Wednesday, August 19, 2015

ഓണം വന്നു

ഓണം വന്നു തലയിൽ കേറി
>>>>>>>>>>>>>><<<<<<<<<<<<<<<<<<<<<< 
ഓണം വരാറായല്ലോ . ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങണ്ടേ? പക്ഷെ ആര്ക്കും ഒരു അനക്കവും കാണാനില്ല. ഒന്നും ഒരുക്കേണ്ട ആവശ്യമില്ല.  ഇത് റെഡിമെയിന്റെ കാലമാണല്ലോ. എന്തും വാങ്ങാൻ കിട്ടും. textile കടകളിലും home appliance കടകളും സജീവമായി തുടങ്ങി..  ബേക്കറികളിൽ പല തരത്തിലുള്ള വിഭവങ്ങൾ എത്തിത്തുടങ്ങി.. ഇപ്പൊ ഓണം പ്രത്യേകിച്ചു  ആര്ക്കും ഒരു ആവേശവും ഉണ്ടാക്കാറില്ല. കാരണം എന്നും ഓണം തന്നെ.  ഞാൻ എന്റെ ചെറുപ്പ കാലത്തെ ഓണത്തെപ്പറ്റി ഓര്ത്തു. അന്നൊക്കെ ഒരു വര്ഷത്തെ  കാത്തിരിപ്പാണ് ഓണം വരാൻ.

എന്റെ മുത്തശ്ശി ഒരു കഥ പറഞ്ഞത് ഓർക്കുന്നു.. വളരെ ആഡംബരത്തിൽ കഴിയുന്ന ഒരു വലിയ ധനികന്റെ മകൻ ഓണ ദിവസം അമ്മയോട് ചോദിച്ചത്രേ. ഈ ഓണം  എന്നാൽ എന്താണ് എന്ന്. എന്നും സുഭിക്ഷമായി ആഡംബരത്തിൽ കഴിയുന്ന ആ കുട്ടിക്ക്  ഓണം എന്ത് അനുഭവം ഉണ്ടാക്കാനാണ്. ആ മകൻ പിന്നീട് വളരെ ദാരിദ്ര്യത്തിൽ കഴിയേണ്ടി വന്നത്രേ. അക്കാലത്ത്  ഓണം അത്ര മാത്രം പ്രാധാന്യമുള്ളതു ആയിരുന്നു.  കാര്ഷിക വൃത്തിയിൽ നിന്നും അകന്നത് കൊണ്ടാണ് ഇന്നു നമുക്കു ഓണത്തിന് വലിയ പ്രാധാന്യം തോന്നാത്തത്  എന്ന് തോന്നുന്നു. ഒരു വിളവെടുപ്പിന്റെ ആഘോഷം കൂടിയാണ് ഓണം.

പണ്ട് ഓണത്തിന് വളരെ മുമ്പേ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങും. ഓല മേഞ്ഞു ചാണകം മെഴുകിയ വീടുകളായിരുന്നു മിക്കവാറും എല്ലാം. തറയും മണ്‍ഭിത്തികളും  പൊട്ടിയ ഭാഗമെല്ലാം മണ്ണ് കുഴച്ചു തേച്ചു പിടിപ്പിക്കുന്നു. എന്നിട്ട് ചാണകവും തൊണ്ടുകരിയും കൂടി കുഴച്ചു തളിക്കും. കുറച്ചു ദിവസത്തേക്ക് നടക്കുമ്പോൾ കാലിന്റെ വെള്ളക്കെല്ലാം കറുത്ത നിറമായിരിക്കും മുറ്റവും വഴികളും ചുറ്റുപാടുകളും എല്ലാം ചപ്പു ചവറുകൾ മാറ്റി ചെത്തി വൃത്തിയാക്കും.

