Saturday, August 8, 2015

കൊതുക്

കൊതുക്
========
ഇന്നു സന്ധ്യക്ക്ഒരുപാട് കൊതുകുകളുണ്ടായിരുന്നു.  ഞാൻ  ഒരു ബാറ്റുമായി കൊതുകിനെ കൊല്ലാനിരുന്നു. പക്ഷെ ബാറ്റു കൈയിലെടുത്താൽ കൊതുക് മനസ്സിലാക്കും. ഇപ്പോൾ ബാറ്റിനെയും അതിജീവിക്കാൻ കൊതുക് പഠിച്ചു.  പെ   കൊതുകാണത്രേ രക്തം കുടിക്കാൻ വരുന്നത്. ആൺ കൊതുക് പാവം വെജിറ്റെറിയൻ.  . കൊതുകുകൾ മനുഷ്യരുടെ രക്തം കുടിക്കുന്നതിനു പ്രതിഫലമായി മാരക രോഗങ്ങൾ തന്നിട്ട് പോകുന്നു. കുറച്ചു വര്ഷങ്ങൾക്കു  മുൻപ് ചിക്കൻ ഗുനിയ എന്നെ വിറപ്പിച്ചതാണ് . ഇപ്പോഴും കാലിന്റെ വേദന മാറിയിട്ടില്ല. മനുഷ്യൻറെ ഒരു വർഗ ശത്രു ആണെന്ന് പറയാം.

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ അനോഫലിസ്, ക്യൂലക്സ് എന്നാ രണ്ടിനം കൊതുകുകളെ പറ്റിയാണ് കാണാതെ പഠിച്ചത്. മലമ്പനിയും  മന്തും മാത്രമായിരുന്നു അന്ന് കൊതുകിൻറെ കൈവശം ഉണ്ടായിരുന്നത്. ഇന്നു ആഗോളവല്ക്കരണം വന്നു കഴിഞ്ഞപ്പോൾ പല നാട്ടിലുള്ള കൊതുകുളെല്ലാം കേരളത്തിലേക്ക് കുടിയേറി. അതോടൊപ്പം പറയാൻ കൊള്ളാത്തതും വായിൽ കൊള്ളാത്തതുമായ  പേരുകളുള്ള നിരവധി രോഗങ്ങളുമായാണ് ഇവരുടെ വരവുഇവരെ ഇല്ലായ്മ ചെയ്യാനുള്ള പല മാർഗങ്ങൾ കണ്ടു പിടിച്ചു ചില കച്ചവടക്കാർ വൻ  ലാഭമുണ്ടാക്കി. ഇവർ  കൊണ്ടു വരുന്ന രോഗങ്ങൾ ചികിത്സിച്ചു ആശുപത്രികളും കൊയ്ത്തു നടത്തുന്നു.

മനുഷ്യരെല്ലാം പൊതുവായി വെറുക്കുന്ന ജീവിയെ പറ്റിയുള്ള എൻറെ ഒരു അനുഭവം…. 
ഞാൻ പണ്ട് കേരളത്തിലെ  പടിഞ്ഞാറൻ  തീരത്തുള്ള ഒരു പട്ടണത്തിൽ ജോലിയായിരുന്നപ്പോൾ,  ഞാനും എൻറെ ഉറ്റ സ്നേഹിതൻ രാമകൃഷ്ണനും  ഒന്നിച്ചു ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. പിന്നെ ധാരാളം കൊതുകുകളും കൂട്ടിനുണ്ട്.   വൈകിട്ടു ആഹാരം കഴിച്ചു മുറിയിലേക്ക് വരുന്നതിനു മുൻപേ കൊതുകുക ഹാജരായിട്ടുണ്ടാകും. പിന്നീട് കൊതുകുമായിട്ടു ഒരു യുദ്ധമാണ്.അതെല്ലാം കഴിയുംപോഴെക്കും ഞങ്ങൾ ക്ഷീണിക്കും. പക്ഷെ കൊതുകിനൊരു ക്ഷീണവും കാണില്ല. മൂക്കും ചെവിയും ഉൾപ്പെടെ മൂടി ഞങ്ങൾ  കിടക്കും. മൂക്കു തുറന്നാൽ മൂക്കിൽ കൂടി കൊതുകുകൾ  ഉള്ളിൾ  കടക്കും. അങ്ങിനെ ഞങ്ങൾ ജീവിച്ചു വന്നപ്പോഴാണ് ഒരു ദിവസം…..  

