Wednesday, August 5, 2015

സുഖനിദ്ര / കഥ 

അന്നെനിക്ക് ആറുവയസ്സായിരുന്നു. അപ്പൂപ്പനെ എനിക്ക് ഭയമായിരുന്നു,
ഒരാജാനബാഹു,മൊട്ടത്തല. നോട്ടം കണ്ടാല്‍ തോന്നും ഞാന്‍ എന്തോ
തെറ്റ് ചെയ്യുകയാണെന്ന്.എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരാളായിരുന്നു
അപ്പൂപ്പന്‍ .'തെക്കതില്‍'എന്ന കുടുംബ വീടിന്‍റെ ചുറ്റിലുംചിതറിക്കിടക്കുകയാണ് മക്കളുടെ വീടുകള്‍
രാത്രി എപ്പോഴോ അമ്മ എന്നെയും കൊണ്ട് തെക്കതില്‍ എത്തി,ഉറക്കം
നഷ്ടപ്പെട്ടതിന്‍റെ ദേഷ്യമുണ്ടെങ്കിലും മനസ്സില്‍ ഒരാശ്വാസം വന്നു നിറഞ്ഞു.
കളിയും ബഹളവുമായ്‌ അച്ഛന്‍റെ സഹോദരീസഹോദരന്മാരുടെ മക്കള്‍.
പെട്രോമാക്സ്സിന്‍റെ പ്രകാശം പരന്നുകിടക്കുന്ന,വഴിയും പറമ്പും.
അവിടവിടെയായി കൂടിനില്‍ക്കുന്ന ആളുകള്‍.ഒരു ഉത്സവത്തിന്‍റെ പ്രതീതി.
അമ്മയുടെ കൈ വിടുവിച്ച് ഞാന്‍ കുട്ടികളുടെ ഇടയിലേയ്ക്ക് ഓടി.
ആളുകള്‍ വെപ്രാളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു. എവിടേയോ
ഒരു മരം മുറിഞ്ഞു വീഴുന്ന ശബ്ദം. ഒന്ന് രണ്ട് മൂന്ന്‍ ....ഞാന്‍ ഒളിച്ചിരിക്കുകയാണ്.കളിച്ച് തളര്‍ന്ന ഞങ്ങള്‍ വരാന്തയില്‍
കയറിയിരുന്നു. അവിടെ ആരോ മൂടിപ്പുതച്ചു കിടക്കുന്നു.ഞാന്‍
ചുറ്റിലും നോക്കി,എല്ലാവരും എന്തൊക്കയോ ജോലികള്‍ ചെയ്യുന്നു.
അമ്മയും അപ്പച്ചിയും കുഞ്ഞമ്മയും കുറച്ചു സ്ത്രീകളും ദീര്‍ഘവൃത്താകൃതിയില്‍ഇരിക്കുന്നു, ആരാ ഇവിടെ കിടന്ന്
സുഖമായിട്ട് ഉറങ്ങുന്നെ!?. ഞാന്‍ പതിയെ മൂടിയിരുന്ന മുണ്ട്
അല്പം മാറ്റിനോക്കി.ഞെട്ടിപ്പോയി അപ്പൂപ്പന്‍റെ മൊട്ടത്തല,ഉണര്‍ന്നാല്‍
എനിക്ക് തല്ലുകിട്ടും.ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു അപ്പോഴാണ് ഞാന്‍ശ്രദ്ധിച്ചത് അമ്മയും മറ്റും കരഞ്ഞു തളര്‍ന്നിരിക്കുന്നത്.
ഞാന്‍മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ മുറിച്ച മാവിന്‍റെ ശിഖരങ്ങളുമായി
ആളുകള്‍ എതിരെ വരുന്നുണ്ടായിരുന്നു.
-ദീപു ആറ്റിങ്ങല്‍

No comments:

Post a Comment