Saturday, October 31, 2015

ഈച്ച ( ചെറുകഥ )

മഴയുടെ ഈര്‍പ്പം തങ്ങി നില്‍കുന്ന പ്രഭാതത്തില്‍ ഷഫീക് നടക്കാന്‍ ഇറങ്ങി . . ചെറിയ കുളിരില്‍ ഇടയ്ക്കു മഴ വെള്ളം കെട്ടി നില്‍കുന്ന റോഡിലൂടെ ഉള്ള ആ പ്രഭാത സവാരി ഒരു ഉന്മേഷം തന്നെ ആണ് .. പാടത്തിനു നടുവിലൂടെ ഒന്നരകിലോമീറ്റര്‍ നീളമുള്ള ആ റോഡ്‌ ഉണ്ടായിട്ടു അധികം കാലം ആയിട്ടില്ല ... മുന്പ് അമ്പലത്തിന്‍റെ സൈഡിലൂടെ പാട ത്തിന്‍റെ അരികിലൂടെ ഉള്ള നടവരമ്പി ലൂടെ ആയിരുന്നു നടത്തം  ...

ഷഫീക് ഗള്‍ഫില്‍ ആയിരുന്നു .. ഇപ്പോള്‍ അവധിക്ക് വന്നതാണ് ...ഗള്‍ഫില്‍ പോകുന്നതിനു മുന്നേഎന്നും  രാവിലെ നടക്കാന്‍ പോകുന്നത് ഒരു ശീലം ആയിരുന്നു ... ഗള്‍ഫിലും അവസരം കിട്ടുമ്പോള്‍ ഒക്കെ നടക്കാന്‍ പോവാറുണ്ട് ...

ഷഫീക് നടന്നു നടന്നു റോഡിന്‍റെ അറ്റത്തു എത്തി .. റോഡു ചെന്ന് മുട്ടുന്നത് മെയിന്‍ റോ ഡിലേക്ക് ആണ് അവിടെ ഒരു കവല ഉണ്ട് . ആ കവലയില്‍ നിന്നും അമ്പലത്തി ലേക്ക് ഒരു നടപ്പാത ഉണ്ട് . അമ്പലം വളരെ പ്രസിദ്ധമാണ് .. അമ്പലത്തിലേക്കുള്ള നടപ്പാത തുടങ്ങുന്നിടത്താണ് ഗോപാലന്നായരുടെ ചായകട . കവലയില്‍ അതിരാവിലെ ആദ്യം തുറക്കുന്ന പീടിക നായരുടെതാണ് ..രാവിലെ അമ്പലത്തിലേക്ക് വരുന്നവരും, പാടത്ത് വെള്ളം തിരിക്കാന്‍ വരുന്നവരും ഒക്കെ തരക്കേടില്ലാത്ത കച്ചവടം നടക്കുന്ന പീടികയാണ്‌  . ഷഫീക് ചായ പീടികയിലേക്ക്‌ ചെന്ന് ബെഞ്ചില്‍ ഇരുന്നു .. പീടികയില്‍ അപ്പൊ ആരും ഇല്ല

നായരെ ഒരു ചായ ....

നായര്‍ ദോശ കല്ലില്‍ ദോശ ചുടുകയാണ് ... ദോശ കല്ലില്‍ മൊരിയുമ്പോള്‍ ഉണ്ടാകുന്ന കൊതിപ്പിക്കുന്ന ഒരു മണം ഉണ്ട്.

ആരാത് .. ഷഫീ ക്കോ .. ജ്ജ് എപ്പളെ വന്നതു ? .. എന്ന് ചോദിച്ചുകൊണ്ട് നായര്‍ ചായ ഗ്ലാസ് കഴുകാന്‍ തുടങ്ങി..

ഞാന് ഇന്നലെ ....

അല്ല അനക്ക് ചായക്ക് പഞ്ചസാര എങ്ങിനെയാ ...

സാധാരണ മധുരം .. പടച്ചോന്‍ സഹായിച്ചിട്ടു ഇപ്പൊ ഒരു കുഴപ്പവും ഇല്ല നായരെ ...

അല്ല ഇപ്പൊ മിക്ക ആള്‍ക്കാര്‍ക്കും ഷുഗറ .. അതും പറഞ്ഞു കൊണ്ട് നായര്‍ ചായ ഉണ്ടാക്കാന്‍ തുടങ്ങി....

