്യക്തമായി ആവര്ത്തിച്ചു നമുക്ക് കേള്ക്കാം.  ഒരു അത്ഭുത പ്രതിഭാസം

നമുക്ക് ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും കേൾക്കാനുള്ള കഴിവ് നമ്മുടെ ചെവിക്കില്ല…  20 Hz മുതൽ 20000 Hz വരെ തരംഗ ആവര്ത്തിയിലുള്ള ശബ്ദങ്ങളേ   മനുഷ്യർക്ക്‌ കേള്ക്കാൻ കഴിയൂ. മറ്റു ചില ജീവികൾക്ക് മനുഷ്യന്റെ  കേൾവിക്ക് അതീതമായ ആവര്ത്തിയിലുള്ള ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുന്നുണ്ട് . അതുകൊണ്ടാണ് അവയ്ക്ക് ചില ഭൂകമ്പങ്ങളും കൊടുങ്കാറ്റും തീപിടിത്തവും എല്ലാം അല്പം നേരത്തെ അറിയാൻ കഴിയുമെന്നു പറയുന്നത്. ഇവ ഉണ്ടാക്കുന്ന ചില തരംഗങ്ങൾ ആ ജീവികൾക്ക് കേൾക്കാൻ കഴിയും. നമുക്ക് കേള്ക്കാൻ കഴിയുന്ന ഫ്രീക്വന്സിക്ക് (20 Hz) താഴെയുള്ള ശബ്ദ തരംഗത്തെ  infrasonic എന്നും കേൾവിക്ക് മുകളിലുള്ളതി (20000 Hz) നെ ultrasonic എന്ന് പറയുന്നു. ultrasonic   തരംഗങ്ങൾ ഉപയോഗിച്ചാണ് ultrasound scanning നടത്തുന്നത്. വളരെ ഉയർന്ന ഫ്രീക്വൻസിയിലുള്ള തരംഗങ്ങൾ റേഡിയോ, TV, ടെലിഫോണ്‍ തുടങ്ങിയ electronic വാര്ത്താ വിനിമയങ്ങൾക്കെല്ലാം കാരിയറായി നാം ഉപയോഗിക്കുന്നു.
ശബ്ദത്തിന്റെ തീവ്രത  (amplitude)  അളക്കുന്ന യൂണിറ്റ്‌ ആണ് ഡെസിബൽ. മനുഷ്യരുടെ കേൾവിയുടെ തോത് അനിസരിച്ചാണ് ഈ യുണിറ്റ്… 0 ഡെസിബൽ എന്നാൽ മൃദുവായി കേൾക്കാവുന്ന ഏറ്റവും കുറഞ്ഞ ശബ്ദം,. അടക്കം പറയുന്നത് 30 ഡെസിബൽ, സാധാരണ സംസാരിക്കുന്നത്  60 ഡെസിബൽ. ആംബുലൻസ്‌ സൈറൻ 120 ഡെസിബൽ, കാർ ഹോണ്‍ 110 decibels, ലൌഡ് സ്പീകർ 120… ഓരോ 10 ഡെസിബൽ വര്ദ്ധിക്കുംപോഴും ശബ്ദതിന്റെ തീവ്രത 10 മടങ്ങാകും പക്ഷെ നമ്മൾ ശബ്ദം ഇരട്ടിയായി ആയിരിക്കും കേള്ക്കുന്നത്.

കൂടിയ അളവിലുള്ള ശബ്ദം നമുക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. 85 ഡെസിബൽ 8 മണിക്കൂറിൽ കൂടുതൽ കേള്ക്കുന്നത് ചെവിക്കു കേടാണ്, അതുപോലെ  91 ഡെസിബൽ ശബ്ദം 2 മണിക്കൂർ,    100 ഡെസിബൽ 15 മിനുട്ട്,   112 ഡെസിബൽ 1 മിനുട്ട് സമയം കൊണ്ട് ചെവി കേടാകും.  140 നു മുകളിലുള്ള ശബ്ദം ഉടൻ തന്നെ ചെവിക്കു നാശം ഉണ്ടാക്കും. ശബ്ദതിന്റെ ഉത്ഭവ സ്ഥാനത്തു നിന്ന് ദൂരേക്ക്‌ പോകും തോറും നമ്മുടെ ചെവിയിൽ  വീഴുന്ന ശബ്ദതിന്റെ തീവ്രത കുറയുന്നു. ദൂരം ഇരട്ടിക്കുമ്പോൾ തീവ്രത നാലിലൊന്നായി കുറയും.  ശബ്ദമലിനീകരണം മാനസികവും, ശാരീരികവും, സാമുഹ്യവും ആയ മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

ശബ്ദമലിനീകരണം ഒരു വിപത്താണ്. പക്ഷെ ശബ്ദം ഒരു അനുഗ്രഹമാണ്... 