ഇവിടെയെല്ലാം കര്ഷക കുടുംബങ്ങളായിരുന്നു. സാധാരണയായി പഴംകഞ്ഞി, കഞ്ഞി, പുഴുക്കുകൾ ഒക്കെയായിരിക്കും ഭക്ഷണം. ഇതൊക്കെ മടുതിരിക്കുമ്പോൾ പലഹാരമൊക്കെ കഴിക്കാൻ കിട്ടുന്നത്  ഓണത്തിന് മാത്രമാണ്. ഉപ്പേരി, മുറുക്ക്, കുഴലപ്പം, അരിയുണ്ട തുടങ്ങിയ പലഹാരങ്ങൾ നേരത്തെ തന്നെ ഉണ്ടാക്കാൻ തുടങ്ങും. അവൽ, അരിപ്പൊടി തുടങ്ങിയവയെല്ലാം വീടുകളിൽ  തന്നെ ഉരലിലും തിരികല്ലിലും  ഒക്കെ ഉണ്ടാക്കിയെടുക്കും. കർഷകരായിരുന്നത് കൊണ്ട് അരി, ഉഴുന്ന്, പയർ, വെളിച്ചെണ്ണ, തേങ്ങ, പച്ചക്കറി,  പഴം, ഏത്തക്ക ഇവക്കൊന്നും  വലിയ ബുദ്ധി മുട്ടില്ലായിരുന്നെങ്കിലും ആരുടേയും പക്കൽ പണം ഉണ്ടായിരുന്നില്ല. കുട്ടികള്ക്ക് ഓണക്കോടി വാങ്ങി കൊടുക്കാൻ മാതാപിതാക്കൾ വളരെ ബുദ്ധിമുട്ടിയിരുന്നു. ഓണത്തിന് ഉത്രാട ചന്തയിൽ നിന്നും ഉരുളക്കിഴങ്ങും, അമരപ്പയറും, ശർക്കരയും വാങ്ങും. ഓണത്തിനു മാത്രമാണ് ഈ സാധനങ്ങൾ  വാങ്ങുന്നത്.

ഓണപരീക്ഷ കഴിഞ്ഞാൽ ഞങ്ങള്ക്ക് ഓണക്കളികൾ തുടങ്ങും.  മഴ  തോർന്നു മാനം തെളിയുമ്പോൾ ഓണ തുമ്പികൾ മുറ്റത്തു വട്ടമിട്ടു പറക്കാൻ തുടങ്ങും. അതിന്റെ കൂടെ വട്ടത്തിൽ ഓടി കളിക്കാൻ രസമായിരുന്നു. ഇവിടെ അടുത്ത് തന്നെ ഒരു വനം ഉണ്ടായിരുന്നു. (ഇപ്പോൾ അവിടെ റബ്ബർ പ്ലാന്റേഷൻ ആണ്.) വനത്തിൽ പോയാൻ കാട്ടു വള്ളി കിട്ടും. നല്ല ബലമുള്ള ചുണ്ണാമ്പു വള്ളി വെട്ടിക്കൊണ്ടു വന്നു പ്ലാവിന്റെ കൊമ്പിൽ വലിയ ഊഞ്ഞാലിടുംഅവിടെ പിന്നെ  എപ്പോഴും തിരക്കായിരിക്കും. പെണ്ണുങ്ങൾക്കാണ് ഊഞ്ഞാലാടാൻ വലിയ ഹരം. നിന്ന് കൊണ്ട് ചില്ലാട്ടം പറക്കലും. ആടിക്കൊണ്ടു പ്ലാവില പറിക്കലും ഒക്കെയാണ് ചിലരുടെ ഹോബി. ഞങ്ങളെ ആ പ്രദേശത്ത് അടുപ്പിക്കില്ല. ഇതുങ്ങളൊക്കെ വീണു നടുവോടിഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിക്കും.