ചായ ഉണ്ടാക്കി ഷഫീക്കി ന്‍റെ മുന്നില്‍ വെച്ച് നായര്‍ വീണ്ടും ദോശ കല്ലിലേക്ക് തിരിഞ്ഞു .. ഷഫീക്ക് ചായ ഒരു കവിള്‍ കുടിച്ചു ..എന്നിട്ട് മനസ്സില്‍ ഓര്‍ത്തു.. എന്താ രുചി .. നാടന്‍ ചായയുടെ രുചി അത് ഒന്ന് വേറെ തന്നെയാണ് .. അങ്ങിനെ ആസ്വദിച്ചു ചായ കുടിച്ചും കൊണ്ടിരിക്കുമ്പോള്‍ ആണ് നായരെ .. എന്ന ഒരു അലര്‍ച്ചയോടെ ഒരാള്‍ ഓടി പീടികയിലേക്ക്‌ വന്നത് ..

വന്ന ആളെ ഷഫീക്കിന് പരിചയം ഇല്ല. .. അതെങ്ങനെയാ .. പത്തിരുപതു കൊല്ലായി പ്രവാസി ആയിട്ട് .. പുതിയ തലമുറയിലെ ഒരാളെയും പെട്ടന്ന് തിരിച്ചറിയില്ല ..

എന്താ .. എന്താ .. നായര്‍ വളരെ ഉധ്വോഗത്തോടെ ചോദിച്ചു ..

വന്ന ആള് ആകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. ഒരു തോര്‍ത്ത് മുണ്ടാണ് വേഷം .. കയ്യില്‍ ഒരു ലുങ്കി ചുരുട്ടി കൂട്ടി പിടിച്ചിരിക്കുന്നു . ഷഫീക് ആലോചിച്ചു .. പുറത്ത് മഴ പെയ്യുന്നില്ലല്ലോ . പിന്നെ എങ്ങനെ ഇയാള്‍ ആകെ നനഞു ...

അതെ.. അവിടെ അമ്പലകുളത്തില്‍ ഒരാള്‍ .. ഒരാള്‍ ..അയാള്‍ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ...

ആരാ .. ഷഫീക്കും നായരും ഒരുമിച്ചാണ് ചോദിച്ചത് ..
അറിയില്ല.. കമിഴ്ന്നാണ് കിടക്കുന്നത് .. ഞാന്‍ കുളത്തില്‍ ഒന്ന് മുങ്ങി നിവര്‍ന്നപ്പോള്‍ എന്‍റെ നേരെ മുന്‍പില്‍ ...

അയാള്‍ നിന്ന് വിറക്കാന്‍ തുടങ്ങി ...

എന്‍റെ ഭഗവാനെ  .. ചതിച്ചോ എന്ന ഒരു നിലവിളിയോടെ നായര്‍ അമ്പലത്തിലേക്ക് ഓടി .. പിറകെ ഷഫീക്കും ഒപ്പം അയാളും .. അമ്പല നടക്കു മുന്നിലെ ചെറിയ  മുറ്റത്ത് എത്തിയപ്പോള്‍ ആണ് ഷഫീക്കിന് പെട്ടന്ന് ഓര്‍മ വന്നത്.. തനിക്ക് അതുവരെ മാത്രമേ  പ്രവേശനം ഉള്ളൂ .. ഷഫീക് അവിടെ നിന്നു .. നായരും കൂടെ വന്ന ആളും അമ്പലത്തിലേക്ക് കയറിപോയി..
എന്ത് ചെയ്യണം എന്നറിയാതെ ഷഫീക്ക് അവിടെ തന്നെ നിന്നു ..

ആരാദ് .. എന്ന ഒരു വിളി കേട്ടപ്പോ ഷഫീക് തിരിഞ്ഞു നോക്കി .. പരിചയം ഇല്ലാത്ത രണ്ടു പേര് ..
എന്താ പറയേണ്ടത് എന്നറിയാതെ ഷഫീക് ഒന്ന് പരുങ്ങി ..
ഇത് ഞാനാ .. ഷഫീക് ... കിതപ്പോടെ ഷഫീക് പറഞ്ഞു

ഷഫീക് എന്ന പേര് കേട്ടപ്പോള്‍ വന്നവര്‍ ഒന്ന് ഞെട്ടിയോ എന്ന് തോന്നി .. എന്തോ ഒരു അത്ഭുത വസ്തുവിനെ കണ്ടത് പോലെ .. അവര്‍ പരസ്പരം നോക്കി ...