ഞാൻ രാവിലെ അല്പം നേരത്തെ ഉണർന്നു. രാമകൃഷ്ണൻ ഉണർന്നിട്ടില്ല. രാവിലെ ആകുമ്പോഴേക്കും  കൊതുകുകളെല്ലാം എൻറെ ഷുഗറുള്ള  A + വും രാമകൃഷ്ണൻറെ ഷുഗറില്ലാത്ത O + വും കുടിച്ചു നല്ല ഉഷാറായിട്ട് എവിടെങ്കിലും മുട്ടയിടാൻ പോയിരിക്കും. പക്ഷെ അന്നു രാവിലെ ഉണർന്നപ്പോൾ ഒരു കൊതുക് ഭിത്തിയിൽ ഒറ്റക്കിരിക്കുന്നത് കണ്ടു. ഞാൻ  അടുത്തു ചെന്നു കൊതുകിനെ വേദനിപ്പിക്കാതെ കൈയിൽ എടുത്തു. അതിൻറെ വയർ ശൂന്യമായിരുന്നു. അത് രക്തം കുടിച്ചിട്ടില്ല.  എനിക്കു സങ്കടം വന്നു. ഞാൻ അതിനോടു  ചോദിച്ചു. “നിനക്കെന്തു പറ്റി ?. ബാക്കി എല്ലാവരും വയറു നിറച്ചു സുഭിക്ഷമാക്കി പൊയിട്ടു നിനക്കു മാത്രം എന്തേ ഒന്നും കിട്ടിയില്ല.?.”

അപ്പോൾ കൊതുക്  തൻറെ ജീവിത കഥ  പറഞ്ഞു. ( അക്കാലത്ത് എല്ലാ ജീവികളും മനുഷ്യരുമായി സംസാരിക്കുമായിരുന്നു.)   :- " ഞാൻ ജനിച്ചത്ഒരു റബ്ബർ ചിരട്ടയിലെ വെള്ളത്തിലാണ്.  റബ്ബറിന് വിലയില്ലാത്തത് കൊണ്ട് ആരും റബ്ബർ വെട്ടുന്നില്ല.  അത് ഞങ്ങടെ ഭാഗ്യം. ചിരട്ടയിലെ  വെള്ളത്തിൽ കൂത്താടിയായി  നീന്തി  മറിഞ്ഞു കളിക്കാൻ എന്ത് രസമായിരുന്നു.  ഇന്നലെ വൈകിട്ട് പൂപ്പയിൽ നിന്നും ചിറകു മുളച്ചു ഞങ്ങൾ കൊതുകായി പറന്നുമുതിർന്നവർ ഞങ്ങളെ കാത്തു വെളിയിൽ നില്പുണ്ടായിരുന്നു.  ഞങ്ങളെല്ലാവരും കൂടി മൂളി പാട്ടും പാടി പറന്നു  വന്നു.  ഞങ്ങളോട് മുറിയിലേക്ക് കയറിക്കൊള്ളാൻ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മുതിർന്നവർ പറഞ്ഞു. അങ്ങിനെ ഞങ്ങൾ മുറിയിൽ  കയറി.  കൂടെയുള്ളവരൊക്കെ നിങ്ങളെ കുത്തുന്നതും നിങ്ങൾ അവരെ അടിക്കാൻ ശ്രമിക്കുന്നതും ചീത്ത പറയുന്നതും എല്ലാം ശ്രദ്ധിച്ചു  ഞാൻ ഇവിടെ ഇരുന്നുനിങ്ങൾ  ഉറങ്ങി കഴിഞ്ഞപ്പോൾ എൻറെ സഹോദരങ്ങൾ നിങ്ങളെ കുത്തുന്നത് കണ്ടുവേദനിച്ചു നിങ്ങൾ കരയുന്നത് കണ്ടു.എനിക്ക് നിങ്ങളെ വേദനിപ്പിക്കാൻ മനസ്സ് വന്നില്ല. പല പ്രാവശ്യം ശ്രമിച്ചെങ്കിലും  എനിക്കതിനു  കഴിഞ്ഞീല്ല.  ഇപ്പോൾ എനിക്ക് ഭയങ്കരമായി വിശക്കുന്നുണ്ട്.

കൊതുകിൻറെ കഥ  കേട്ട് എനിക്ക് സങ്കടം വന്നു. ഞാൻ പറഞ്ഞു. "നിനക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന ആഹാരം മനുഷ്യ  രക്തം ആണ്. അത് കുടിച്ചു മാത്രമേ നിനക്ക് ജീവൻ നില നിർത്താൻ കഴിയുള്ളൂ. അതു നേടുന്നതിനു   അനുകമ്പ  ഒരു തടസ്സമാകരുത്.  ഒരു ജീവി, അതിൻറെ ജീവ സന്ധാരണത്തിന് മറ്റൊന്നിനെ വേദനിപ്പിക്കേണ്ടി വരും ചിലപ്പോൾ കൊന്നു തിന്നേണ്ടി വരും. അത് പ്രകൃതി നിയമം ആണ്. സ്വന്തം ജീവൻ  നില നിർത്തുന്നതാണ് ഒരു ജീവിയുടെ പ്രാഥമിക ധർമ്മം. അതു  കൊണ്ട് നീ ഒട്ടും വിഷമിക്കണ്ടാ മനുഷ്യ രക്തം കുടിച്ചു നിൻറെ ധർമ്മം  നിറവേറ്റുക.

ഇതാ രാമകൃഷ്ണന്റെ ഷുഗറില്ലാത്ത O+ രക്തം ഇഷ്ടം പോലെ  കുടിച്ചോളൂ. നിനക്ക് നല്ലത് വരട്ടെ."
    ( ശ്രദ്ധിക്കു.. ദാനം ചെയ്യുമ്പോഴും സ്വന്തം തടി കേടാകാതെ സൂക്ഷിക്കുക)
  Venugopal Kalanjoor


No comments:

Post a Comment