അത്തം മുതൽ  ദിവസവും രാവിലെ മുറ്റത്ത് ചാണകം തളിച്ച്  പൂവിടും. കുട്ടികളുടെ ജോലിയാണ് കാട്ടു പൂക്കൾ  പറിച്ചു കൊണ്ട് വന്നു പൂവിടുന്നതു. മുക്കുറ്റിയും, തുമ്പപ്പൂവും , കാക്കപ്പൂവും, നന്ത്യാര്‍വട്ടവും, തൊട്ടാവാടിപ്പൂക്കളും, തെറ്റിപൂക്കളും എല്ലാം അന്ന് ധാരാളം.  ഇപ്പോഴത്തെ പോലെ ഓണാഘോഷ ക്ലബ്ബുകളും പണപ്പിരിവും ഒന്നും ഇല്ല. ചില കടുവാ കളിക്കാർ വേഷം കെട്ടി വന്നു കളിക്കും. പിന്നെ ദേഹത്തെല്ലാം കുരുത്തോല വച്ച് കെട്ടി പാക്കനാരു കളി. അവര്ക്കൊക്കെ നെല്ലാണ് കൊടുക്കുക.

ഉത്രാടം ആയാൽ ഒരുക്കങ്ങൾക്ക് ആക്കം കൂടുന്നു. അമ്മയ്ക്കും മുത്തശ്ശിക്കും പിന്നെ ശ്വാസം വിടാൻ നേരമില്ല. ഓണം വന്നു തലയിൽ കേറി.  മാവേലി തമ്പുരാൻ വരും മുമ്പ് എന്തെല്ലാം ഒരുക്കണം. ഉത്രാട രാത്രി തന്നെ മിക്കവാറും ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. മുതിർന്നവരൊന്നും രാത്രി ഉറങ്ങില്ല. അടുക്കളയും വരാന്തയുമെല്ലാം അരിപ്പൊടി കലക്കി കോലം  വരക്കും. അരി വറത്ത് പൊടിച്ചത് ശർക്കരയിട്ടിളക്കി  ചെറിയ  ഇലകളിൽ വിളമ്പി വീടിനു ചുറ്റും പല സ്ഥലങ്ങളിലായി വയ്ക്കും. അതിൽ ഒരു എണ്ണതിരിയും വയ്ക്കും. ഉറുമ്പിനുള്ള ഓണപ്പങ്കാണ്. ഓണപ്പരിപാടി കഴിയും വരെ വീട്ടിനുള്ളിൽ ഉറുമ്പ്‌ കയറാതിരിക്കാനുള്ള ഒരു വിദ്യയും കൂടിയാണിത്.  അന്ന് നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ജീവികൾക്കും ഓണത്തിന്റെ പങ്കു കൊടുക്കുമായിരുന്നു. ഇതെല്ലാം കാണാൻ വേണ്ടി ഒരുങ്ങി ഇരുന്നതാണ്.  പക്ഷെ അടുക്കളയിൽ  തന്നെ ഇരുന്നു ഉറങ്ങി പോയി.

എടാ ഓണമായാൽ എങ്കിലും നേരത്തെ ഒന്നെഴുനേറ്റു കൂടെ. മണി ആറു  കഴിഞ്ഞു.  മുത്തശ്ശിയുടെ വക. അപ്പോഴാണ്‌ ഓണത്തിനെ പറ്റി ഓർത്തത്‌. ചാടി എഴുനേറ്റു. അച്ഛൻ രാത്രിയിൽ എത്തിയതു ഇപ്പോഴാണറിഞ്ഞത് . ഓണം കളിക്കാൻ ഒരു നീല റബ്ബർ പന്തും  കൊണ്ട് വന്നിട്ടുണ്ട്. ഓലക്കാല് മെടഞ്ഞ പന്താണ് സാധാരണ ഓണക്കളിക്ക് ഉപയോഗിക്കുന്നത്. റബ്ബർ പന്ത് കൊണ്ടെറിഞ്ഞാൽ ഏറു കൊല്ലുന്നയാളിനു നല്ല വേദനയുണ്ടാകും. ഇത് കൊണ്ട് ആരെയൊക്കെ എറിയണമെന്നുള്ളതു ആലോചിച്ചു കൊണ്ട് നടന്നു. തലേന്ന് ഉറങ്ങിപ്പോയതു കൊണ്ട് ഒരുക്കങ്ങൾ ഒന്നും കാണാൻ പറ്റിയില്ല. അടുക്കളയിലും വരാന്തയിലും എല്ലാം അരിമാവ് കൊണ്ട് പല രൂപങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് കൈ പതിച്ചിട്ടുണ്ട്. ഉറുമ്പൂട്ടിനു വച്ചതെല്ലാം പോയി നോക്കി. നിറയെ ഉറുമ്പ്‌ വന്നിട്ടുണ്ട്.  നല്ല മധുരം കാണും.  ഉറങ്ങിയില്ലായിരുന്നെങ്കിൽ അതിന്റെ പങ്കു കിട്ടിയേനെ.