ഏതു ഷഫീക് ? തനിക്കെന്താ ഈ സമയത്ത് ഇവിടെ കാര്യം ...

പെട്ടന്നാണ് ഷഫീക്കിന് കാര്യം പിടികിട്ടിയത് .. അസമയത് ഒരു മുസ്ലിം അമ്പലമുറ്റത്ത്‌ .. വ്യാഖ്യാനങ്ങള്‍ പലതും ഉണ്ടാവാം. പഴയ നാട് അല്ല .. ഒരു പാടു മാറിയിരിക്കുന്നു .. മറ്റെല്ലാ മേഖലയിലും നാട്ടില്‍ പുരോഗതി വന്നിരിക്കുന്നു.. എന്നാല്‍ മനുഷ്യന്റെ ചിന്തകള്‍ക്ക്   മാത്രം  ...

അത് .. അവിടെ അമ്പലകുളത്തില്‍ ആരോ മുങ്ങി .. ആ വാചകം  പൂര്‍ത്തിയാക്കും മുന്നേ നായരും മറ്റേ ആളും കൂടി ഓടി ഇറങ്ങി വന്നു ...

ആരാ അവിടെ .. ഒന്ന് ഓടി വരിക... നായര്‍ തിരിച്ചു വീണ്ടും അമ്പലത്തിലേക്ക് ഓടി പോയി ..

ഷഫീക്കി ന്‍റെ അടുത്ത് നിന്നിരുന്ന രണ്ടു പേരും ഒരു തീഷ്ണമായ നോട്ടം ഷഫീക്കിനെ നോക്കിയിട്ട് നായരുടെ പിന്നാലെ അമ്പലത്തിലേക്ക് ഓടി ...

ഷഫീക് ആകെ അസ്വസ്ഥനായി .. ആരായിരിക്കും .. എന്താണ് സംഭവിച്ചിട്ടുണ്ടാവുക ... അകത്തുപോയ ആരെങ്കിലും ഒന്ന് പുറത്തേക്കു വന്നെങ്കില്‍ ചോദിക്കാ മായിരുന്നു ... കുറച്ചു നേരം കൂടി ഷഫീക് അവിടെ നിന്നു.. പിന്നെ നടന്നു

ഷഫീക്ക് നടപ്പാതയിലൂടെ ചായപീടികയിലേക്ക് തന്നെ ചെന്നു.. അപ്പോള്‍ അവിടെ രണ്ടു മൂന്നു ആളുകള്‍ നില്കുന്നു .. എല്ലാവരും നായരെ അന്വേഷിക്കുകയാണ് .. ചായപീടികയും തുറന്നു വെച്ച് ഇയാള്‍ ഇത് എങ്ങോട്ട് പോയി  എന്നാ എല്ലാവരും  അന്വേഷിക്കുന്നത് ..

ഷഫീക്ക് അവരോടു കാര്യങ്ങള്‍ പറഞ്ഞു .. അവരെല്ലാവരും കൂടി അമ്പലത്തിലേക്ക് ഓടി..

ഇനി എന്താ ചെയ്യേണ്ടത് എന്നറിയാതെ തുറന്നു വെച്ച ആ ചായപീടികയിലെ ഒരു കാവല്‍കാരനെ പോലെ അവിടെ ബെഞ്ചില്‍ കുത്തി ഇരുന്നു .. ആകെ വല്ലാത്ത ഒരു പരവശം .. കുറച്ചു വെള്ളം കിട്ടിയാല്‍ നന്നായി എന്ന് ഷഫീക്കിന് തോന്നി ..അപ്പോള്‍ ഷഫീക് കണ്ടു .. കുറച്ചു മുന്‍പ്‌ തന്‍ പകുതി കുടിച്ചു വെച്ചിരിക്കുന്ന ചായഗ്ലാസ് ..
ആ ഗ്ലാസിലെ ചായ കുടിക്കാന്‍ വേണ്ടി കയ്യിലെടുത്തപ്പോള്‍ അതില്‍ ഒരു ഈച്ച കൈകാലിട്ടടിക്കുന്നു .. പിന്നെ പിന്നെ അത് നിശ്ചലമായി . ആ കുളിരുള്ള പ്രഭാതത്തിലും ആകെ വിയര്‍ത്തു ഷഫീക് ആ ചായ ഗ്ലാസ്സിലേക്ക്‌ തന്നെ തുറിച്ചു നോക്കി ഇരുന്നു ...

No comments:

Post a Comment