Monday, August 17, 2015

പാടാത്ത കുയിൽ

പാടാത്ത കുയിൽ
===========================================

ഇന്നു രാവിലെ നടക്കാനിറങ്ങിയത്  കുയിലുകളുടെ നീട്ടിയുള്ള കൂവൽ കേട്ടു കൊണ്ടാണ്. നല്ല മധുരമുള്ള ശബ്ദം. കാക്കകളുടെ ക്രാ ക്രാ ശബ്ദങ്ങളുടെ ഇടയിൽ വേറിട്ട ഗാനം. ആണ്‍കുയിലാണത്രേ കൂവുന്നത്. പെണ്‍കുയിലിനെ  ആകർഷിക്കാൻ വേണ്ടിയുള്ള ഒരു വേല.. എൻറെ ചെറുപ്പത്തിൽ  കുയിൽ കൂവുമ്പോൾ കൂടെ കൂവുമായിരുന്നു. അപ്പൊ കുയിൽ വാശി കേറി ഉച്ചത്തിൽ കൂവും. കൂവൽ മത്സരം പോലെ.. കൂ..ഊൗ ........ കൂ .ഊൗ

വഴിയിലുള്ള ഒരു മാവിൻചില്ലയിൽ ഒരു ആണ്‍ കുയിൽ ഒറ്റക്കിരിയ്ക്കുന്നതു കണ്ടു. മുഖത്ത് വല്ലാത്ത ദുഃഖം ഉണ്ടെന്നു തോന്നി. ഞാൻ ചോദിച്ചു. നീ മാത്രം  എന്തേ പാടാതെ ഒറ്റയ്ക്ക് ദുഃഖിച്ചിരിക്കുന്നു. വീണ്ടും വീണ്ടും  ചോദിച്ചപ്പോൾ കുയിൽ തൻറെ കഥ പറഞ്ഞു.:-

എനിക്കു കുയിലിന്റെ പാട്ടു പാടാൻ അറിയില്ല. എനിക്കു ഇണയോ  കൂട്ടുകാരോ  ഇല്ല.
ഞാൻ ജനിച്ചത്‌ കാക്ക കൂട്ടിൽ. കണ്ണ് തുറന്നപ്പോൾ കണ്ടവരെ അച്ഛനെന്നും അമ്മയെന്നും വിളിച്ചു. കൂടെ മുട്ട വിരിഞ്ഞിറങ്ങിയവരെ സഹോദരങ്ങളാക്കി. അച്ഛനും അമ്മയും ഭക്ഷണം തേടി പോകും. വരുന്നത്  ഞങ്ങൾക്കുള്ള തീറ്റയുമായാണ്. അരിയും, പുഴുക്കളും, അപ്പ കഷണങ്ങളും എല്ലാം നല്ല സ്വാദുള്ളത്. ഞങ്ങളുടെ ഓരോരുത്തരുടെയും വായിൽ തീറ്റ വച്ചു തരും.

ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നു. അമ്മ ഞങ്ങളെ പറക്കാൻ പഠിപ്പിച്ചു. കുറച്ചു മുതിർന്നപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത് ഞങ്ങളിൽ രണ്ടു പേരുടെ ശബ്ദം വ്യത്യാസമുണ്ടെന്നും ഞങ്ങൾ രണ്ടു പേർ കുയിൽ കുഞ്ഞുങ്ങളാണെന്നും. മറ്റേ കുയിൽ സഹോദരൻ എന്നോട് പറഞ്ഞു. വാ നമുക്ക് ഇവിടെ നിന്നും പറന്നു പോകാം. അതിനുള്ള സമയമായി എന്ന്.  പക്ഷെ എനിക്കു എൻറെ അച്ഛനമ്മമാരെയും കാക്ക സഹോദരരേയും വിട്ടു പോകാൻ മനസ്സുണ്ടായില്ല. എൻറെ ശബ്ദം കാക്ക കുഞ്ഞിൻറെ ശബ്ദം  ആക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.  പക്ഷെ സാധിച്ചില്ല   ക്രാ ക്രാ.. ക്രാ ക്രാ.   

ഞങ്ങൾക്കെല്ലാം പ്രായപൂർത്തിയായപ്പോൾ ഞങ്ങളോടെല്ലാം കൂടു  വിട്ടു പറന്നു പോയ്ക്കൊള്ളാൻ അമ്മ പറഞ്ഞു. ഞാൻ എൻറെ ഇണയെ തേടി  പറന്നു.  പക്ഷെ പെണ്‍കാക്കകൾ  എന്നെ കൂടെ കൂട്ടിയില്ല. കുയിലിൻറെ പാട്ട് അറിയാത്തതു കൊണ്ട് പെണ്‍കുയിലുകളും കൂടുന്നില്ല. എനിക്ക് കാക്കയാകാൻ  പറ്റിയില്ല.  കുയിലാകാൻ ഞാൻ ശ്രമിച്ചതുമില്ല.  അതുകൊണ്ട് എനിക്ക് കൂട്ടുകാരും നാട്ടുകാരും ഇല്ലാതായി. അങ്ങിനെ ഞാൻ ഒറ്റയായി. ജീവിതം മടുത്തു.. ഇനി ഞാൻ എന്ത് ചെയ്യണം ?”

സ്വന്തം പാട്ട് പാടാനറിയാത്ത ആ കുയിലിനു കൊടുക്കാൻ ഒരു മറുപടി ഇല്ലാഞ്ഞത് കൊണ്ട് ഞാൻ മുൻപോട്ടു നടന്നുകഷ്ടം അവനു കാക്കയാകാനൊ കുയിലാകാനൊ കഴിഞ്ഞില്ല. അപ്പോഴും ദൂരെ എവിടെയോ നിന്നു ഏതോ ആണ്‍കുയിൽ തൻറെ ഇണയെ കൂകി വിളിക്കുന്നത്‌ കേട്ടു. കൂൂൂൂ ... .........      കൂൂൂൂ ...

(ഗുണപാഠം.:- സ്വന്തം ഭാഷയെയും  സംസ്കാരത്തെയും  തിരസ്കരിച്ചാൽ  നാം ആരുമല്ലാതാകും. അന്യ നാട്ടിൽ ജനിച്ചു വളര്ന്നവരും മാതൃഭാഷയും സംസ്കാരവും പഠിക്കുന്നത് നന്ന്. കാരണം അന്യ ഭാഷയും സംസ്കാരവും എന്നും അന്യമായിരിക്കും)

No comments:

Post a Comment