Monday, September 28, 2015

ഒഴിഞ്ഞ കൂട് ( ചെറു കഥ )അതിരാവിലെ തുടങ്ങിയ മഴയാ .. ഇതുവരെ പെയ്ത് ഒഴിഞ്ഞിട്ടില്ല. നേര്‍ത്ത്‌ പെയ്തു തുടങ്ങി ഇപ്പൊ രൌദ്ര ഭാവത്തിലാണ് പെയ്യുന്നത് .. സമയം എഴുമണി ആയിരിക്കുന്നു ...
രജനി കിടക്കയില്‍ നിന്നും എഴുന്നേറ്റു .. തൊട്ടപ്പുറത്ത്
കിടക്കുന്ന ഭര്‍ത്താവിനെ നോക്കി .. അദ്ദേഹം മൂടിപുതച്ചു കിടക്കുകയാണ് ...
അവള്‍ അടുക്കളയില്‍ ചെന്ന് എന്നത്തെയും പോലെ ജനവാതില്‍ തുറന്നു .. അതാണ്‌ ആദ്യം ചെയ്യുക.. ജനവാതിലില്‍ കൂടി ഈറന്‍ പുരണ്ട ഒരു കാറ്റ് അവളുടെ മുഖത്തേക്ക് അടിച്ചു.. ജനവാതിലില്‍ കൂടി നോക്കിയാല്‍ തൊടിക്കു അപ്പുറം വിശാലമായ വെള്ള കെട്ടു ആണ് ..
മൂടികെട്ടി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ ആ വെള്ളകെട്ടും അതിന്‍റെ പരിസരവും കാണാന്‍ തന്നെ നല്ല ഭംഗി .. അവള്‍ കുറച്ചു നേരം അത് തന്നെ നോക്കി നിന്നു ..
ഞായറാഴ്ച യാണ് . ഭര്‍ത്താവിനു ഓഫീസ് ഇല്ല .എല്ലാം വളരെ പതുക്കെ പതുക്കെ ചെയ്തു തുടങ്ങുന്ന ദിവസം . അല്ലാത്ത ദിവസങ്ങളില്‍ അഞ്ചു മണിക്കേ എണീറ്റ്‌ അടുക്കളയില്‍ കേറണം ... ഏഴു മണി ആവുമ്പോഴേക്കും അദ്ദേഹത്തിനു പോകണം ...
രജനി അടുക്കളയുടെ വാതില്‍ തുറന്നു പുറത്തേക്ക് ഇറങ്ങി..
"രജനി അമ്മേ .. രജനി അമ്മേ .." . മിച്ചുവിനു വിശക്കുന്നു ...
മിച്ചു ..ഒരു പനം തത്തയാണ് .. വിറകുപുരയില്‍ ഒരു കൂട്ടിലാണ് അവന്‍. മുന്പ് തൊടിയിലെ ഒരു തലപോയ തെങ്ങ് വെട്ടിയപ്പോള്‍ ആ തെങ്ങിലെ പൊത്തില്‍ നിന്നും കിട്ടിയതാ.. അന്ന് അവന്‍ വളരെ ചെറുതാ യിരുന്നു .. അവനെ വളര്‍ത്താം എന്ന് പറഞ്ഞപ്പോ ഭര്‍ത്താവ് ആദ്യം സമ്മതിച്ചില്ല ... അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആണ് അയാള്‍ സമ്മതിച്ചതും ടൌണില്‍ നിന്നും ഒരു കൂട് മേടിച്ചു കൊണ്ടുവന്ന തും. അവള്‍ അവനെ മിച്ചു എന്ന് വിളിക്കാന്‍ തുടങ്ങി ..ഇപ്പൊ അവന്‍ വലുതായി.. സംസാരിക്കാന്‍ തുടങ്ങി ...
രജനി അടുക്കളയിലേക്കു തന്നെ തിരിച്ചു കയറി.. അവിടെ പച്ചക്കറി കൊട്ടയില്‍ നിന്നും ഒരു ചെറു പഴം എടുത്തു . മിച്ചുവിന്‍റെ കൂട് തുറന്നു അതിലുള്ള ചെറു കിണ്ണ ത്തില്‍ ചെറിയ കഷണങ്ങള്‍ ആക്കി ഇട്ടു കൊടുത്തു ... പിന്നെ ബ്രഷ് എടുത്തു മിച്ചു പഴം തിന്നുന്നതും നോക്കി പല്ല് തേപ്പു തുടങ്ങി ...
അത് കഴിഞ്ഞു അടുക്കളയില്‍ വന്നു സററവ്വ് കത്തിച്ചു ചായക്ക് വെള്ളം വെച്ചു ...ബെഡ് റൂമില്‍ ചെന്ന് നോക്കി .. അദ്ദേഹം ഉറക്കത്തില്‍ തന്നെ ആണ്. അവള്‍ അയാളെ വിളിക്കാന്‍ പോയില്ല .. തിരിച്ചു അടുക്കളയില്‍ വന്നു ജനവാതിലിലൂടെ പുറത്തെ മഴനോക്കി കൊണ്ടിരുന്നു .. പുറത്തെ മൂടികെട്ടിയ അന്തരീക്ഷവും മഴയും എല്ലാം നോക്കി കൊണ്ടിരുന്നപ്പോള്‍ അവളുടെ മനസ്സിലും ദു : ഖ ത്തിന്‍റെ മഴ ക്കാര്‍ ഉരുണ്ടു കൂടാന്‍ തുടങ്ങി...