Friday, September 18, 2015

ആത്മരോദനം

      ആത്മരോദനം  

കനൽവീണ നടവഴികളിൽ നിണംവീണ നാട്ടരങ്ങിൽ  
കത്തുന്ന ഞരന്പുകളിൽ  നിത്യതയുടെ ചുടലകളിൽ  
കാലുഷ്യപെരുമ്പറകൾ മീട്ടൂന്ന  
നിരത്തിന്റെ ഓരങ്ങളിൽ  
കർത്തവ്യ ബോധത്തിന്റെ  നിലക്കാത്ത ഓളങ്ങളിൽ  

പുണ്യതയുടെ അന്തമാം തീരതീർത്ഥാടനങ്ങളിൽ 
പകൽപൂരങ്ങളുടെ നിലക്കാത്ത ആരവഘോഷങ്ങളിൽ  
പകലിന്റെ വെളിച്ചത്തിൽ  അന്തകാരത്തിന്റെ നിഗൂഡതയിൽ  
പകലോന്റെ കർമ്മവീഥികളിൽ  തിങ്കളിന്റെ പയനങ്ങളിൽ  

ഉന്മതൻ ദേവതയെ  പ്രപഞ്ചത്തിന്റെ  ആഗതയെ 
ഉയിരിന്റെ  ദാനവനെ 
സത്യത്തിൻ  ഗായകനെ  
ഉണർവിന്റെ സോദരനെ കർമ്മത്തിൻ കോവിലനെ  
ഉന്മാദ തീരങ്ങളിൽ എന്നന്നെന്നും തേടിടുന്നു  

ഇന്നും ഞാൻ തേടിടുന്നു  പഞ്ചേന്ദ്ര വേധത്തിനാൽ  
ഈ ജന്മ കർമ്മമായി പുണ്യത്തിൻ മാർഗ്ഗമായി 
ഇന്നെന്നും  മുന്നിൽ നിന്നും നയിക്കുന്ന ദീപമായി  
എന്നിലെ  ധർമ്മത്തിന്റെ തിരികെടാ വെളിച്ചമായി  

പാരിലെ വേദികളിൽ ഞാൻ  ഉണ്മയെ കാണുന്നില്ല  
പാർവയിൽ എൻ പയനങ്ങളിൽ  വേദനതൻ രംഗം മാത്രം  
പതിതനാം മർത്യ ജന്മം നിറയുന്നു മൂലോകത്തിൽ  
പിടയുന്നു  ലോക നന്മ കാക്കുന്നു മോചകരെ 

Tuesday, September 15, 2015

പുതു ഓണപ്പാട്ട്


       പുതു ഓണപ്പാട്ട്  

ചന്ദനഗന്ധം പരത്തി വിലസും  പൊൻഉഷസന്ധ്യയെ നീ  
മന്ദസമീരൻ നിന്നുടൽ ഒന്നായ്  പുൽകികടന്നെന്നോ 
വന്ദന സമയമിതൊന്നിൽ ചാർത്തും കുങ്കുമവർണ്ണത്താൽ 
ചന്തമിയർന്നൊരു നിൻരൂപം കാന്മൂ പിൻ ചക്രവാളത്തിൽ 

കന്മദമിയർന്നൊരു പാരിൻ മനസ്സിൽ വിണ്ണിൻ കല്പനകൾ  
കാന്മൂവീണ്ടും കല്പിതമായൊരു കർമ്മ വിചാരങ്ങൾ  
ചിന്മയ ഭാർഗ്ഗവൻ വിട്ട് കടന്നൊരു സിന്ദുരാവേഗം  
മിന്നും ഒളിയായ് പടർന്നിരുന്നു ചുറ്റും ചാലിച്ച് 

പയ്യേ പയ്യേ കണ്ചിമ്മുന്നു  താരാകുഞ്ഞുങ്ങൾ  
കയ്യുകൾ നീട്ടി ആട്ടി വിളിച്ചും മരുവുന്നു ദുരെ 
കൊയ്യും വെണ്നിലവുകൾ തൻ വിളയുടെ കൂട്ടങ്ങൾ 
തെയും തിറയും കൊട്ടി വിളിക്കും ഭുവിൽ  മന്ത്രങ്ങൾ  

വെള്ളി വെളിച്ചം കത്തിക്കനായ്  വൃഥാ ജന്മങ്ങൾ  
തുള്ളി ഉറഞ്ഞും ചോര തെറിച്ചും കോമരകുട്ടങ്ങൾ 
കള്ളി പാലകൾ കെട്ടി നിറക്കാൻ നവൊറു പാഠങ്ങൾ  
പള്ളിയുറക്കാൻ വെളിപാട് തേടും  ഊരയ്മക്കുട്ടം  

ഓണപ്പാട്ടുകൾ  നിറഞ്ഞൊരു മണ്ണിൽ ഭരണിപട്ടിന്പം 
കാണം നിറഞ്ഞും കനകം കണ്ടും വെളിപാടിൻ തിറകൾ 
നിണം കുടിക്കും കൊയ്ത്തരിവാളുകൾ മറന്നു കതിരുകളെ  
പണം നിറച്ചും വരം കൊടുത്തും നിറക്കും വായ്ത്താരി  

ഇവിടെ ഇല്ല ഉഷസന്ധ്യകൾ നിറക്കും ചന്ദന ഗന്ധം  
കൂവിയാർക്കും ആസുര പടയുടെ ഝണഝണ നാദം  
കവിയുടെ കുരലുകൾ ചടുലമായ് അരിയുംപാവന മണിനാദം  
താവളങ്ങൾ തുടി കൊട്ടി നിറക്കുന്ന ആര്യ സംസ്കാരം