തിരുവോണ ദിവസം പിറന്നാൽ ഞങ്ങളൊക്കെ വലിയ  ഉല്സാഹത്തിലായിരിക്കും. കാലത്ത് കുളിച്ചു വന്നാൽ പലഹാരം. ദോശയോ ഇഡ്ഡലിയോ കൂടെ പഴവും ഉപ്പേരിയും. പഠിക്കാൻ ആരും  പറയില്ല. എന്ത് കുരുത്തക്കേടും കാട്ടാം. അടി കിട്ടില്ല.  ഉച്ചക്കു പല വിഭവങ്ങളുമായി വാഴയിലയിൽ  ഊണ്അതു കഴിഞ്ഞാൽ നല്ല വസ്ത്രങ്ങളിട്ടു കളികൾക്കായിറങ്ങാം. പല തരം  കളികൾ അന്നുണ്ടായിരുന്നു. കിളിത്തട്ട്, കുഴിപ്പന്ത്, തുമ്പിതുള്ളൽ അങ്ങിനെ ധാരാളം എല്ലാമൊന്നും ഓര്മ്മയില്ലവീട്ടിലുള്ള  മുതിർന്നവരും  കളികളിലൊക്കെ പങ്കെടുക്കും അല്ലെങ്കിൽ കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. പിന്നെ അയല്ക്കാരുടെയും അടുത്തുള്ള ബന്ധുക്കളുടെയും വീടുകളിലൊക്കെ ഒരു സൌഹൃദ സന്ദർശനം. ഊഞ്ഞാലിന് ചുറ്റും എപ്പോഴും തിരക്കായിരിക്കും. എനിക്ക് ഊഞ്ഞാലാട്ടം വലിയ താല്പര്യമില്ലാത്തത് കൊണ്ട് കൂട്ടുകാരുമായി നാട് മുഴുവൻ ഒരു ഊരു ചുറ്റൽ.  കളികളും ചാട്ടവും  എല്ലാം കഴിഞ്ഞു ദേഹത്തെല്ലാം പരുക്കുകളും ചെളിയും മണ്ണും  എല്ലാം ആയി  വൈകുന്നേരമാകുമ്പോൾ മടങ്ങിയെത്തും.  ഓണം കഴിയാറായതിന്റെ ദുഃഖം….  രാത്രി അത്താഴം കഴിയുമ്പോഴേക്കും ക്ഷീണം കൊണ്ട്  ഉറക്കം തൂങ്ങി. പുല്പായ നിലത്തു വിരിച്ചു ചുരുണ്ടു കൂടി.   അപ്പോഴും ഊഞ്ഞാലിൽ ആടുന്നവരുടെ പാട്ടു കേൾക്കാം. ……   .

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും

ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്

എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ

നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.

കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും

മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ  5 comments:

  1. ഒർമകൾ ഉണര്ത്തി വീണ്ടുമൊരു ഓണക്കാലം .

    ആശംസകൾ

    ReplyDelete
  2. വാക്കുകള്‍കൊണ്ട് വരച്ച മനോഹരമായ ഒരോണ മഴവില്ല്....... കുട്ടിക്കാലത്തേക്ക് കൈപിടിച്ച് വലിച്ചുകൊണ്ട് പോയി..... ഓണം ആഘോഷിച്ചു തന്നെ അറിയണം..... നന്മകള്‍ നേരുന്നു.....

    ReplyDelete