- എന്താ വിശേഷം ഒന്നും ആയില്ലേ....
-- കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ നാലഞ്ചു കൊല്ലം ആയില്ലേ...
-- നല്ല ഒരു ഡോക്ടറെ കണ്ടുകൂടെ ....
--- ആര്‍ക്കാ കുഴപ്പം ....
ഒരുപാട് ചോദ്യങ്ങള്‍ ..കാണുന്നവര്‍ ഒക്കെ ചോദ്യങ്ങള്‍ എപ്പോഴും ആവര്ത്തിക്കുന്നതുകൊണ്ട് പുറത്തേക്ക് തന്നെ പോവാറില്ല...
കല്ല്യാണം കഴിഞു രണ്ടു വര്ഷം ആയിട്ടും വിശേഷം ഒന്നും ആയില്ല . അപ്പോഴാണ് നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ അതിലും പ്രശസ്ത ആയ ഗൈ ന ക്കൊളജിസ്ററി നെ കാണാന്‍ പോയത്. ഊഴം കാത്തു ഇരിക്കുമ്പോള്‍ മുറിക്കു പുറത്തുള്ള ചുമരില്‍ ഒരു പൂ പോലെ വിരിയുന്ന പാല്‍ പുഞ്ചിരിയോടെ ഉള്ള ഒരു കുഞ്ഞിന്‍റെ കോമള ചിത്രം . അതില്‍ നിന്നും കണ്ണെടുക്കാന്‍ തന്നെ തോന്നിയില്ല ... ആ കുഞ്ഞിനെ പോലെ ഒരു കുഞ്ഞിനെ വാരി എടുത്തു നെഞ്ചോടു ചേര്‍ക്കാന്‍ അവളുടെ മാറിടം ത്രസിച്ചു ...
പരിശോധനകള്‍ക്കും ഒരു പാട് ടെസ്റ്റുകള്‍ക്കും ശേഷം തനിക്ക്‌ ഒരമ്മ ആവാന്‍ കഴിയില്ല എന്ന് അറിഞ്ഞപ്പോള്‍ .......
ഇപ്പോള്‍ ആ തിരിച്ചറിവ് ഉള്കൊണ്ടിരിക്കുന്നു.
അതിനു ശേഷം അദ്ദേഹം ...
അതാണ്‌ അവള്‍ക്കു ഏറെ സഹിക്കാന്‍ കഴിയാത്തത് ... എപ്പോഴും തമാശയും കളിയും ചിരിയും ഒക്കെ ഉണ്ടായിരുന്ന വീട്ടില്‍ ഇപ്പോള്‍ ശ്മശാന മൂകത .... രണ്ടു റോബോട്ടുകള്‍ പോലെ രണ്ടു മനുഷ്യര്‍ .. ആകെ ഇടക്കിടക്കുള്ള മിച്ചു വിന്‍റെ ചിലക്കലും സംസാരങ്ങളും മാത്രം ...
വെള്ളം തിളക്കാന്‍ തുടങ്ങിയിരിക്കുന്നു. ചായ്പൊടി ഇട്ടു ഒന്ന് കൂടി തിളച്ചതിനു ശേഷം അവള്‍ സററവ്വ് ഓഫ്‌ ചെയ്തു ..
ശിര്‍..ര്‍ .. ര്‍ .. എന്ന ഒരു ശബ്ദം .. ജനലില്‍ കൂടി നോക്കിയപ്പോള്‍ രണ്ടു പച്ച ചിറകുകള്‍ ... അവള്‍ ഓടി അടുക്കള വാതിലിലൂടെ പുറത്തേക്കു ചെന്നപ്പോള്‍ മിച്ചു കൂട്ടിനു വെളിയില്‍ കൂട്ടി ഇട്ടിരിക്കുന്ന വിറകിനു മുകളില്‍ ഇരിക്കുന്നു. കൂട് തുറന്നു കിടക്കുന്നു.. പഴം കൊടുത്തു അവള്‍ കൂട് അടക്കാന്‍ മറന്നു പോയതായിരുന്നു ..
അവള്‍ മിച്ചു വിന്റെ അടുത്തേക്ക് ചെന്ന് .. മിച്ചു .. ന്നു വിളിച്ചു..
മിച്ചു .. ഒന്ന് അവളെ നോക്കി .. എന്നിട്ട് ചിറക്‌ വിടര്‍ത്തി മഴയിലേക്ക് .. പിന്നെ ദൂരെ ..ദൂരേക്ക് ...ഒരു പൊട്ടുപോലെ ...
രജനിയുടെ അടിവയര്‍ ഒന്ന് കിടുങ്ങി ... കാലുകള്‍ തളരുന്നത് പോലെ തോന്നി .. തല പെരുക്കുന്നതുപോലെയും .. അവള്‍ പതുക്കെ പതുക്കെ കുഴഞ്ഞു മഴത്തുള്ളികള്‍ കൊണ്ട് നനഞ്ഞ തറയിലേക്ക് ......
പുറത്ത് അപ്പോഴും മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരുന്നു ...

1 comment: